
ഓരോ വർഷം തുടങ്ങുമ്പോഴും ആരോഗ്യത്തോടെയിരിക്കാനും ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കാനുമുള്ള ന്യൂ ഇയർ റെസൊല്യൂഷൻ റെഡിയാക്കി വെച്ചിരിക്കുകയാവും മിക്കയാളുകളും. എന്നാല്‍ എവിടെ തുടങ്ങണമെന്നതാണ് പലരുടെയും പ്രശ്നം. ഹൃദയാരോഗ്യം മൊത്തത്തിലുള്ള ക്ഷേമത്തിന്റെ വളരെ പ്രധാനമാണ്. എന്നാൽ ചെറുപ്പക്കാർ ഇത് പലപ്പോഴും അവഗണിക്കുന്നു. മോശം ഹൃദയാരോഗ്യം വിവിധ ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കാം.
ആരോഗ്യകരമായ ഹൃദയത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും വേണ്ടി ഈ പുതുവത്സരത്തിൽ സ്വീകരിക്കാൻ ശ്രമിക്കേണ്ട ചില ശീലങ്ങള്‍
ദീര്‍ഘനേരമുള്ള ഇരിപ്പും നില്‍പ്പും കൂടാതെ അലസമായ ജീവിത ശൈലിയും ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചു. ശാരീരികമായി സജീവമാകേണ്ടതും വ്യായാമം ചെയ്യേണ്ടതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടതിന് വളരെ പ്രധാനമാണ്. ഒരു ദിവസത്തിൽ കുറഞ്ഞത് 30 മിനിറ്റ് മുതൽ 40 മിനിറ്റ് വ്യായാമത്തിനായോ ശാരീരിക പ്രവർത്തനങ്ങൾക്കായോ നീക്കി വെയ്ക്കാം. നടത്തം, ഓട്ടം, ധ്യാനം, നീന്തൽ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ഹൃദയത്തിലേക്കുന്ന രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടാൻ ഇത് സഹായിക്കും.
ഈ വര്‍ഷം ഫാസ്റ്റ് ഫുഡും പ്രോസസ്ഡ് ഫുഡും പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കാം. പകരം ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രോട്ടീനും പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഡയറ്റില്‍ ചേർക്കാം. ഇത്തരം ഭക്ഷണങ്ങൾ മോശം കൊളസ്ട്രോൾ കുറയ്ക്കാനും ധമനികളെ വൃത്തിയായി നിലനിർത്താനും സഹായിക്കും.
ഹൃദയത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും പുകവലിയും മദ്യപാനവും നിര്‍ത്താന്‍ കഴിയാത്തവരുണ്ട്. ഈ രണ്ട് ദുശ്ശീലങ്ങളും ഒഴിവാക്കുന്നത് ദീര്‍ഘകാല ആരോഗ്യത്തിന് ഗുണം ചെയ്യും. പുകവലിക്കുന്നതും മദ്യപിക്കുന്നതും രക്തക്കുഴലുകളെ സാരമായി ബാധിക്കുകയും വിവിധ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനം രക്തസമ്മർദ്ദ നിലയെ ബാധിക്കുകയും ഇത് ഉയർന്ന രക്ത സമ്മർദത്തിലേക്ക് നയിക്കുകയും ചെയ്യും.
അമിതമായ സമ്മർദം ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് വർധിപ്പിക്കും. ഇത് കാലക്രമേണ ഹൃദയത്തെ പ്രതികൂലമായി ബാധിക്കും. സമ്മർദം നിയന്ത്രിക്കുന്നതിന് ശ്വസന വ്യായാമങ്ങൾ, മെഡിറ്റേഷന്‍ പോലുള്ളവ പരിശീലിക്കാന്‍ തുടങ്ങാം.
ആരോഗ്യ പരിശോധനകൾ അവഗണിക്കരുത്. ഗുരുതരമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം ഹൃദയവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടെത്താൻ ഇത് സഹായിക്കും. ആരോഗ്യപ്രശ്നങ്ങള്‍ പ്രകടമായി തോന്നുന്നില്ലെങ്കില്‍ പോലും പതിവായി ആരോഗ്യ പരിശോധനകൾ ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates