

പല്ലുകളെ ആവരണം ചെയ്തിട്ടുള്ള ഇനാമൽ ഒരിക്കൽ നഷ്ടപ്പെട്ടു കഴിഞ്ഞാൽ അത് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇപ്പോഴിതാ, ഇനാമലിന്റെ കേടുപാടുകൾ പരിഹരിക്കാൻ കഴിയുന്ന ഗ്ലിസറോൾ-സ്റ്റബിലൈസ്ഡ് കാൽസ്യം ഫോസ്ഫേറ്റ് ജെൽ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.
പല്ലുകൾക്ക് പുറമെയുള്ള ആവരണമാണ് ഇനാമൽ, ഇവയാണ് പല്ലുകളെ തേയ്മാനത്തിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷണം നൽകുന്നത്. പല്ലിന്റെ ഉള്ളിലെ പൾപ്പിലെ ടിഷ്യുകളെ സംരക്ഷിക്കുന്ന ഒരു കവചമായും ഇനാമൽ പ്രവർത്തിക്കുന്നു. ഇനാമലിന്റെ ആരോഗ്യം വളരെ പ്രധാനമാണ്.
നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച ഈ പഠനം ദന്തചികിത്സാരംഗത്ത് വലിയ മുന്നേറ്റമായി വിദഗ്ധർ കാണക്കാക്കുന്നു. ഭാവിയിൽ കാവിറ്റികൾ അടയ്ക്കുന്നതിനുപകരം, സ്വാഭാവിക ഇനാമൽ പുനരുജ്ജീവിപ്പിക്കുന്നതിലേക്കാണ് ദന്തക്ഷയ ചികിത്സാരീതി മാറാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്. ബയോമിമിക്രിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്ലിസറോൾ-സ്റ്റബിലൈസ്ഡ് കാൽസ്യം ഫോസ്ഫേറ്റ് ജെൽ.
അതായത്, ഇനാമൽ രൂപപ്പെടുന്ന സ്വാഭാവിക പ്രക്രിയയെ ഇത് അനുകരിക്കുന്നു. സാധാരണയായി പല്ലുകൾ രൂപപ്പെടുമ്പോൾ അമെലോബ്ലാസ്റ്റുകൾ എന്ന കോശങ്ങൾ കാൽസ്യവും ഫോസ്ഫേറ്റും ചേർന്ന് ഇനാമൽ ക്രിസ്റ്റലുകൾ രൂപപ്പെടാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്നു. പല്ലുകൾ പുറത്തുവരുന്നതോടെ, ഈ കോശങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു.
ഗ്ലിസറോൾ ഉപയോഗിച്ച് സ്ഥിരപ്പെടുത്തിയ കാൽസ്യം ഫോസ്ഫേറ്റ് ജെൽ നിർമിച്ചുകൊണ്ട് ശാസ്ത്രജ്ഞർ ഈ പ്രശ്നം പരിഹരിച്ചുവെന്നാണ് പഠനത്തിൽ പറയുന്നത്. കേടുപാടുകൾ സംഭവിച്ച പല്ലിന്റെ പ്രതലത്തിൽ ഈ ജെൽ പുരട്ടുന്നതോടെ അത് അതിൽ ശക്തമായി പറ്റിപ്പിടിക്കുകയും വേഗത്തിൽ ഒരു സംരക്ഷണ പാളി രൂപപ്പെടുത്തുകയും ചെയ്യുന്നു. പരിശോധനകളിൽ നിന്ന്, ഈ ജെൽ ഇനാമലിന്റെ തേയ്മാനം പരിഹരിക്കുന്നതായി കണ്ടെത്തി. കൂടാതെ, പുതുതായി രൂപപ്പെട്ട പാളിക്ക് സ്വാഭാവിക ഇനാമലിന് സമാനമായ കരുത്തും ആസിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates