

പ്രായമാകുന്തോറും തലച്ചോറിന്റെ ആരോഗ്യം മോശമാവുകയും ഓർമക്കുറവ് സാധാരണമാവുകയും ചെയ്യും. എന്നാൽ ആരോഗ്യകരമായ വാർദ്ധക്യം പ്രാപിക്കുന്നതിനും പ്രായമാകുമ്പോഴുള്ള ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്ന ഒരു മികച്ച ഭക്ഷണം നിര്‍ദേശിക്കുകയാണ് ഗവേഷകർ.
ദിവസവും ബ്രേക്ക്ഫാസ്റ്റിൽ ഒരു മുട്ട ഉൾപ്പെടുത്തുന്നത് കാലക്രമേണ സംഭവിക്കാവുന്ന ഈ വൈജ്ഞാനിക തകര്‍ച്ചയെ മറികടക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ് പ്രകാരം, അൽഷിമേഴ്‌സ് ആണ് ഏറ്റവും സാധാരണമായ ഡിമെൻഷ്യ രൂപം, ഇത് ഒരു വ്യക്തിയുടെ ഓർമശക്തിയെയും ചിന്താശേഷിയെയും സാവധാനം നശിപ്പിക്കുന്ന ഒരു മസ്തിഷ്ക വൈകല്യമാണ്. വൈജ്ഞാനിക പ്രവർത്തനത്തിന്റെ നഷ്ടം- ചിന്തിക്കൽ, ഓർമിക്കൽ, തീരുമാനം എടുക്കൽ എന്നിവയിൽ ബുദ്ധിമുട്ട് നേരിടുന്നു. ചില ആളുകൾക്ക് രണ്ടിൽ കൂടുതൽ തരം ഡിമെൻഷ്യ ഉണ്ടാകുന്നത് സാധാരണമാണ്. ഉദാഹരണത്തിന്, ചില ആളുകൾക്ക് അൽഷിമേഴ്‌സും വാസ്കുലർ ഡിമെൻഷ്യയും ഉണ്ട്.
മുട്ടയിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണെന്ന് പഠനത്തിൽ പറയുന്നു. തലച്ചോറിനെയും ശരീരത്തെയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു ലളിതമായ പോഷകമാണിത്. ശരീരം സ്വന്തമായി ചെറിയ അളവിൽ കോളിൻ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തിൽ എത്തേണ്ടതെന്ന് ഗവേഷകർ പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം, കോളിൻ വീക്കം കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും നിയന്ത്രിക്കുകയും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് രാസവിനിമയത്തെ പോലും സഹായിക്കുകയും ചെയ്യുന്നു.
ഏഴ് വർഷം നീണ്ടു നിന്ന പഠനത്തിൽ 1,024 പേരാണ് ഭാഗമായത്. സാധുതയുള്ള ഒരു ഭക്ഷണ ആവൃത്തി ചോദ്യാവലി ഉപയോഗിച്ച് അവരുടെ ഭക്ഷണരീതികൾ വിലയിരുത്തി, വൈജ്ഞാനിക ഫലങ്ങൾ വർഷം തോറും നിരീക്ഷിച്ചു. ഇതിൽ 280 പേർക്ക് ഏഴ് വർഷത്തിനിപ്പുറം അൽഷിമേഴസ് ഡിമെൻഷ്യ വികസിച്ചതായി കണ്ടെത്തി.
മാത്രമല്ല, മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും മുട്ട കഴിക്കുന്നവരിൽ അൽഷിമേഴ്സ് സാധ്യത 50 ശതമാനമായി കുറഞ്ഞതായും ഗവേഷകർ വ്യക്തമാക്കി. മുട്ട പതിവായി കഴിക്കുന്നത് അൽഷിമേഴ്‌സ് ഡിമെൻഷ്യയ്ക്കും എഡി പാത്തോളജിക്കും സാധ്യത കുറയ്ക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. മുട്ടയില്‍ മാത്രമല്ല, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മീനുകളിലും ചിക്കന്‍, പാല്‍ ഉല്‍പ്പന്നങ്ങളിലും കോളിന്‍ അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates