

മുഖം മാത്രമല്ല, മുടിയും തിളങ്ങി നില്‍ക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നവര്‍ നിരവധിയാണ്. അതിന്റെ ഭാഗമായി പാര്‍ലറുകളില്‍ ഹെയര്‍ വാഷ് ചെയ്യുക സാധാരണമാണ്. മാസാജിങ് കൂടി ഉള്‍പ്പെട്ട ബ്യൂട്ടി പാര്‍ലര്‍ ഹെയര്‍ വാഷിന് ആരാധകര്‍ ഏറെയാണ്. തലമുടി വൃത്തിയാകുന്നതിനൊപ്പം മാനസികമായ സന്തോഷവും ഇത് നല്‍കുന്നു.
എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പ്രയോഗം പോലെ ചില സന്ദര്‍ഭങ്ങളില്‍ ബ്യൂട്ടി പാര്‍ലര്‍ ഹെയര്‍ വാഷ് ദുരന്തമായി തീരാറുമുണ്ട്. ബ്യൂട്ടി പാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം (ബിപിഎസ്എസ്) ചിലരില്‍ വലിയ ആഘാതം ഉണ്ടാക്കാം. തല മുടി ബാക്ക് വാഷ് ചെയ്യുന്ന രീതിയാണ് സലൂണുകളില്‍ ചെയ്യാറ്. ഇത്തരത്തില്‍ തലയും കഴുത്തും പിന്നിലെ ബേയ്സണിലേക്ക് നീട്ടി വെയ്ക്കുന്നത് ബിപിഎസ്എസ് സാധ്യത വര്‍ധിപ്പിക്കാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ബാക്ക് വാഷ് രീതിയില്‍ മുടി കഴുകുന്നതിന് യാതൊരു സപ്പോര്‍ട്ടും കൂടാതെ കഴുത്ത് ഒരുപാട് നേരം വെക്കുന്നത് കഴുത്ത് വേദന, പരിക്ക് ചില സന്ദര്‍ഭങ്ങളില്‍ സ്‌ട്രോക്ക് (ബിപിഎസ്എസ്) വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 1993-ല്‍ അമേരിക്കന്‍ ന്യൂറോളജിസ്റ്റ് ആയ മൈക്കല്‍ വെയ്ന്‍ട്രാബ് ആണ് ആദ്യമായി ബിപിഎസ്എസ് എന്ന ആരോഗ്യാവസ്ഥയെ തിരിച്ചറിയുന്നത്. ബ്യൂട്ടി പാര്‍ലറുകളില്‍ ഹെയര്‍ വാഷ് ചെയ്ത ശേഷം ചില രോഗികളില്‍ പക്ഷാഘാതവുമായി ബന്ധപ്പെട്ട ഗുരുതര ലക്ഷണങ്ങള്‍ ഉണ്ടായതായി അദ്ദേഹം കണ്ടെത്തി. തലച്ചോറിലേക്ക് രക്തയോട്ടം പെട്ടെന്ന് കുറയുന്നതു മൂലം സംഭവിക്കുന്ന മസ്തിഷ്‌കാഘാതമാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്.
ശരിയല്ലാത്ത പൊസിഷനില്‍ കഴുത്ത് വെക്കുന്നതും കഴുത്ത് ചുറ്റിക്കുമ്പോഴും അല്ലെങ്കില്‍ ഷാംപൂ ചെയ്യുന്നതിനിടെ പെട്ടെന്ന് കുലുക്കം തട്ടുന്നതും തലച്ചോറിന്റെ പിന്‍ഭാഗത്തേക്കും അടിഭാഗത്തേക്കുമുള്ള രക്തം വിതരണം ചെയ്യുന്ന പ്രധാന രക്തക്കുഴലുകളില്‍ സമ്മര്‍ദം ചെലുത്താന്‍ കാരണമാകും. ചില കേസുകളില്‍ ബോണ്‍ സ്പര്‍സ് (നട്ടെല്ലിന്റെ ചെറിയ അസ്ഥികള്‍) സമീപത്തെ രക്തക്കുഴലുകളെ ഞെരുക്കാനോ നശിപ്പിക്കാനോ ചെയ്യുന്നതും ബിപിഎസ്എസ്സിലേക്ക് നയിക്കാം.
2016-ല്‍ നടത്തിയ ഒരു സ്വിസ് പഠനത്തില്‍ 2002 മുതല്‍ 2013 വരെ പത്ത് ബിപിഎസ്എസ് കേസുകള്‍ മാത്രമാണ് കണ്ടെത്താനായത്. അതുകൊണ്ട് ഇത് സാധാരണ സ്‌ട്രോക്ക് കേസുകളെക്കാള്‍ അപൂര്‍വമാണ്. എന്നാല്‍ ഇവയുടെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നു. മുടി കഴുകുന്നതിലെ വേഗത, ദൈര്‍ഘ്യം, കഴുകുമ്പോള്‍ തലയ്ക്കും കഴുത്തിനും ഉണ്ടാകുന്ന കുലുക്കങ്ങള്‍ ഇതെല്ലാം അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ബിപിഎസ്എസ് ലക്ഷണങ്ങള്‍
കഠിനമായ തലവേദന, തലകറക്കം, കാഴ്ച മങ്ങുക അല്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടുക, ഛര്‍ദ്ദി, ഓക്കാനം, കഴുത്ത് വേദന, ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ രോഗികളുടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകാം. എന്നാല്‍ ബിപിഎസ്എസ് ലക്ഷണങ്ങള്‍ വൈകുന്നത് സാധാരണ സ്‌ട്രോക്കിനെക്കാള്‍ ബിപിഎസ്എസ് രോഗനിര്‍ണയം ഡോക്ടര്‍ക്ക് ബുദ്ധിമുട്ടാകുന്നു.
മുന്‍കരുതല്‍ ആണ് ബിപിഎസ്എസ് ചെറുക്കാനുള്ള പ്രധാന മാര്‍ഗം
ബാക്ക് വാഷ് ചെയ്യുമ്പോള്‍ കഴുത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടാല്‍ തല പിന്നിലേക്ക് നീട്ടിന്നതിന് പകരം സിങ്കില്‍ തല മുന്നോട്ട് കുനിഞ്ഞ് ഇരിക്കുന്നത് വേദന ഒഴിവാക്കാന്‍ സഹായിക്കും.
ബാക്ക് വാഷ് ഒഴിവാക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ കഴുത്തിന് സപ്പോര്‍ട്ട് കിട്ടുന്ന തരത്തില്‍ എന്തെങ്കിലും ഉപയോഗിക്കുക.
മൃദുവായി മുടി കഴുകാന്‍ ഹെയര്‍ ഡ്രെസ്സറിനോട് ആവശ്യപ്പെടുക.
ഒരുപാട് നേരം ബാക്ക് വാഷ് രീതിയില്‍ തുടരാതെയിരിക്കാനും ശ്രദ്ധിക്കണം. കൂടാതെ മുടി കഴുകുന്നതിനിടെ എന്തെങ്കിലും തരത്തില്‍ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ അത് ഹെയര്‍ഡ്രെസ്സറെ അറിയിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates