

കുട്ടികളുടെ ആരോഗ്യക്കാര്യം വരുമ്പോൾ നൂറ് അഭിപ്രായങ്ങളാണ്. അവരുടെ ഭക്ഷണം അവരുടെ ആദ്യകാല വളര്‍ച്ചയുടെ അടിസ്ഥാനമാണ്. കുട്ടികളുടെ ഡയറ്റിൽ വളരെ സുരക്ഷിതമായി ഉൾപ്പെടുത്തുന്ന ഒരു ഭക്ഷണമാണ് നെയ്യ്.
നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ അത് കുട്ടികളുടെ എല്ലുകളുടെ വളർച്ചയ്ക്കും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്നാല്‍ സോഹ അലി ഖാനുമായി നടത്തിയ പോഡ്കാസ്റ്റില്‍ നെയ്യ് തന്റെയും മക്കളുടെയും ഡയറ്റിൽ ഉൾപ്പെടുത്താറില്ലെന്ന് ജനീലിയ ഡിസൂസ അഭിപ്രായപ്പെട്ടു.
താൻ വീഗൻ ഡയറ്റ് പിന്തുടരുന്ന വ്യക്തിയാണ്, എന്നാൽ അതുകൊണ്ട് മാത്രമല്ല കുട്ടികളുടെ ഡയറ്റിൽ നിന്ന് നെയ്യ് ഒഴിവാക്കാനുള്ള കാരണമെന്ന് ജനീലിയ വ്യക്തമാക്കുന്നു. കുടുംബത്തില്‍ കോളസ്‌ട്രോള്‍ പാരമ്പര്യമായി ഉണ്ട്. മക്കളുടെ ആരോഗ്യത്തെ കണക്കിലെടുത്താണ് നെയ്യുടെ ഉപയോഗം ഒഴിവാക്കിയത്. അവരുടെ രക്തധമനികൾ ആരോഗ്യമുള്ളതായിരിക്കണം.
നെയ്യ് ഒരിക്കലും മോശം ഭക്ഷണമാണെന്ന് താൻ വാദിക്കുന്നില്ല. എന്ത് ഭക്ഷണമാണെങ്കിലും മിതത്വം പാലിക്കുകയാണ് പ്രധാനം. കുട്ടികളിൽ മനസറിഞ്ഞ് ഭക്ഷണം കഴിക്കുന്ന ശീലം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും ജനീലിയ ചൂണ്ടിക്കാട്ടുന്നു.
ചെറുപ്പത്തിൽ കുട്ടികൾക്ക് അമിതമായി ഭക്ഷണം നൽകി ശീലിപ്പിക്കുകയും അമിതവണ്ണമാകുമ്പോൾ ജിമ്മിൽ പോയി തടി കുറയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും ജനീലിയ പറയുന്നു. നെയ്യ്ക്ക് പകരം, ആരോഗ്യകരമായ കൊഴുപ്പിനായി ആശ്രയിക്കുന്നത് എള്ളിനെയാണെന്നും അവർ പറയുന്നു.
പോഷകാഹാര വിദഗ്ധര്‍ പറയുന്നത്
ഏതെങ്കിലും ഒരു ചേരുവയെ മാത്രം എടുത്തു സൂപ്പർഫുഡ് എന്ന് പറയാനാകില്ല. നെയ്യ് മറ്റ് ഘടകങ്ങളുമായി ചേരുമ്പോഴാണ് അവയുടെ ഗുണങ്ങള്‍ ഉണ്ടാകുന്നത്. മിതവായ അളവില്‍ കഴിക്കുന്നത് നെയ്യ് അല്ലെങ്കില്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പോലുള്ളവ രക്തത്തിലെ പഞ്ചസാരയുടെ സ്‌പൈക്ക് കുറയ്ക്കാന്‍ സഹായിക്കും.
എന്നാല്‍ പറാത്തയിലും കറികളിലും ഭക്ഷണത്തിലുമൊക്കെ നെയ്യ് വാരിക്കോരി ഉപയോഗിക്കുന്നത് നല്ലതല്ല. നെയ്യ് ഉപയോഗിക്കുന്നതിന് തീര്‍ച്ചയായും പരിധിയുണ്ട്. വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് നട്‌സ്, വിത്തുകള്‍, വെര്‍ജിന്‍ കോക്കൊനട്ട് ഓയില്‍, തേങ്ങ ചമ്മന്തിയില്‍ നിന്ന് പോലും ആരോഗ്യകരമായ കൊഴുപ്പ് ലഭ്യമാണെന്നും പോഷകാഹാര വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates