

ഹൃദയാഘാതത്തെ തുടർന്ന് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വർധിച്ചു വരികയാണ്. ശരീരം വളരെ നേരത്തെ തന്നെ സൂചനകൾ നൽകിയാലും തിരിച്ചറിയാതെ പോകുന്നതാണ് വെല്ലുവിളിയാവുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ മാറ്റങ്ങളും സൂഷ്മമായി നിരീക്ഷിക്കുക എന്നതാണ് പ്രധാനം.
സിനിമയിൽ കാണുന്ന പോലെ വലിയൊരു വേദനയുടെ രൂപത്തിലോ അസ്വസ്ഥതയോ ഹൃദയാഘാത സമയം അനുഭവപ്പെടണമെന്നില്ല. നെഞ്ചിനകത്ത് ഗ്യാസ് കയറിയ പോലെയൊരു തോന്നലായിരിക്കും മിക്കയാളുകൾക്കും അനുഭവപ്പെടുക. ചുരുക്കം ചിലർക്ക് താടിയെല്ലിലും കഴുത്തിലും ഒരു കഴപ്പ് മാത്രം തോന്നാം. അതുകൊണ്ട് തന്നെ അത് ഒരു ഹൃദയാഘാതമാണെന്ന് മനസിലാക്കാൻ വൈകി പോകാറുണ്ട്.
എന്നാൽ ഇതേ വ്യക്തിയിൽ തന്നെ ഒന്നോ രണ്ടോ ആഴ്ച മുന്നേ ശരീരം ചില സൂചനകൾ നൽകിയിട്ടുണ്ടാവാം.
സ്പീഡിൽ നടക്കുന്ന സമയത്ത് നെഞ്ചിനകത്ത് ചെറിയ ഗ്യാസ് പോലൊരു പ്രശ്നം തോന്നിയിരിക്കാം. അത് പക്ഷെ റെസ്റ്റ് എടുക്കുമ്പോൾ മാറുകയും ചെയ്തിരിക്കാം. അതുകൊണ്ട് തന്നെ അത് അത്ര കാര്യമാക്കിയെടുത്തില്ല.
ദിവസവും രണ്ടും മൂന്നും നില കയറുന്ന വ്യക്തിക്ക് പെട്ടെന്ന് അത്രയും സ്റ്റെപ്പുകൾ കയറിയപ്പോള്‍ അസ്വസ്ഥ, ശ്വാസംമുട്ടൽ, ഗ്യാസ് കയറുന്നതുപോലുള്ള തോന്നല്‍ എന്നിവ അനുഭവപ്പെട്ടിരുന്നതാണ്, ഗൗരമമായി എടുത്തില്ല.
സാധാരണയല്ലാത്ത എന്ത് തരം ബുദ്ധിമുട്ടും നെഞ്ചിന് തോന്നിയാൽ അത്, നിസാരമായി കാണാതെ പരിശോധിച്ച് ഹൃദയത്തിന്റെ രോഗലക്ഷണമല്ലെന്ന് ഉറപ്പാക്കണം.
ഷുഗറോ പ്രഷറോ കൊളസ്ട്രോളോ പുകവലിയോ അല്ലെങ്കിൽ പാരമ്പര്യമായി ഹൃദ്രോഗം ഉള്ളതോ ആയ വ്യക്തികൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണ്. അത്തരം വ്യക്തികൾ സാധാരണ ജീവിതത്തിൽ അനുഭവപ്പെടുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിക്കണം.
ദീർഘനേരമുള്ള ഇരിപ്പ്
യുവതലമുറ കേന്ദ്രീകരിക്കുന്ന തൊഴിൽ മേഖല മിക്കതും ദീർഘനേരം ഇരുന്നുകൊണ്ടുള്ളതാണ്. എന്നാൽ ദീർഘനേരമുള്ള ഇരിപ്പ് പുകവലിയെക്കാൾ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നന്നായി വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയെക്കാൾ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ഹൃദ്രോഗ സാധ്യത എട്ട് മടങ്ങ് കൂടുതലാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം. ആഴ്ചയിൽ അഞ്ച് ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരം മിതമായ വ്യായാമത്തിനായി സമയം കണ്ടെത്തണം. നടത്തം, ഓട്ടം, സൈക്ലിങ് പോലുള്ള വ്യായാമ രീതികൾ പരീക്ഷിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates