

സ്ക്രീൻ ടൈം കൂടിയതോടെ കുട്ടികളിൽ ഉൾപ്പെടെ ഡ്രൈ ഐ എന്ന അവസ്ഥ സാധാരണമായിരിക്കുകയാണ്. വരണ്ട കണ്ണുകൾ, ഇടയ്ക്കിടെയുള്ള തലവേദന, കാഴ്ച മങ്ങൽ തുടങ്ങിയവയാണ് ഡ്രൈ ഐയുടെ ലക്ഷണങ്ങൾ. വർധിച്ച സ്ക്രീൻ ടൈമിന് പുറമെ ദീർഘനേരം കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുക, വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് മരുന്നുകൾ, അലർജിക്കും തുമ്മലിനുമുള്ള ആന്റിഹിസ്റ്റമിൻ മരുന്നുകൾ, കാലാവസ്ഥ മാറ്റം, എസിയുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം ഡ്രൈ ഐക്ക് കാരണമാകാം.
തുടർച്ചയായി സ്ക്രീൻ നോക്കുന്നത് കണ്ണിനും ചുറ്റുമുള്ള പേശികളെയും ബാധിക്കാം. ഇത് കണ്ണ് ചിമ്മുന്നത് കുറയ്ക്കുന്നു. ഇത് കണ്ണുകൾ വരണ്ടതും കണ്ണെരിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇടയ്ക്കിടെ സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് റിലാക്സ് ചെയ്യുന്നത് കണ്ണു വരണ്ടു പോകുന്ന അവസ്ഥ കുറയാൻ സഹായിക്കും.
ഡ്രൈ ഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ പലരും ഡ്രോപ്സ് ഉപയോഗിക്കാറുണ്ട്. ഐ ഡ്രോപ്സ് പല രൂപത്തിൽ ലഭ്യമാണ്. തുള്ളി മരുന്ന് ഓരോ മണിക്കൂറിലും കണ്ണില്‍ ഒഴിക്കാം. പാരഫിൻ അടങ്ങിയ ഓയിന്റ്മെന്റ് രൂപത്തിലുള്ളത് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഉപയോഗിക്കുന്നതാണ് നല്ലത്.
കോൺട്രാക്റ്റ് ലെൻസ് ഉപയോഗിക്കുമ്പോൾ ഓയിന്റ്മെന്റ് പുരട്ടരുത്. ഓയിന്റ്മെന്റ് പുരട്ടുമ്പോൾ കുറച്ചു നേരം കാഴ്ച മങ്ങിയതായി തോന്നാം. എന്നാൽ ഐ ഡ്രോപ്സ് ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങി ഉപയോഗിക്കരുത്. സ്വയം ചികിത്സ അവസ്ഥ വഷളാക്കും.
മരുന്നൊഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകണം.
തുള്ളിമരുന്നിന്റെ കുപ്പിയുടെ അറ്റത്തോ ഓയിന്റ്മെന്റ് ട്യൂബിന്റെ തുമ്പത്തോ തൊടാൻ പാടില്ല. ഈ ഭാഗങ്ങൾ കണ്ണുകളിലും തൊടാൻ പാടില്ല.
ഓരോ പ്രാവശ്യവും ഉപയോഗ ശേഷം കുപ്പിയുടെയും ട്യൂബിന്റെയും അടപ്പ് നന്നായി മുറുക്കി അടയ്ക്കണം.
തല പുറകോട്ട് ചരിച്ചു വച്ചു മുകളിലേക്കു നോക്കിക്കൊണ്ടു കണ്ണിന്റെ കീഴ്പോള താഴേക്കു വലിച്ചു പിടിച്ച് ഒരു കുഴിപോലെയാക്കി വേണം മരുന്ന് ഒഴിക്കാൻ.
തുള്ളിമരുന്ന് കണ്ണിൽ പടരാൻ കണ്ണുകൾ പലതവണ ചിമ്മുന്നതു നല്ലതാണ്. ഒരു വിരൽ കൊണ്ടു മൂക്കിനോടടുത്ത കണ്ണിന്റെ അറ്റം ചെറുതായി അമർത്തി പിടിക്കുന്നതു കണ്ണിൽ നിന്നു മരുന്നു പെട്ടെന്നു മൂക്കിനുള്ളിലേക്ക് ഒഴുകിപോകാതെ തടയും.
പലതരം മരുന്നുകൾ കണ്ണിലൊഴിക്കണമെങ്കിൽ അഞ്ചു മിനിറ്റെങ്കിലും ഇടവേള എടുക്കണം.
കോൺടാക്റ്റ് ലെന്‍സ് ഊരിമാറ്റിയിട്ടു വേണം മരുന്നൊഴിക്കാൻ.
20-20-20 റൂൾ; ഓരോ 20 മിനിറ്റിലും താത്ക്കാലികമായി സ്ക്രീനിൽ നോക്കുന്നത് നിർത്തുന്നത് നല്ലതായിരിക്കും. തുടർന്ന്, 20 അടി അകലെയുള്ള എന്തെങ്കിലും ഒരു സാധനത്തിലേക്ക് 20 സെക്കൻഡ് നേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
നീല വെളിച്ചം തടയുന്നതിന് ഗ്ലാസുകൾ ഉപയോഗിക്കുക. ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനിന് മുന്നില്‍ സമയം ചിലവഴിക്കുന്നത് ഒഴിവാക്കാം. പകരം, വായിക്കുന്നത് ശീലമാക്കുകയോ വിശ്രമിക്കുകയോ ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates