ചോക്ലേറ്റും പൂക്കളും വേണ്ട, സമ്മാനമായി പഴങ്ങൾ നൽകിയാലോ? സ്ത്രീകളുടെ ആരോ​ഗ്യത്തിന് ബെസ്റ്റ് , ഈ പഴങ്ങൾ 

സ്ത്രീകളുടെ ആരോഗ്യത്തിന് പ്രയോജനകരമായ ചില പഴങ്ങളുടെ ലിസ്റ്റ് ഇതാ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

നിതാദിനത്തില്‍ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ത്രീകളെ ചേര്‍ത്തുനിര്‍ത്തുകയും അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നത് പതിവാണ്. ചോക്ലേറ്റും പൂക്കളും ഒക്കെയായി സമ്മാനങ്ങളും ചിലര്‍ നല്‍കാറുണ്ട്. പക്ഷെ ഇക്കുറി ഒന്ന് മാറ്റിപ്പിടിച്ചാലോ? ഈ സമ്മാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകളുടെ ആരോഗ്യം പരിഗണിക്കുന്നത് ഏറെ ഗുണകരമാകും എന്നുറപ്പ്. 

തൊഴിലിടങ്ങളിലും വീട്ടിലും പുരുഷന്മാരുടെ തോളോടുതോൾ നിന്ന് മുന്നേറുമ്പോഴും സ്ത്രീകൾ ഒരുപാട് ലിംഗപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ക്രമം തെറ്റിയുള്ള ആർത്തവം മൂലമുള്ള പ്രശ്നങ്ങൾ,  ഗർഭകാല സങ്കീർണതകൾ, ​മരുന്ന് കഴിക്കേണ്ടിവരുന്നത് മൂലമുള്ള പ്രശ്നങ്ങൾ, ഹോർമോൺ തെറാപ്പി തുടങ്ങിയ പല കാര്യങ്ങളും അവരുടെ ആരോ​ഗ്യത്തെ ബാധിക്കുന്നത് തന്നെയാണ്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുക അസാധ്യമായി തോന്നുമെങ്കിലും ആരോഗ്യകരമായ ചില ജീവിതശൈലിയും ഭക്ഷണക്രമവും ഒരു പരിധിവരെ ഇത്തരം ഘട്ടങ്ങളിൽ സഹായകരമാകും. 

സ്ത്രീകളുടെ ആരോഗ്യത്തിന് പ്രയോജനകരമായ ചില പഴങ്ങളുടെ ലിസ്റ്റ് ഇതാ. ഇവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി ആരോഗ്യകരമായ നാളെയിലേക്ക് നീങ്ങാനാകും. 

ആപ്പിള്‍

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണകരമായ ഒരു പഴമാണ് ആപ്പിള്‍. സ്ത്രീകളില്‍ ഇത് ശരീരഭാരം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷന്റെ പഠനമനുസരിച്ച് സ്ഥിരമായി ആപ്പിൾ കഴിക്കുന്ന സ്ത്രീകൾക്ക് കൊറോണറി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 22 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

നെല്ലിക്ക 

സ്ത്രീകൾ ഇരുമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്രമീകരിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ഡോക്ടർമാരടക്കം നിർദേശിക്കുന്നത്. ആർത്തവസമയത്ത് രക്തത്തിലെ ഇരുമ്പ് നഷ്ടപ്പെടുന്നതിനാൽ സ്ത്രീകൾക്ക് ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഭക്ഷണം ചെയ്ത് കഴിക്കുമ്പോൾ അവയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ നെല്ലിക്ക പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്. 

മാതളനാരങ്ങ

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് മാതളനാരങ്ങ. ഇതിനുപുറമേ ആര്‍ത്തവവിരാമത്തിന്റെ നാളുകളിൽ ശരീരത്തിൽ പുകച്ചിൽ അനുഭവപ്പെടുന്നതും രാത്രികാലങ്ങളിൽ അസഹ്യമായി വിയർക്കുന്നതുമടക്കമുള്ള പ്രശ്നങ്ങൾ നേരിടാൻ സഹായിക്കും. വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഗർഭധാരണത്തിനും ഗർഭം ധരിക്കാൻ ശ്രമിക്കുന്നവർക്കും ഇത് ഗുണം ചെയ്യും. 

ഓറഞ്ച്, നാരങ്ങ, മുന്തിരി 

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നീ പഴങ്ങൾ. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് ഇവ. സിട്രസ് അടങ്ങിയ പഴങ്ങളിൽ ഹെസ്പെരിഡിൻ അടങ്ങിയിട്ടുള്ളതിനാൽ രക്താതിമർദ്ദം, ധമനികൾ കട്ടിയാക്കുന്നത്, അനാരോഗ്യകരമായ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. ഈ പഴങ്ങളിൽ അടങ്ങിയിട്ടുള്ള ആന്റിയോക്സിഡന്റ്സ് സ്ത്രീകളിൽ സ്‌ട്രോക്കിനുള്ള സാധ്യതയും കുറയ്ക്കും. 

ചെറി

30കൾക്ക് ശേഷം സ്ത്രീകൾക്ക് ഊർജം കുറയുന്നത് ഏറെ ഉത്‌കണ്‌ഠപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ഒഴിവാക്കരുതാത്ത ഒരു പഴമാണ് ചെറി. ചെറി പോലുള്ളവയിൽ ഊർജം വർദ്ധിപ്പിക്കുന്ന ആന്തോസയാനിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. സന്ധിവാതം, രക്തവാതം തുടങ്ങി മധ്യവയസ്‌കരായ സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ ചെറി ഉത്തമമാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ ചെറി കഴിക്കുകയോ അതിന്റെ ജ്യൂസ് മധുരം ചേർക്കാതെ കുടുക്കുകയോ ചെയ്യണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. നല്ല വിറ്റാമിനുകൾ ലഭിക്കാൻ ഇവ തൈരിനൊപ്പം ചേർത്ത് കഴിക്കുന്നതും നല്ലതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com