

ന്യൂഡല്‍ഹി: മുട്ട കഴിച്ചാല്‍ കാന്‍സര്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്താന്‍ ഇടയാക്കുന്നതാണെന്നും അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും എഫ്എസ്എസ്എഐ പ്രസ്താവനയില്‍ അറിയിച്ചു.
എഗ്ഗോസ് ന്യൂട്രീഷന്‍ എന്ന ബ്രാന്‍ഡ് വില്‍ക്കുന്ന മുട്ടകളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ആന്റിബയോട്ടിക് ആയ നൈട്രോഫുരാന്റെ അംശം ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദം. ഇത് അടിസ്ഥാന രഹിതമാണെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നത്. 2011 ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫ്യൂറാനുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്എസ്എഐ പറയുന്നു.
നൈട്രോഫ്യൂറാന്‍ മെറ്റബോളൈറ്റുകളുമായുള്ള ട്രേസ്-ലെവല്‍ ഭക്ഷണങ്ങള്‍ മനുഷ്യരില്‍ കാന്‍സറോ മറ്റ് പ്രതികൂല ആരോഗ്യ ഫലങ്ങളോ തമ്മില്‍ ബന്ധമില്ല. സാധാരണ മുട്ട ഉപഭോഗം കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെടുത്തി ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ തലത്തില്‍ നടത്തിയ പഠനങ്ങളില്‍ ഒന്നിലും പരാമര്‍ശമില്ല.
ഏതെങ്കിലും പ്രത്യേക ബ്രാന്‍ഡിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒറ്റപ്പെട്ടവയാണ്. മലിനീകരണം, കോഴിത്തീറ്റയിലെ ഘടകങ്ങള്‍ എന്നിവ ചിലപ്പോള്‍ രാസ സാന്നിധ്യത്തിന് കാരണമായേത്തും. ഇത്തരം സാഹചര്യങ്ങള്‍ മുട്ട വിതരണ ശൃംഖലയെ ബാധിക്കുന്നതല്ല. ഒറ്റപ്പെട്ട ലബോറട്ടറി കണ്ടെത്തലുകള്‍ ഉദ്ധരിച്ച് ഭക്ഷ്യ ഉത്പന്നങ്ങളെ വ്യാപകമായി സുരക്ഷിതമല്ലെന്ന് മുദ്രകുത്തുന്നത് ശാസ്ത്രീയമായി തെറ്റാണെന്നും എഫ്എസ്എസ്എഐ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates