

ആരോഗ്യമുള്ള തലമുടി ആരാണ് ആഗ്രഹിക്കാത്തത്. ആരോഗ്യമുള്ള മുടിക്ക് ഏറ്റവും പ്രധാനമാണ് ഹെയർ ഓയിലിങ് അഥവാ തലയിൽ എണ്ണ പുരട്ടുന്നത്. എന്നാൽ വെറുതെ എണ്ണ പുരട്ടിയതു കൊണ്ട് മാത്രം കാര്യമില്ല, ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പ്രതീക്ഷിച്ച ഫലം ഉണ്ടാകണമെന്നില്ല. മുടിക്ക് ആവശ്യമായ ഈർപ്പം നിലനിർത്തുന്നതിനും സ്കാൽപ്പിന് ആവശ്യമായ പോഷണം നൽകുന്നതിനും മുടി പൊട്ടിപ്പോകുന്നതും വരണ്ടുപോകുന്നതും തടയുന്നതിനും തലയിൽ എണ്ണ പുരട്ടുന്നത് സഹായിക്കും.
എല്ലാവർക്കും ഒരേ തരത്തിലുള്ള എണ്ണ അനുയോജ്യമാകണമെന്നില്ല.
വെളിച്ചെണ്ണ – മുടിയുടെ പ്രോട്ടീൻ നഷ്ടം കുറയ്ക്കാൻ സഹായിക്കും.
ബദാം ഓയിൽ – വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു.
ആർഗൻ ഓയിൽ – വരണ്ടതും കേടുപാടുകൾ സംഭവിച്ചതുമായ മുടിക്ക് നല്ലതാണ്.
കാസ്റ്റർ ഓയിൽ – മുടിക്ക് കട്ടിയും കരുത്തും നൽകാൻ സഹായിക്കും.
എണ്ണ ചെറുതായി ചൂടാക്കുക
എണ്ണ നേരിട്ട് ഉപയോഗിക്കുന്നതിനേക്കാൾ ചെറുതായി ചൂടാക്കി ഉപയോഗിക്കുന്നത് സ്കാൽപ്പിലേക്ക് എണ്ണ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും. എന്നാൽ അമിതമായി ചൂടാക്കരുത്. ചെറുചൂട് മതിയാകും.
എണ്ണ സ്കാൽപ്പിലാണ് പുരട്ടേണ്ടത്
മുടിയിലോ മുടിയുടെ അറ്റത്തോ അമിതമായി എണ്ണ പുരട്ടുന്നതിന് പകരം സ്കാൽപ്പിൽ വിരലുകൾ കൊണ്ട് നന്നായി എണ്ണ തേടച്ചുപിടിപ്പിക്കണം. ഇത് സ്കാൽപ്പിലെ രക്തയോട്ടം മെച്ചപ്പെടുത്താനും മടിവേരുകൾക്ക് പോഷകണം നൽകാനും സഹായിക്കും. സ്കാൽപ്പിൽ എണ്ണ പുരട്ടുമ്പോൾ അഞ്ചോ പത്തോ മിനിറ്റ് നേരെ വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുക. അമിതമായി ശക്തി ഉപയോഗിക്കുന്നത് മുടിയുടെ വേരുകൾ കേടുവരാൻ ഇടയാക്കും.
ആവശ്യത്തിന് മാത്രം എണ്ണ ഉപയോഗിക്കുക
കൂടുതൽ എണ്ണ ഉപയോഗിച്ചാൽ കൂടുതൽ ഗുണം ലഭിക്കുമെന്ന ധാരണ തെറ്റാണ്. അമിതമായ എണ്ണ സ്കാൽപ്പിൽ പൊടി, അഴുക്ക് എന്നിവ അടിഞ്ഞുകൂടാൻ കാരണമാകും.
എണ്ണ എത്ര സമയം വെക്കണം?
ഒന്നോ രണ്ടോ മണിക്കൂർ വരെ എണ്ണ വെയ്ക്കുന്നത് മതിയാകും. എന്നാൽ രാത്രി മുഴുവൻ വെയ്ക്കുന്നത് സ്കാൽപ്പിൽ എണ്ണമയം കൂടാൻ കാരണമാകും. ഇത് ചൊറിച്ചിൽ താരൻ എന്നിവ ഉള്ളവരിൽ അവസ്ഥ വഷളാക്കും.
തലമുടിയും സ്കാൽപ്പും കഴുകാൻ മൈൽഡ് ഷാംപൂ ഉപയോഗിക്കുക
എണ്ണ പുരട്ടിയ ശേഷം കഠിനമായ രാസവസ്തുക്കൾ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൈൽഡ് ഷാംപൂ ഉപയോഗിച്ച് തല കഴുകുന്നത് മുടിയുടെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ സഹായിക്കും.
ആഴ്ചയിൽ എത്ര തവണ എണ്ണ തേക്കണം?
സാധാരണയായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണ പുരട്ടി മുടി കഴുകാം. എന്നാൽ നിങ്ങളുടെ മുടി വരണ്ടതാണെങ്കിൽ ആഴ്ചയിൽ രണ്ടോ മന്നോ തവണ എണ്ണ പുരട്ടുന്നത് നല്ലതാണ്. എണ്ണ കൂടുതലുള്ള തലമുടിയുള്ളവർ ആഴ്ചയിൽ ഒരുതവണ കഴുകുന്നതാണ് നല്ലത്.
നനഞ്ഞ മുടിയിൽ എണ്ണ പുരട്ടുക
അമിതമായി മസാജ് ചെയ്യുക
ദിവസങ്ങളോളം എണ്ണ കഴുകാതെ വെക്കുക
പല എണ്ണകൾ ഓരേ സമയം ഉപയോഗിക്കുക
അനുയോജ്യമാണോ എന്ന് പരിശോധിക്കാതെ പുതിയ എണ്ണ പരീക്ഷിക്കുക
ഹെയർ ഓയിൽ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ മുടിയുടെ ആരോഗ്യവും തിളക്കവും കരുത്തും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കുകയും, മിതമായ അളവിൽ ശരിയായ രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്നതാണ് മികച്ച ഫലം ലഭിക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്.