മലയാളികളുടെ പ്രിയപ്പെട്ട ബീഫ്, ഗുണവും ദോഷവും അറിഞ്ഞു കഴിക്കാം
കഴിഞ്ഞ ദിവസം 'ദി കേരള സ്‌റ്റോറി 2'വിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന്റെ പിന്നാലെ മലയാളികളുടെ പ്രിയപ്പെട്ട ബീഫും എയറിലാണ്. മലയാളിയായ ഒരു ഹിന്ദുപെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതാണ് രംഗം. ഇതിനെതിരെ സോഷ്യല്‍മീഡിയയിലടക്കം ട്രോളുകളുടെ പെരുമഴയാണ് ഇപ്പോൾ.
കേരളത്തെ പോലെ തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ബീഫും. അങ്ങനെ പുച്ഛിച്ചു തള്ളേണ്ട ഒന്നല്ല ബീഫ് വിഭവങ്ങളെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിരവധി പോഷകങ്ങൾ അടങ്ങിയ ഭക്ഷ്യയോഗ്യമായ ഒന്നാണ് ബീഫ്. 100 ഗ്രാം ബീഫില്‍ ഏതാണ്ട് 25 മുതല്‍ 30 ഗ്രാം വരെ ഗുണനിലവാരമുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ബീഫ് അത്ര മോശമല്ല
നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന ഹീം അയൺ ബീഫിൽ ധാരാളമുണ്ട്. ഇതു വിളർച്ച (Anemia) തടയാൻ സഹായിക്കും. ഇതിനായി മിതമായ അളവിൽ ബീഫ് കഴിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച് ഗർഭിണികളും സ്ത്രീകളും കുട്ടികളും. കൂടാതെ ശരീരത്തിന്റെ വളർച്ച, മസിലുകളുടെ ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്ന അമിനോ ആസിഡ് ബീഫിൽ ധാരാളമുണ്ട്.
ബീഫിൽ അടങ്ങിയ ബി12 വിറ്റാമിനുകൾ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിന് സഹായിക്കും. ഞരമ്പ്, തലച്ചോർ തുടങ്ങിയവയുടെ ആരോഗ്യത്തിനും ഇത് അത്യാവശ്യം വേണ്ട ഘടകമാണ്. വിറ്റാമിൻ ബി3 വലിയ അളവിൽ ബീഫിലുണ്ട്. ബി3യുടെ അഭാവം ഹൃദ്രോഗങ്ങൾക്കു കാരണമാകാറുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന സിങ്കും ബീഫിലുണ്ട്.
പ്രോട്ടീൻ നിർമിക്കുന്നതിനു സഹായിക്കുന്ന ഒമ്പത് എസൻഷ്യൽ അമിനോ ആസിഡുകൾ മാംസങ്ങളിൽ അടങ്ങിയിട്ടുണ്ട്. മാസ്റ്റർ ആന്റി ഓക്സിഡന്റ് എന്നറിയപ്പെടുന്ന ഗ്ലൂട്ടാത്തയോണിന്റെ സ്രോതസ്സു കൂടിയാണ് ബീഫ്. ഗ്ലൂട്ടാത്തയോൺ നിർമിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന സിസ്റ്റൈൻ, ഗ്ലൂട്ടാമേറ്റ്, ഗ്ലൈസിൻ എന്നീ അമിനോ ആസിഡുകൾ ബീഫിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രായം വർധിക്കുന്നത് തടയാനുമെല്ലാം ഗ്ലൂട്ടാത്തയോൺ സഹായിക്കും.
ശ്രദ്ധിച്ചില്ലെങ്കിൽ ബീഫും വിഷമാകാം
ഇങ്ങനൊക്കെ ആണെങ്കിലും ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ ബീഫ് പല ദോഷങ്ങളും ഉണ്ടാകാം. പ്രത്യേകിച്ച് പൂരിതകൊഴുപ്പ് ബീഫില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടാം. അത് പിന്നീട് ഹൃദ്രോഗം പോലുള്ള മറ്റ് രോഗങ്ങളിലേക്ക് നയിക്കാനും കാരണമാകും.
സോസേജ് പോലുള്ള സംസ്കരിച്ച മാംസത്തിന്റെ നിരന്തര ഉപഭോഗം കോളറെക്ടറൽ കാൻസറിനു( വൻകുടലിന് അറ്റത്ത് ഉണ്ടാകുന്ന കാൻസർ) കാരണമാകാറുണ്ട്. പ്രമേഹരോഗികളും ബീഫ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
ബീഫ് എത്ര കഴിക്കാം
ബീഫ് കാൻസർ ഉണ്ടാക്കാന്‍ സാധ്യതയുള്ളത് (Probable Carcinogen) എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബീഫിൻ്റെ അളവിൽ ശ്രദ്ധിക്കണം. ആഴ്ചയില്‍ 350 മുതല്‍ 500 ഗ്രാം വരെ ബീഫ് കഴിക്കുന്നതു കൊണ്ട് യാതൊരു പ്രശ്നവുമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ബീഫ് പാകം ചെയ്യുമ്പോഴും വേണം ശ്രദ്ധ
ബീഫ് ഫ്രൈ ചെയ്യുന്നത് ഒഴിവാക്കി ഗ്രില്ലു ചെയ്‌തോ ഗ്രേവി ആയോ കഴിക്കാവുന്നതാണ്. മാത്രമല്ല, ബീഫിനൊപ്പം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതും അപകടം കുറയ്ക്കും.
Health benefits and side effects of beef
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

