

പഴങ്കഞ്ഞിയുടെ പവർ എന്താണെന്ന് അറിയാൽ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ വേനൽക്കാലമാണ്. പഴങ്കഞ്ഞി ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കുക മാത്രമല്ല, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. എഴുത്തുകാരി ശാരദക്കുട്ടി കഴിഞ്ഞ ദിവസവും ഫേയ്സ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പിൽ വേനൽക്കാലത്ത് സാധാരണ ഉണ്ടായിരുന്ന ഭക്ഷണക്രമം ഒന്നു മാറ്റിപിടിച്ച്, പഴങ്കഞ്ഞി കുടിച്ച അനുഭവത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
രാവിലെ പഴങ്കഞ്ഞിയിൽ തൈരും ഉപ്പും ഉള്ളിയും മുളകും ഉടച്ചതും ചേർത്തു കഴിച്ചപ്പോൾ ശരീരമാകെ ഒരു തണുപ്പു പടർന്നതിൻ്റെ ആശ്വാസം അനുഭവിച്ചറിയുന്നുവെന്ന് അവർ പറയുന്നു. സ്വന്തം ആരോഗ്യം വീണ്ടെടുക്കാൻ ബോധപൂർവ്വമായ അനുസരണക്കേടും കൃത്യമായ ധാർഷ്ട്യവും ആവശ്യമാണെന്ന് ശാരദക്കുട്ടി കുറിക്കുന്നുണ്ട്.
ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം
ചൂടു താങ്ങാനാകാതെ വന്നപ്പോൾ ഭക്ഷണക്രമം ഒന്നു മാറ്റി.
തത്കാലം പതിവ് ഇഡ്ലി, ദോശ, പുട്ട് ഒക്കെ മാറ്റി നിർത്തുകയാണ്. രാവിലെ പഴങ്കഞ്ഞിയിൽ തൈരും ഉപ്പും ഉള്ളിയും മുളകും ഉടച്ചതും ചേർത്തു കഴിച്ചു. ശരീരമാകെ ഒരു തണുപ്പു പടർന്നതിൻ്റെ ആശ്വാസം അനുഭവിച്ചറിയുന്നു.
കൗമാരകാലത്ത് ഇത് ധാരാളം കഴിച്ചിട്ടുണ്ട്. തണുത്ത പഴങ്കഞ്ഞിയിൽ തൈരു കൂട്ടി കഴിച്ചാൽ തലമുടി വളരുമെന്ന് കേട്ട് കുറെ കാലം അതു തുടർന്നു. നല്ല കട്ടിയിൽ തലമുടി ഉണ്ടായിരുന്നു താനും. പഴങ്കഞ്ഞിയുടെ ഗുണമോ തായ് വഴിക്കു കിട്ടിയതോ എന്നറിയില്ല.
പ്രസവം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ശ്രദ്ധയൊക്കെ കുറഞ്ഞു. പ്രസവ ശുശ്രൂഷയുടെ സുഖദിനങ്ങൾ കഴിഞ്ഞപ്പോൾ ഗാർഹിക -ഔദ്യോഗിക പ്രാരബ്ധങ്ങൾക്കിടയിൽ പെട്ടു. എൻ്റെ പാവം ശരീരം എല്ലാത്തരത്തിലും അവഗണന അനുഭവിച്ചു തുടങ്ങി 😔😔 തലമുടി കെട്ടു കെട്ടായി ഊരിപ്പോയിത്തുടങ്ങി. ഞാനേറെ സ്നേഹിച്ചിരുന്ന മാറിടവും വയറും ഇടിഞ്ഞു വലഞ്ഞു.
അങ്ങനെയങ്ങനെ 15 കൊല്ലം കഴിഞ്ഞ് ഞാനെന്നെ വീണ്ടെടുത്തു. എന്നിലെ പഴയ അനുസരണക്കുട്ടിയെ ഒറ്റയിടിക്ക് ഞാനങ്ങ് കൊന്നു. ക്ഷമാശീലയെ അടിച്ച് പടിക്കു പുറത്താക്കി. ബോധപൂർവ്വമായ അനുസരണക്കേടും കൃത്യമായ ധാർഷ്ട്യവും വേണം സ്വന്തമായ നിലനിൽപിന് എന്ന് കാലം എന്നെ പഠിപ്പിച്ചു.
ശരീരം നഷ്ടപ്രൗഢികൾ വീണ്ടെടുത്തു തന്നു. ഒരു ഘട്ടത്തിൽ, പ്രായത്തേക്കാൾ ചെറുപ്പം എന്നാൾക്കാർ പറഞ്ഞു തുടങ്ങിയതോടെ ഞാൻ കൂടുതൽ കൂടുതൽ എന്നെ സ്നേഹിച്ചു തുടങ്ങി. ഞാനും എൻ്റെ ശരീരവും പിന്നീടൊരു ആഘോഷമായിരുന്നു. ആത്മവിശ്വാസം വർദ്ധിക്കാൻ വാക്കുകൾക്കും ഭാഷക്കും മൂർച്ച കൂട്ടിക്കൊണ്ടേയിരുന്നു.
പണ്ട് ക്ഷമിച്ചിടത്തോളം ശക്തിയിൽ പിന്നീട് തിരിച്ചടിച്ചു കൊണ്ടിരുന്നു. തടയാനാർക്കും ശക്തിയോ ധൈര്യമോ ഉണ്ടായിരുന്നില്ല. ഞാനതിന് ഇട കൊടുത്തില്ല. ആദ്യ പകുതിയിൽ വില്ലനിൽ നിന്ന് കൊണ്ട ഇടികൾക്കു പകരം സിനിമയുടെ രണ്ടാം പകുതിയിൽ നായകൻ നൽകുന്ന ഇടികളുടെ ശക്തി ഓർമ്മ വേണം മനുഷ്യർക്ക്. വാക്കുകൾ മാത്രമായിരുന്നു എൻ്റെ ആയുധം.
എന്നെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിഞ്ഞു എന്നതാണ് ജീവിതത്തിൽ ഞാനുണ്ടാക്കിയ ഏറ്റവും വലിയ നേട്ടം. ഞാനല്ലാതെ മറ്റാരും എന്നെ അതിന് സഹായിച്ചിട്ടില്ല. എന്നോടല്ലാതെ മറ്റാരോടും എനിക്ക് കടപ്പാടുകളില്ല.
ഞാനെന്നെ ബഹുമാനിച്ചു തുടങ്ങിയപ്പോൾ ലോകം എൻ്റെ പിന്നാലെ വരുന്നതായി എനിക്കു തോന്നി. അതൊരു ചെറിയ തോന്നലായിരുന്നില്ല. സുന്ദരമായി ജീവിച്ചു കൊണ്ട് മധുരതരമായി കാലത്തോട് പ്രതികാരം ചെയ്യൂ എന്ന് എന്നെ സമീപിച്ച ഓരോ സ്ത്രീയോടും ഞാൻ പറഞ്ഞു കൊണ്ടിരുന്നു. കുറെ പേർ എന്നെ കെട്ടിപ്പിടിച്ചു . കുറെ പേർ തിരിഞ്ഞു കുത്തി. ഒന്നും ബാധിക്കാതെ ഞാൻ മുന്നോട്ടു തന്നെ നടന്നു.
തളരുമ്പോൾ പഴയ അവഗണനകളെ എടുത്ത് തിരി നീട്ടി കത്തിച്ചു കൊണ്ടിരുന്നു. തുരുമ്പെടുത്ത ഓർമ്മകളെ അരം കൊടുത്ത് മൂർച്ച കൂട്ടി. പഴങ്കഞ്ഞി വെള്ളത്തിൽ തല കഴുകി സ്വയം തണുപ്പിച്ചു. ചീവക്കാപ്പൊടി ചേർത്ത പഴങ്കഞ്ഞി വെള്ളം കട്ട കെട്ടിത്തുടങ്ങിയ തലമുടിയെ പട്ടു പോലെ മൃദുവാക്കിത്തന്നു.
"പരിശോഭകലർന്നിതപ്പൊഴാ-
പ്പുരിവാർകുന്തളരാജി രാത്രിയിൽ
തരുവാടിയിലൂടെ കണ്ടിടു-
ന്നൊരു താരാപഥഭാഗമെന്നപോൽ."
ഇന്ന് പഴങ്കഞ്ഞി തൈരും മുളകുടച്ചതും കൂട്ടിക്കഴിച്ച് ശരീരത്തെ തണുപ്പിച്ച്, പഴയ നോവുകളുടെ തീയിൽ നിന്നെന്നെ പുറത്തെടുത്ത് തിളക്കം വെപ്പിച്ചതെന്തിനെന്നോ? തളരാൻ കൂട്ടാക്കാത്തവരെ പോലും തളർത്താനുള്ള ശക്തി വൈകാരിക വന്ധ്യമായ ഗൃഹാന്തരീക്ഷത്തിനുണ്ട്. അതിനു മുന്നിൽ ഒരിക്കൽ തോറ്റു കൊടുത്താൽ അത് നമ്മെ കുനിച്ചിരുത്തി നമ്മുടെ തലയിൽ മറ്റൊരു കെട്ടിടം പണിയും. അതിന് അനുവദിച്ചു കൂടാ.
"അഴലേകിയ വേനൽ പോമുടൻ
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാർന്നു പൂത്തിടും"
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates