മദ്യപിച്ച് ആരോ​ഗ്യം ക്ഷയിച്ചോ? പാർശ്വഫലങ്ങൾ കുറയ്ക്കാൻ ചില നാട്ടുചികിത്സയും ഭക്ഷണമാറ്റങ്ങളും

മദ്യത്തിന്റെ ദൂഷ്യഫലങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും രക്ഷിക്കാനുമുള്ള ചില ഉപായങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
 alcohol
alcoholപ്രതീകാത്മക ചിത്രം
Updated on
4 min read

സ് കെ പൊറ്റെക്കാട്ടിന്റെ ആത്മകഥാംശമുള്ള നോവലായ ‘ഒരു ദേശത്തിന്റെ കഥ’ യില്‍ നാട്ടില്‍ നടന്ന ഒരു മദ്യവിരുദ്ധ ധര്‍ണയെക്കുറിച്ച് പറയുന്നുണ്ട്. ശ്രീധരന്‍ എന്ന കഥാപാത്രമാണ് പൊറ്റെക്കാട്ട്. അദ്ദേഹമാണ് കഥ പറയുന്നത്. ശ്രീധരന്റെ ചേട്ടന്‍ കുഞ്ഞാപ്പു ഒരു പഴയ പട്ടാളക്കാരനാണ്. വേറെ പണിയൊന്നും കിട്ടാതിരുന്നതിനാല്‍ അദ്‌ദേഹം കുറേനാള്‍ ഒരു പെയിന്റ് പണിക്കാരന്‍ ആവുകയുണ്ടായി. അപ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ പെയിന്റര്‍ കുഞ്ഞാപ്പു എന്ന് വിളിച്ചെങ്കിലും സ്ഥിരം പേര് ‘ബസ്രാ കുഞ്ഞാപ്പു’ എന്നതായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറാക്കിലെ ബസ്രയില്‍ വെച്ച് അദ്ദേഹം നടത്തിയ ചില വീരസാഹസികക്യത്യങ്ങള്‍ സ്ഥിരമായി ജനങ്ങളെ കേള്‍പ്പിച്ച കാരണമാണ് ഈ പേര് വന്നുചേര്‍ന്നത്. ഒരിക്കല്‍ മരണാസന്നനായിട്ടും ശത്രുവിനെതിരെ പടപൊരുതിയ വകയില്‍ ബ്രിട്ടീഷ് രാജ്ഞി അദ്‌ദേഹത്തിന് വിക്‌ടോറിയ ക്രോസ് എന്ന അതിിശിഷ്ട സൈനിക ബഹുമതിയും സമ്മാനിക്കുകയുണ്ടായത്രേ! അങ്ങനെയുള്ള ബസ്രാ കുഞ്ഞാപ്പുവിനെ ഒരിക്കല്‍ മദ്യവിരുദ്ധ മുന്നണിക്കാര്‍ ഒരു ധര്‍ണ്ണയ്ക്ക് വിളിച്ചുകൊണ്ടുപോയി. ഒരു സമരഭടനായി പ്‌ളക്കാര്‍ഡും പിടിച്ച് നില്‍ക്കുക മാത്രമാണ് ബസ്രാ കുഞ്ഞാപ്പുവിന്റെ ജോലി. ഒരു പട്ടാളക്കാരനായ കുഞ്ഞാപ്പുവിന്റെ സാന്നിധ്യം വളരെ ശ്രദ്ധിക്കപ്പെട്ടു. ആളുകൂടി.

അതിനിടെ ഒരു സ്ഥിരം മദ്യപാനി അവിടെ വന്ന് കുഞ്ഞാപ്പുവിനെയടക്കം പത്ത് തെറി വിളിച്ചു. എന്നിട്ടും കലിയടങ്ങാതെ കൈയ്യിലുള്ള മദ്യക്കുപ്പി തുറന്ന് പട്ടച്ചാരായം കുഞ്ഞാപ്പിന്റെ തലവഴി ഒഴിച്ചു. കുഞ്ഞാപ്പുവാകട്ടെ, അക്ഷോഭ്യനായി മഹാത്ാഗാന്ധീ കീ ജെയ് എന്ന് മാത്രം പറഞ്ഞു! അവിടെ കൂടിയിരുന്നവരിലെല്ലാം ഇത് അത്ഭുതത്തിന്റേയും അനുകമ്പയുടേയും ഒരു തരംഗം തന്നെ സ്യഷ്ടിച്ചു. അതിനിടെ ആരോ ഒരു ഇളനീര്‍ക്കരിക്ക് കുഞ്ഞാപ്പുവിന് സമ്മാനിച്ചു. അദ്‌ദേഹം അത് വാങ്ങിക്കുടിച്ചശേഷം മുഷ്ടിചരുട്ടി ഒരു മുദ്രാവാക്യം കൂടി വിളിച്ചു: “മദ്യം മനുഷ്യനാപത്ത്! മദ്യം തുലയട്ടെ!” ഇടവിട്ടിടവിട്ട് ഇളനീര്‍സേവയും മുദ്രാവാക്യംവിളിയും നടന്നുകൊണ്ടിരുന്നു. എന്നാല്‍ അതിനിടെ അദ്‌ദേഹം തലകറങ്ങി താഴെ വീണു! സംഭവം കരിക്ക്‌സേവ കടുത്തതായിരുന്നു.

അതിനുള്ളില്‍ ഇളനീര്‍ ആയിരുന്നില്ല ചാരായം ആയിരുന്നു. ഇതിനുള്ള അവസരം യഥേഷ്ടം ഒരുക്കിത്തരാം എന്ന കരാറിന്‍മേലാണ് ബസ്രാ കുഞ്ഞാപ്പു ഈ മദ്യവിരുദ്ധപാവുജോലിക്ക് സമ്മതിച്ചത്. ഈ മദ്യസേവ പുറത്തറിയാതിരിക്കാനായിരുന്നു മദ്യപാനിയായ ഒരാളെക്കൊണ്ട് ചാരായം തലവഴി ഒഴിപ്പിച്ചത്! പക്ഷേ വീണത് ചാരായം തലയ്ക്ക് പിടിച്ചായിരുന്നു എന്നത് ധര്‍ണ്ണക്കാരല്ലാതെ മറ്റാരും അറിഞ്ഞില്ല! ഇന്നും ബസ്രാ കുഞ്ഞാപ്പുമാര്‍ ധാരാളമായുണ്ട്. ഒരുപക്ഷേ നമ്മളെല്ലാവരും നമ്മളറിയാതെ കുഞ്ഞാപ്പുമാരായി മാറിക്കൊണ്ടിരിക്കുന്നു. പുതുവത്‌സരം പിറന്നതിന്റെ പിറ്റേ ദിവസത്തെ പത്രത്തിലെ ഒരു കോളം ന്യൂസ് ആണ് തലേ ദിവസം മലയാളി കുടിച്ചുവറ്റിച്ച മദ്യത്തിന്റെ കണക്ക്!

ഓണം അവധി കഴിയുമ്പോഴും ഇത് തന്നെയാണ് സ്ഥിതി! മുന്‍കാലങ്ങളില്‍ അപൂര്‍വ്വമായിട്ടായിരുന്നു മദ്യം സേവിക്കല്‍. പക്ഷേ ഇന്ന് മദ്യസല്‍ക്കാരം എന്തിനും ഏതിനും ഒരു പശ്ചാത്തലകാരണമാവുന്നു. ഉത്സവ സീസണുകളില്‍ മദ്യത്തിന്റെ വില്‍പ്പന ഉച്ചസ്ഥായിയിലെത്തും. സര്‍ക്കാരിന് ഇത് വരുമാനത്തിന്റെ പ്രശ്‌നമാണ്. ജനങ്ങള്‍ക്ക് പക്ഷേ, ആരോഗ്യത്തിന്റെ പ്രശ്‌നവും. മദ്യവും മദ്യാസക്തിയും യുവതലമുറയെ കീഴടക്കുമ്പോഴും മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആരും സംസാരിക്കാറില്ല. അത്തരം പ്രചാരണങ്ങള്‍ പോലും ഇന്നും ഒരു നേര്‍ത്ത ചിരിയുണര്‍ത്തുകയേ ഉള്ളൂ. മദ്യം എന്ന സാമൂഹ്യവിപത്തിനെ നേരിടുക വേറെ വിഷയമാണ്. മദ്യത്തിന്റെ ദൂഷ്യഫലങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും രക്ഷിക്കാനുമുള്ള ചില ഉപായങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

മദ്യമെന്ന വിഷം

മദ്യം അഥവാ ഈഥൈല്‍ ആള്‍ക്കഹോള്‍ ഒരു വിഷമാണ്. അതിന്റെ സ്ഥിരമായ ഉപയോഗം കരളിനേയും അനുബന്ധ അവയവങ്ങളേയും വ്യക്കകളേയും ദോഷകരമായി ബാധിക്കുന്നു. ശരീരത്തിലെത്തുന്ന മദ്യം അതിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോവുന്നതിനിടെ അസെറ്റാല്‍ഡിഹൈഡ് (അരലമേഹറലവ്യറല) എന്ന വിഷപദാര്‍ത്ഥത്തെ ഉത്പാദിപ്പിക്കുന്നു. ഇത് കാന്‍സര്‍ ഉണ്ടാക്കുന്ന ഒരു രാസവസ്തുവാണ്.

ഇതിലൂടെ വായ്, തൊണ്ട, അന്നനാളം, ആമാശയം എന്നിവയില്‍ മാരകമായ കാന്‍സര്‍ ഉണ്ടാവുന്നു. ശരീരധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകളുമായും ലിപ്പിഡുകളുമായും സംയോജിക്കുന്നതിലൂടെ ഇവ അവയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു. കരളിലാണ് ഇത് സംഭവിക്കുന്നതെങ്കില്‍ കരള്‍വീക്കം ഉണ്ടാവുന്നു. ഇത് ‘ഫാറ്റി ലിവര്‍’ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.

ആള്‍ക്കഹോള്‍ ഉപയോഗിക്കാത്തവരിലും ഇത് കാണപ്പെടാറുണ്ടെങ്കിലും സമയോചിതമായ ചികിത്‌സ ലഭ്യമാക്കിയില്ലെങ്കില്‍ കരള്‍ ദ്രവിച്ചുതുടങ്ങും. ‘ലിവര്‍ സീറോസിസ്’ എന്ന ഈ അവസ്ഥ മരണത്തിലേക്കുള്ള ചുവടുവെപ്പാണ്. അസറ്റാല്‍ഡിഹൈഡ് മറ്റൊരു കാര്യവും ചെയ്യാറുണ്ട്. മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ഉണ്ടാവേണ്ട സ്ട്രസ് ഹോര്‍മോണുകളെ അത് ഇളക്കിവിടും. എപ്പിനെഫ്രിന്‍, നോര്‍ എപ്പിനെഫ്രിന്‍ എന്നങ്ങനെയുള്ള ഇവ ഹ്യദയപേശികളെയാണ് ബാധിക്കുക. ഇത് ഹ്യദയമിടിപ്പിന്റെ നിരക്ക് കൂട്ടുകയും ഹ്യദയത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. ഇത് തുടര്‍ന്നാല്‍ ഹ്യദയസ്തംഭനം എപ്പോഴും കടന്നുവരാവുന്ന അവസ്ഥയാവും. മദ്യം നിശബ്ദനായ ഒരു കൊലയാളിയാണെന്ന് സാരം.

മദ്യദൂഷ്യങ്ങളുടെ ചികിത്സ

മദ്യപാനത്തിന്റെ ദോഷഫലങ്ങള്‍ ചികിത്സിക്കുന്നതിനായി പല മരുന്നുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ മരുന്നുകള്‍ക്ക് മദ്യപാനിയിലെ അനാരോഗ്യകരമായ പെരുമാറ്റമാറ്റങ്ങള്‍ പോലെയുള്ള അനവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഇതിനു പകരമായി ചിലതരം ഔഷധ സസ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മദ്യം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയാനും സുഖപ്പെടുത്താനും സഹായിക്കും.

നമ്മുടെ ഭക്ഷണം എങ്ങനെ സഹായിക്കും?

മദ്യപാനത്തിന്റെ അപകടങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ആദ്യപടി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക എന്നതാണ്. ഓറഞ്ച്, ആപ്പിള്‍, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയവയ്‌ക്കൊപ്പം ഉണങ്ങിയ പ്ലം, ഉണക്കമുന്തിരി എന്നിവ കഴിക്കണം. ഇവ കഴിക്കുന്ന ശീലം നേരത്തേയുണ്ടെങ്കില്‍ അവയുടെ അളവ് വര്‍ദ്ധിപ്പിക്കണം. കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആന്റിഓക്‌സിഡന്റുകള്‍ ആവശ്യമാണ്.

ഫ്രഷ് ആയ പഴങ്ങളില്‍ നിന്നു മാത്രമേ ഇവ ലഭിക്കൂ. ആപ്പിള്‍ പോലുള്ള പഴങ്ങളില്‍ കുടലില്‍ അടിഞ്ഞുകൂടുന്ന ഘനലോഹങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ഉള്ളിയിലും വെളുത്തുള്ളിയിലും സള്‍ഫര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ കരളിനെ സഹായിക്കും. ഭക്ഷ്യവസ്തുക്കളുടെ രുചിയും മണവും നിറവും കൂട്ടാനായി ചേര്‍ക്കുന്ന ഫുഡ് അഡിറ്റീവുകള്‍ മദ്യത്തിലും കലര്‍ത്തിയിട്ടുണ്ടാവാം.

മെര്‍ക്കുറിക് സംയുക്തങ്ങള്‍, സിന്തറ്റിക് ഹോര്‍മോണുകള്‍, ‘അജിനോമോട്ടോ’ തുടങ്ങിയവ ദഹനവ്യവസ്ഥയെ തകര്‍ക്കുന്നവയാണ്. ശരീരത്തെ മൊത്തമായിത്തന്നെ ഇവ ബാധിക്കാം. ബ്രോക്കോളി, കോളിഫ്‌ളവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, മുളപ്പിച്ച പയര്‍ തുടങ്ങിയവയില്‍ കരളിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ധാരാളം എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാന്‍ ഗ്ലൂക്കോസ് ആവശ്യമാണ്, എന്നാല്‍ അധികമായി ഗ്‌ളൂക്കോസ് ഉള്ളിലെത്തിക്കാനിടയായാല്‍ അത് കൊഴുപ്പായി മാറ്റപ്പെടുകയും ശരീരത്തില്‍ സംഭരിക്കപ്പെടുകയും ചെയ്യും. ഇത് കരള്‍ പോലുള്ള ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. ഒരു മദ്യപാനിയുടെ കരള്‍ എപ്പോഴും സമ്മര്‍ദ്ദത്തിലായിരിക്കും. കാരണം മദ്യത്തിന്റെ വിഷാംശം നീക്കം ചെയ്യുന്നതിനായി അതിന് അമിതമായി പ്രവര്‍ത്തി ക്കേണ്ടിവരുന്നു.

അതിനാല്‍ കേടുപാടുകളില്‍ നിന്നും കരളിനെ സംരക്ഷിക്കാന്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിനാല്‍, ഉയര്‍ന്ന അളവില്‍ മധുരം അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും പ്രിസര്‍വേറ്റീവുക ള്‍ അടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങളും പാനീയങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം.

ചില നാട്ടുചികിത്സകൾ

മേല്‍പ്പറഞ്ഞ മുന്‍കരുതലുകള്‍ക്ക് പുറമേ, മദ്യം ഉപയോഗിക്കുന്നവരും അതിന്റെ ദോഷഫലങ്ങളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നവരും ഇനിപ്പറയുന്ന നാട്ടുചികിത്സകളില്‍ യോജിക്കുന്നവ തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്:

വാഴക്കൂമ്പും വാഴപ്പിണ്ടിയും

വാഴക്കൂമ്പും വാഴപ്പിണ്ടിയും ആന്റിഓക്‌സിഡന്റുകള്‍ ആയി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അനവധി പോളിഫെനോളിക് സംയുക്തങ്ങളുടെ അതിസമ്പന്നമായ ഉറവിടമാണ്. പോളിഫെനോളുകള്‍, ഫ്‌ളാവനോയ്ഡുകള്‍, നാരുകള്‍ (ഫൈബറുകള്‍), ലിഗ്നിന്‍, ഹെമിസെല്ലുലോസ്, സെല്ലുലോസ് എന്നിവ സമ്യദ്ധമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഹാനികരമായ ഫ്രീ റാഡിക്കലുകളെ നീക്കംചെ യ്യുന്നതില്‍ വാഴപ്പിണ്ടി ക്കും വാഴക്കൂമ്പിനും നിര്‍ണ്ണാകസ്വാധീനം ചെലുത്താന്‍ കഴിയുന്നു.

വാഴക്കൂമ്പ് അരിഞ്ഞതോ വാഴപ്പിണ്ടിയോ സൂപ്പുകളിലോ സലാഡുകളിലോ ഉപയോഗിക്കാം. ഇത് കടുകുചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കാം. കടുകിനൊപ്പം ഉലുവ, ഉള്ളി, മല്ലിപ്പൊടി, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് താളിച്ചും ഉപയോഗിക്കാം. അല്‍പ്പം ഉപ്പും കുരുമുളകും കൂടി ചേര്‍ത്താല്‍ ഉച്ചയൂണിനൊപ്പം ഒരു വിഭവമായിത്തന്നെ ഉള്‍പ്പെടുത്താം. മദ്യപാനികള്‍ക്കും, പ്രമേഹരോഗികള്‍ക്കും സ്ത്രീകളുടെ ഗര്‍ഭാശയആരോഗ്യത്തിനും ഇത് നല്ലതാണ്.

പാവയ്ക്ക

പാവയ്ക്ക അല്ലെങ്കില്‍ കയ്പ്പങ്ങ എന്നറിയപ്പെടുന്ന കയ്പവല്ലരിയില്‍ മോമോര്‍ഡിക്കോസൈഡ്, പിമീതോക്‌സി ബെന്‍സോയിക് ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് നാഡീനാശനം മൂലമുള്ള രോഗങ്ങള്‍, നീരുകെട്ടല്‍, വൈറസ്ബാധ, പ്രമേഹം, മറ്റ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, ദഹനവ്യവസ്ഥയുടെ തകരാറുകള്‍ തുടങ്ങിയവയുടെ ചികിത്സയില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, മദ്യപാനത്തിന്റെ ദോഷഫലങ്ങളുടെ ചികിത്‌സയില്‍ പാവയ്ക്കയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ആണ് പ്രയോജനപ്പെടുത്തുന്നത്.

പാവയ്ക്കയുടെ നീരിന് കേടായ കരള്‍കോശങ്ങളെ നന്നാക്കാനുള്ള കഴിവുണ്ട്. പാവലിന്റെ ഇലയുടെ ചാറോ പാവയ്ക്ക ഇടിച്ചുപിഴിഞ്ഞതോ മോരില്‍ കലര്‍ത്തി എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാം. മദ്യത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാനും ഇതിന് കഴിയും.

കറ്റാര്‍ വാഴ

കറ്റാള്‍ വാഴക്ക് ഉള്ളിലുള്ള കുഴമ്പില്‍ (ജെല്‍) ഗ്ലൂക്കോസിനോടൊപ്പം മാന്നോസ് (ങമിിീലെ) എന്ന പഞ്ചസാരയും അടങ്ങിയിരിക്കുന്നു. മാന്നോസിന്റെ അളവാണ് കൂടുതല്‍. അതോടൊപ്പം ആന്ത്രാക്വിനോണ്‍, അലോസിന്‍, ഇമോഡിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. കറ്റാര്‍ വാഴയുടെ ജെല്‍ കരളിനെ ശക്തിപ്പെടുത്താനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. അടിഞ്ഞുകൂടിയ വിഷാംശങ്ങളെ നീക്കി ശരീരത്തെ വിഷവിമുക്തമാക്കാന്‍ കറ്റാര്‍വാഴയ്ക്ക് കഴിയും.

മദ്യം ഉപയോഗിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കഴിക്കുന്നത് ആള്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ പരിഹരിക്കപ്പെടാന്‍ സഹായിക്കും. തൊലിപ്പുറത്തെ കാന്‍സര്‍, എക്‌സിമ, സോറിയാസിസ്, പൊള്ളല്‍, മറ്റ് ശരീരസൗന്ദര്യപ്രശ്‌നങ്ങള്‍ എന്നിവക്കെതിരെ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ ഔഷധമാണ് കറ്റാര്‍വാഴ. ഇത് കൂടാതെ ആര്‍ത്രൈറ്റിസ്, പ്രമേഹം, എന്നിവയെ ചികിത്സിക്കാനും നാട്ടുവൈദ്യത്തില്‍ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. ലിവര്‍ സിറോസിസ് എന്ന മാരകമായ അവസ്ഥയിലേക്കെത്തിനില്‍ക്കുന്ന കരള്‍ കോശങ്ങളുടെ സുസ്ഥിതി തിരികെയെത്തിക്കുന്നതിനും കറ്റാര്‍വാഴക്കുഴമ്പ് സഹായിക്കുന്നു.

ബ്രഹ്മി

സംസ്‌കൃതത്തില്‍ ‘കപോതവംഗ’ എന്നറിയപ്പെടുന്ന ബ്രഹ്മിയില്‍ ബ്രാഹ്മിന്‍, സാപ്പോണിന്‍, നിക്കോട്ടിന്‍, ഹെര്‍പ്പസ്റ്റിന്‍, ബെറ്റുലിക് ആസിഡ്, സ്റ്റിഗ്മസ്റ്റാറോള്‍, ബീറ്റാസെറ്റോസ്‌റ്റെറോള്‍, ബാക്കോസൈഡുകള്‍, നാക്കോപസാപോണിനുകള്‍ എന്നീ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു. മസ്തിഷ്‌കപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനുള്ള ബ്രഹ്മിയുടെ കഴിവ് ഏറെ പുകള്‍പെറ്റതാണ്.

കാര്യങ്ങള്‍ വായിച്ച് മനസിലാക്കാനുള്ള ശേഷി, ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ശേഷി, വീണ്ടും ഓര്‍മ്മിച്ചെടുക്കാനുള്ള ശേഷി എന്നിവ ശക്തിപ്പെടുത്താന്‍ ബ്രഹ്മിക്ക് കഴിയും. അതോടൊപ്പം ആയൂര്‍വേദത്തില്‍ നീര്, വേദന എന്നിവ ശമിപ്പിക്കാനുള്ള ഔഷധമായി ബ്രഹ്മി ഉപയോഗിക്കുന്നു. പനിചികിത്‌സയില്‍ ബ്രഹ്മിയും ഒരു ചേരുവയായി ഉപയോഗിച്ചു വരുന്നു. അപസ്മാരത്തിനുള്ള ചികിത്‌സാവിധികളിലും ബ്രഹ്മിക്ക് സ്ഥാനമുണ്ട്. ആര്‍ത്തവവേദന ലഘൂകരിക്കാനും ഇതിന് കഴിയും. മദ്യാസക്തി കുറയ്ക്കാനുള്ള ചികിത്സയിലും ബ്രഹ്മി അതിശക്തമായ ഒരു ഔഷധമാണ്.

സ്ഥിരമായി മദ്യപിച്ചിരുന്ന ഒരാള്‍ മദ്യം പൊടുന്നനെ നിറുത്തിയാല്‍ അല്ലെങ്കില്‍ കിട്ടാതെ വന്നാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ‘വിത്ഡ്രാവല്‍ സിംപ്റ്റംമുകള്‍’ പരിധി വിടുന്നത് തടയാനും കൈകാല്‍വിറ, വികാരവിക്ഷോഭങ്ങള്‍ എന്നിവ നിയന്ത്രിക്കാനും ബ്രഹ്മിക്ക് കഴിയും. ഇതിനായി, ബ്രഹ്മിപൊടി നെയ്യില്‍ അല്ലെങ്കില്‍ ചായയില്‍ കലര്‍ത്തി കഴിക്കാം.

ചിറ്റമൃത്

സംസ്‌കൃതത്തില്‍ ‘അമൃത’ എന്നറിയപ്പെടുന്ന ചിറ്റമ്യതിന്റെ സത്തിന് മദ്യപാനത്തിലൂടെ കരള്‍ നശിക്കുന്നതിനെ തടയാനും കരളിനെ സംരക്ഷിക്കാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ‘ഫാറ്റി ആസിഡ് അമൈഡുകള്‍’ എന്നറിയപ്പെടുന്ന എഅഅ കളുടെ അളവ് കുറയ്ക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യും. മാനസികോല്ലാസം പ്രദാനം ചെയ്യുന്ന ‘ഡോപാമൈന്‍’ എന്ന നാഡീഉദ്ദീപകത്തിന്റെ ഉത്പാദനത്തെ സ്വാധീനിക്കാനും ചിറ്റമ്യതിന് കഴിയും. ഇത് തലച്ചോറിനും നാഡീവ്യവസ്ഥക്കും ഉന്‍മേഷം പകരും. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയായി, ചിറ്റമ്യതിന്റെ തണ്ട് ഒരിഞ്ച് നീളത്തില്‍ മുറിച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് രാത്രി മുഴുവന്‍ സൂക്ഷിച്ചശേഷം വെറും വയറ്റില്‍ കഴിക്കാം. തണ്ടിന്റെ നീര് (1015 മില്ലി) തേനില്‍ കലര്‍ത്തി പതിവായി കഴിക്കുന്നതും ഇതേ ഫലം നല്‍കും.

നീര്‍മരുത്

സംസ്‌കൃതത്തില്‍ ‘ധവള’ എന്നറിയപ്പെടുന്ന നീര്‍മരുത് മലയാളികള്‍ക്കെല്ലാം സുപരിചിതമായ ഒരു മരമാണ്. ഇതിന്റെ പുറംതൊലിയാണ് മരുന്നായി ഉപയോഗിക്കുന്നത്. അര്‍ജുനിക് ആസിഡ്, ബെറ്റുല്ലിനിക് ആസിഡ്, എലാജിക് ആസിഡ് എന്നിവ യോടൊപ്പം ടാനിനുകളും ഇതിന്റെ പുറന്തൊലിയില്‍ കാണപ്പെടുന്നു. മരത്തില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന പുറന്തൊലി ഉണക്കി പൊടിച്ചതിനോടൊപ്പം (13 ഗ്രാം പൊടി) വെള്ളവും പാലും ചേര്‍ത്ത് തിളപ്പിച്ചത് ഒരു ദിവസം രണ്ടോ മൂന്നോ തവണ കഴിക്കാം.

മരത്തില്‍ നിന്നും എടുക്കുമ്പോള്‍ 25 സെന്റീമീറ്റര്‍ നീളവും 5 സെന്റീമീറ്റര്‍ വീതിയുമുള്ള സ്ട്രിപ്പുകളായി എടുക്കണം. ഇത് തണലില്‍, ആവശ്യത്തിന് വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ ഉണക്കണം. പിന്നീട് പൊടിച്ച്, മധുരത്തിനായി 10 ഗ്രാം തേന്‍ ചേര്‍ത്ത് പാലില്‍ കലര്‍ത്തി കാച്ചിയെടുത്ത് വെറും വയറ്റില്‍ മോരിനൊപ്പം കഴിച്ചാലും ഇതേ ഫലം ലഭിക്കുന്നതാണ്.

 alcohol
വൃക്കയിലെ അർബുദം: വിവിധ ഘട്ടങ്ങളും ചികിത്സാ സാധ്യതകളും തിരിച്ചറിയാം
 alcohol
കോഴിമുട്ടയോ താറാവ് മുട്ടയോ? പ്രോട്ടീൻ കൂടുതൽ ഏതിന്
 alcohol
കയ്യിൽ 'പ്ലാൻ ബി' വേണം! നീറ്റ് പരീക്ഷയുടെ മാനസിക സമ്മർദം ഒഴിവാക്കാം

Herbs to avoid harmfull effects of alcohol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com