

ലോകത്ത് കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഹൃദയാഘാതമാണ്. ഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെങ്കിലും രാത്രികാലങ്ങളില്‍ ഇതിന്‍റെ സാധ്യത ഇരട്ടിയായിരിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ ദിമിത്രി യാരനോവ് പറയുന്നു.
രാത്രി വിശ്രമിക്കുമ്പോൾ നിരവധി ശാരീരിക ഘടകങ്ങൾ ഹൃദയത്തെ കൂടുതൽ ദുർബലമാക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. രാത്രി, പ്രത്യേകിച്ച് പുലര്‍ച്ചെ സമയങ്ങളില്‍ ശരീരം ഉയര്‍ന്ന അളവില്‍ കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് രക്തക്കുഴലുകളെ മുറുക്കുകയും രക്തസമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് നമ്മുടെ സ്വാഭാവിക സര്‍ക്കാഡിയന്‍ താളത്തിന്‍റെ ഭാഗമാണ്.
ആരോഗ്യമുള്ളവര്‍ ഇത് തരണം ചെയ്യുമെങ്കിലും ഹൃദ്രോഗികളില്‍ ഇത് അപകടസാധ്യത ഇരട്ടിയാക്കാം.
രാത്രിയില്‍ രക്തക്കുഴലും രക്തസമ്മര്‍ദവും
ഓക്‌സിജന്‍ വഹിച്ചുകൊണ്ടുള്ള രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ഒരു ഹൈവേ ആണ് രക്തക്കുഴലുകള്‍. ഉറക്കത്തില്‍, ഈ കുഴലുകള്‍ സ്വഭാവികമായും ചുരുങ്ങാനും രക്തസമ്മര്‍ദം ഉയരാനും കാരണമാകും. രക്തസമ്മര്‍ദം ഉയരുന്നതോടെ ഹൃദയത്തിന്റെ പണി ഇരട്ടിയാകും. ഇത് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദം, ആതെറോസ്ക്ലീറോസിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരിൽ ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. ഈ ഘടകങ്ങളെ കുറിച്ച് മനസിലാക്കുന്നത്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.
പകൽ സമയത്തുണ്ടാകുന്ന ഹൃദയാഘാതങ്ങളെ അപേക്ഷിച്ച് രാത്രിയിലെ ഹൃദയാഘാതം കൂടുതൽ ഗുരുതരമാണ്. ആളുകൾ ഉറങ്ങുന്നതിനാല്‍ നെഞ്ചുവേദന, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ മുന്നറിയിപ്പുകള്‍ തിരിച്ചറിയാൻ വൈകിയെന്ന് വരാം. ഇത് അടിയന്തര സഹായം വൈകിപ്പിക്കുന്നു. കൂടാതെ സ്വാഭാവിക ഹോർമോൺ മാറ്റങ്ങളിലൂടെ ഹൃദയ സംവിധാനം കൂടുതൽ സമ്മർദം അനുഭവപ്പെടുന്നു.
ഗുരുതരമായ പ്രത്യാഘാതങ്ങൾ തടയുന്നതിന് മുന്‍കരുതലുകളും നിരീക്ഷണവും പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയെന്നതാണ് പ്രധാനം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഒഴിവാക്കേണ്ട നാല് ശീലങ്ങള്‍
സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക.
മദ്യപാനം ഒഴിവാക്കുക.
ശീതളപാനീയങ്ങൾ ഒഴിവാക്കുക.
ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് 80 ശതമാനം ശരീരഭാരം നിയന്ത്രിക്കുന്നതിലും 20 ശതമാനം വ്യായാമം ചെയ്യുന്നതിലുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates