
രോഗങ്ങളെ പ്രതിരോധിക്കാൻ ഒരു 'ചെറുത്' അടിച്ചാലോ? തിരക്കുപിടിച്ച ലോകത്തെ ജീവിതശൈലിയിലുള്ള മാറ്റം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷണം നേടാം.
പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഇഞ്ചി-മഞ്ഞള്‍ ഷോട്ട്. പേരു പോലെതന്നെ ഇഞ്ചിയും മഞ്ഞളുമാണ് പ്രധാന താരങ്ങള്‍. സിഞ്ചിബെറേസി എന്ന കുടുംബത്തില്‍ പെട്ടതാണ് ഇവ രണ്ടും. ഇഞ്ചിയുടെയും മഞ്ഞളിന്‍റെയും ആരോഗ്യഗുണങ്ങള്‍ ശരീരവീക്കം, വേദന എന്നിവ കുറയ്ക്കാനും പ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കും. കൂടാതെ വിട്ടു മാറാത്ത നിരവധി ആസുഖങ്ങളില്‍ നിന്നും ഇത് നമ്മെ സംരക്ഷിക്കും.
ഓക്സിഡേറ്റീവ് സ്ട്രെസ് തടയാൻ കഴിയുന്ന രാസവസ്തുക്കളാണ് ആന്റിഓക്‌സിഡന്റുകൾ. ഫ്രീ-റാഡിക്കലുകളുടെ എണ്ണം കൂടുമ്പോഴാണ് ശരീരത്തിൽ ഓക്സിഡേറ്റീവ് സ്ട്രെസ് അനുഭവപ്പെടുക. ഇത് കാലക്രമേണ പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ഇഞ്ചിയിലും മഞ്ഞളിലും ജിഞ്ചറോൾ, ഷോഗോൾ, കുർക്കുമിൻ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.
ദീർഘകാലം നീണ്ടു നില്‍ക്കുന്ന വീക്കം പ്രമേഹം, വിഷാദം, ചില തരം അർബുദങ്ങൾ തുടങ്ങി നിരവധി ആരോഗ്യ അവസ്ഥകളുടെ ലക്ഷണമാകാം. ഇഞ്ചിയിലും മഞ്ഞളിലും കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾക്ക് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അവ വിട്ടുമാറാത്ത വീക്കം തടയും.
ഇഞ്ചിയിൽ നിന്നുള്ള ഷോഗോളുകളും മഞ്ഞളിൽ നിന്നുള്ള കുർക്കുമിനും ശരീര വീക്കം കുറയ്ക്കാൻ സഹായിച്ച പ്രധാന സംയുക്തങ്ങളാണെന്ന് പഠനങ്ങള്‍ പറയുന്നു.
ഇഞ്ചിയിലും മഞ്ഞളിലും അടങ്ങിയ ആന്‍റി-ഇഫ്ലമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഗുണങ്ങള്‍ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്തും. ഇഞ്ചിയിലും മഞ്ഞളില്‍ അടങ്ങിയ കുർക്കുമിൻ എന്ന സംയുക്തത്തിനും ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇവ അണുബാധ കുറയ്ക്കാന്‍ സഹായിക്കും.
ജലദോഷം തടയാനും, തൊണ്ടവേദന ശമിപ്പിക്കാനും, തൊണ്ടവേദന കുറയ്ക്കാനും ഇഞ്ചി സത്ത് സഹായിക്കും. കുർക്കുമിൻ വെളുത്ത രക്താണുക്കളെ പ്രോത്സാഹിപ്പിക്കുകയും സ്വാഭാവിക രോഗപ്രതിരോധ പ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
ഇഞ്ചിയുടെയും മഞ്ഞളിന്റെയും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ വീക്കം മൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കും. നീ ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചവരില്‍ നടത്തിയ പഠനത്തില്‍ മഞ്ഞൾ, കുരുമുളക്, ഇഞ്ചി എന്നിവയുടെ ഹെർബൽ കോമ്പിനേഷൻ വേദനയും വീക്കവും കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു.
ഇഞ്ചി, മഞ്ഞള്‍ കോമ്പിനേഷന്‍ ശരീരവീക്കം കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കൂടാതെ രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം.
മഞ്ഞൾ ആതെറോസ്ക്ലെറോസിസ് (ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത്) തടയാനോ മന്ദഗതിയിലാക്കാനോ സഹായിക്കും. പ്ലാക്ക് അടിഞ്ഞുകൂടുമ്പോൾ, ധമനികൾ ചുരുങ്ങുന്നു, ഇത് രക്തയോട്ടം കുറയ്ക്കുകയും നെഞ്ചുവേദന അല്ലെങ്കിൽ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും.
പൊണ്ണത്തടി കുറയ്ക്കാനും ഈ ഇഞ്ചി-മഞ്ഞള്‍ കോമ്പിനേഷന്‍ ഫലപ്രദമാണ്. മഞ്ഞളില്‍ അടങ്ങിയ കുർക്കുമിൻ കൊഴുപ്പ് കോശങ്ങൾ നശിക്കുകയും പുതിയ കൊഴുപ്പ് കോശങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും. കൂടാതെ മെറ്റബോളിസം വര്‍ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെങ്കിലും അമിതമായി മഞ്ഞളും ഇഞ്ചിയും കഴിക്കുന്നത് അപകടമാണ്.
അവ രക്തം നേർപ്പിക്കും. അതിനാല്‍ രക്തം നേർപ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ ഇഞ്ചി-മഞ്ഞള്‍ ധാരാളം കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും.
രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ പഞ്ചസാരയുടെ അളവ് കുറച്ചേക്കാം.
ഉയർന്ന അളവിൽ മഞ്ഞളും ഇഞ്ചിയും കഴിക്കുന്നത് നെഞ്ചെരിച്ചിൽ, ഓക്കാനം, വയറിളക്കം എന്നിവയുൾപ്പെടെയുള്ള ദഹനസംബന്ധമായ അസ്വസ്ഥതകൾക്കുള്ള സാധ്യത വർധിപ്പിക്കും.
ചേരുവ
ഇഞ്ചി
മഞ്ഞൾ
കുരുമുളക്
ഒരു ഓറഞ്ച് (ഓപ്ഷണൽ)
വെള്ളം
തയ്യാറാക്കേണ്ട വിധം
അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, മഞ്ഞള്‍ എന്നിവയിലേക്ക് ഓറഞ്ച് നീര് പിഴിഞ്ഞൊഴിക്കാം. അതിനൊപ്പം അല്‍പം കുരുമുളകും ചേര്‍ക്കാം. ഇവ അല്‍പം വെള്ളം ചേര്‍ത്ത് ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുക്കാം. ശേഷം ഒരു അരിപ്പ വെച്ച് അരിച്ച് കുടിക്കാം. ഷോട്ട് ആവശ്യമെങ്കില്‍ അല്‍പം കൂടി വെള്ളമൊഴിച്ച് നേര്‍പ്പിക്കാം. അല്ലെങ്കില്‍ സ്മൂത്തിയില്‍ ചേര്‍ത്തും കുടിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates