

പ്രായം കൂടുന്തോറും ശരീരം പല രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചുതുടങ്ങും, അനാരോഗ്യകരമായ ജീവിതരീതി ഇതിനെ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യും. ലക്ഷണങ്ങള്‍ കണ്ടാലും അതില്‍ പലതും കണ്ടില്ലെന്ന് നടിക്കുന്നവരാണ് ചെറുപ്പക്കാരില്‍ ഏറെയും, അതുകൊണ്ട് പല അസുഖങ്ങളും അവസാന ഘട്ടത്തിലെത്തുമ്പോഴാണ് തിരിച്ചറിയുന്നത് പോലും. പെട്ടെന്നുള്ള ഹൃദയാഘാതവും മസ്തിഷ്‌കാഘാതവുമെല്ലാം ഞെട്ടിക്കുന്ന വാര്‍ത്തകളായി മുന്നിലെത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ശരീരം നല്‍കുന്ന സൂചനകളെ കാര്യമാക്കാത്തത് തന്നെയാണ്. അതുകൊണ്ട് 30 വയസ്സ് പിന്നിടുമ്പോള്‍ തന്നെ കൃത്യമായ ആരോഗ്യപരിശോധനകള്‍ ജീവിതത്തിന്റെ ഭാഗമാക്കണം. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കാന്‍സര്‍ തുടങ്ങിയ പാരമ്പര്യമുള്ളവര്‍.
30 വയസ്സിനും 40നും ഇടയില്‍ ചെയ്യേണ്ട പരിശോധനകള്‍
രക്തസമ്മര്‍ദ്ദം പരിശോധിക്കാം: ഇത് വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ചെയ്യണം. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ സാധ്യത കൂടതലാണെന്നതിനാല്‍ ഈ പരിശോധന മുടക്കരുത്. സാധാരണ നിലയില്‍ ഒരാളുടെ ബിപി 130/84 എംഎം എച്ച്ജിയില്‍ താഴെയായിരിക്കണം.
എച്ച്ബിഎ1സി: ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി, പാരമ്പര്യം തുടങ്ങിയവയിലേതെങ്കിലും നിങ്ങളെ വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ പ്രമേഹ പരിശോധന നടത്തണം. എച്ച്ബിഎ1സി 5.7ല്‍ താഴെയാണെങ്കില്‍ പ്രമേഹരോഗിയല്ല. 5.7നും 6.3നും ഇടയിലാണെങ്കില്‍ പ്രീ ഡയബറ്റിക് ആണെന്നാണ് അര്‍ത്ഥം. 6.4ല്‍ കൂടുതലാണെങ്കില്‍ പ്രമേഹ രോഗിയാണ്.
കരള്‍ പരിശോധന: ഫാറ്റി ലിവറും മറ്റു കരള്‍ സംബന്ധമായ രോഗങ്ങളും കണ്ടെത്താന്‍ ഈ പരിശോധന വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചെയ്യാം.
തൈറോയ്ഡ് പരിശോധന: ശരീരഭാരം കൂടുക, മുടികൊഴിച്ചില്‍, ക്രമരഹിതമായ ആര്‍ത്തവം തുടങ്ങിയവ തൈറോയിഡിന്റെ ലക്ഷണങ്ങളാണ്. ഇത്തരം സൂചനകള്‍ കണ്ടാലുടന്‍ പരിശോധന നടത്തണം.
വിറ്റാമില്‍ ഡി, ബി12: ഇതും വര്‍ഷത്തിലൊരിക്കല്‍ ചെയ്യേണ്ട പരിശോധനയാണ്. ഇവ കുറവാണെന്ന് കണ്ടെത്തിയാല്‍ ഭക്ഷണത്തില്‍ അതനുസരിച്ച് മാറ്റം വരുത്തുകയും സപ്ലിമെന്റുകള്‍ കഴിക്കുകയും ചെയ്യണം.
ലിപിഡ് പ്രൊഫൈല്‍: ഇരുന്ന് മാത്രമുള്ള ജീവിതശൈലി തുടരുന്നവരും കുടുംബത്തില്‍ ഹൃദ്രോഗ പശ്ചാത്തലമുള്ളവരും ഈ പരിശോധന നിര്‍ബന്ധമായും ചെയ്യണം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ 100ല്‍ താഴെയായിരിക്കണം.
അള്‍ട്രാസോണോഗ്രാഫി (യുഎസ്ജി) അടിവയര്‍: ഫാറ്റി ലിവര്‍ അല്ലെങ്കില്‍ പിത്തസഞ്ചി/ വൃക്ക പോളിപ്‌സ് എന്നിവ ഉള്ളവര്‍ ഈ പരിശോധന വര്‍ഷത്തിലൊരിക്കല്‍ ചെയ്യണം.
ബ്രെസ്റ്റ് അള്‍ട്രാസൗണ്ട്: 40 വയസ്സ് വരെ മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ ഈ പരിശോധന നടത്തണം.
പാപ് സ്മിയര്‍ ടെസ്റ്റ്: സെര്‍വിക്കല്‍ കാന്‍സറിന്റെ ആദ്യകാല മാറ്റങ്ങള് കണ്ടുപിടിക്കാന്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഇത് ചെയ്യാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates