

ലോകത്ത് 2050 ആകുമ്പോഴേക്കും 200 കോടിയിലേറെ ആളുകൾ ഫാറ്റിലിവർ ബാധിതരായിരിക്കുമെന്ന് ലാൻസെറ്റ് ഗ്ലോബലിന്റെ പഠനം. നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്ന അവസ്ഥയാണ് ഇന്ന് വ്യാപകമായി കണ്ടുവരുന്ന കരളിനെ ബാധിക്കുന്ന രോഗമെന്നും പഠനത്തിൽ പറയുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് അഥവാ എംഎഎസ്എൽഡി സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുത്തനെ കൂടിയതായി ഗവേഷകർ പറയുന്നു. അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, ടൈപ് 2 ഡയബറ്റിസ് കേസുകൾ കൂടുന്നത് എന്നിവയാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നും ദി ലാൻസെറ്റ് ഗ്യാസ്ട്രോഎൻട്രോളജി& ഹെപ്പറ്റോളജി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
നിലവിൽ 130 കോടിയോളം പേർ ഈ അവസ്ഥയുമായി ജീവിക്കുന്നുണ്ട്. വരും ദശകങ്ങളിൽ ഈ നിരക്ക് വീണ്ടും കൂടും. 1990 മുതൽ രോഗനിരക്കിൽ 143 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2050 ആകുമ്പോഴേക്കും 200 കോടി ജനങ്ങളെ ബാധിക്കുക മാത്രമല്ല ആഗോളതലത്തിൽ അഞ്ചിലൊരാൾ എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിക്കുമെന്നും പഠനം പറയുന്നു.
ഉയർന്ന കലോറിയുള്ള ആഹാരരീതി, വ്യായാമം ഇല്ലാതിരിക്കൽ തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ. വർഷങ്ങളോളം ലക്ഷണങ്ങൾ നിശബ്ദമായി തുടരുകയും. രോഗലക്ഷണങ്ങൾ പ്രകടമാവുമ്പോഴേക്കും ലിവർ സിറോസിസ്, കാൻസർ തുടങ്ങിയവ സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ട്. ചില ഘട്ടങ്ങളിൽ കടുത്ത ക്ഷീണം, അടിവയറിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും കാണാം. ചികിത്സ വൈകുന്നതോടെ ലിവർ ഫൈബ്രോസിസ്, സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്ക് നയിക്കും.
എന്താണ്ട് ഫാറ്റി ലിവർ
കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്.
വയറുവേദന, വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്.
ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പിൽ മാറ്റം പ്രകടമാകുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates