

വീട് വൃത്തിയാക്കണമെന്ന് തീരുമാനിച്ചാൽ, പലപ്പോഴും ആദ്യം എവിടെ തുടങ്ങണമെന്ന കാര്യത്തിലായിരിക്കും കൺഫ്യൂഷൻ. അടുക്കളയാണോ കിടപ്പുമുറിയാണോ സ്വീകരണമുറിയാണോ ആദ്യം വൃത്തിയാക്കേണ്ടത്?
ചിലർ ആദ്യം നിലം തുടച്ചുതുടങ്ങും. മറ്റു ചിലർ സാധനങ്ങൾ അടുക്കിവെക്കുന്നതിലായിരിക്കും ശ്രദ്ധിക്കുക. എന്നാൽ ശരിയായ ക്രമത്തിൽ ക്ലീനിങ് ചെയ്തില്ലെങ്കിൽ ഒരേ ഭാഗം തന്നെ വീണ്ടും വീണ്ടും വൃത്തിയാക്കേണ്ടിവരും. ഇത് സമയവും അധ്വാനവും വർധിപ്പിക്കും.
ക്ലീനിങ് തുടങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് മുറികളിലുള്ള അനാവശ്യ സാധനങ്ങൾ മാറ്റിവെക്കുകയാണ്. ഉപയോഗിക്കാത്ത പേപ്പറുകൾ, ഒഴിഞ്ഞ കവറുകൾ, പഴയ പത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഓരോന്നായി വേർതിരിക്കാം. ആവശ്യമുള്ള സാധനങ്ങൾ മാത്രം അതത് സ്ഥാനങ്ങളിൽ ക്രമീകരിക്കുക. ഇതിലൂടെ വൃത്തിയാക്കാനുള്ള സ്ഥലം കൂടുതൽ ലഭിക്കുകയും ജോലി എളുപ്പമാകുകയും ചെയ്യും.
ക്ലീനിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് മുകളിൽ നിന്ന് താഴേക്ക് എന്ന രീതി. ആദ്യം ഫാനുകൾ, ലൈറ്റുകൾ, ജനൽപ്പാളികൾ, അലമാരകളുടെ മുകൾഭാഗം, ഷെൽഫുകൾ എന്നിവയിലെ പൊടി നീക്കം ചെയ്യുക. അതിനുശേഷം മേശ, കസേര, മറ്റ് ഫർണിച്ചറുകൾ എന്നിവ വൃത്തിയാക്കാം. ഇങ്ങനെ ചെയ്താൽ മുകളിലുള്ള പൊടി താഴേക്ക് വീണാലും പിന്നീട് നിലം വൃത്തിയാക്കുമ്പോൾ നീക്കം ചെയ്യാനാകും.
കിടപ്പുമുറിയിൽ ആദ്യം കിടക്കയിലെ വിരിപ്പുകളും തലയിണ കവറുകളും മാറ്റുക. ഉപയോഗിച്ച വസ്ത്രങ്ങൾ അലക്കാനുള്ള കുട്ടയിൽ ഇടാം. അലമാരയ്ക്ക് പുറത്തുള്ള വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ക്രമീകരിക്കുക. കട്ടിലിനടിയിലും മുറിയുടെ മൂലകളിലും അടിഞ്ഞുകൂടിയ പൊടിയും അഴുക്കും നീക്കം ചെയ്യണം. മുറിയിലെ മറ്റ് പ്രതലങ്ങൾ തുടച്ചശേഷം നിലം വൃത്തിയാക്കാം.
വീട്ടിലെത്തുന്ന അതിഥികൾ ആദ്യം കാണുന്ന ഇടമാണ് സ്വീകരണമുറി. അതുകൊണ്ട് ഈ ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സോഫയിലെ പൊടി നീക്കം ചെയ്യുക, കുഷ്യനുകൾ ക്രമീകരിക്കുക, മേശയും ടിവി യൂണിറ്റും തുടയ്ക്കുക. ജനലുകളും വാതിലുകളും വൃത്തിയാക്കാനും ശ്രദ്ധിക്കണം. അനാവശ്യ അലങ്കാരവസ്തുക്കൾ മാറ്റിവെക്കുന്നത് മുറി കൂടുതൽ ഭംഗിയുള്ളതാക്കും.
വീട്ടിൽ ഏറ്റവും കൂടുതൽ അഴുക്കും എണ്ണക്കറയും അടിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടമാണ് അടുക്കള. അതുകൊണ്ട് അടുക്കള വൃത്തിയാക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ആദ്യം പാത്രങ്ങൾ കഴുകി മാറ്റിവെക്കുക. തുടർന്ന് അടുക്കളയിലെ കൗണ്ടർടോപ്പുകൾ, ഗ്യാസ് സ്റ്റൗ, സിങ്ക്, ടൈലുകൾ എന്നിവ വൃത്തിയാക്കാം. ഫ്രിഡ്ജിന്റെ പുറംഭാഗവും അടുക്കളയിലെ ക്യാബിനറ്റുകളും തുടയ്ക്കണം. ഭക്ഷണാവശിഷ്ടങ്ങൾ കൃത്യമായി നീക്കം ചെയ്യാനും ശ്രദ്ധിക്കുക.
ബാത്ത്റൂമും ടോയ്‌ലറ്റും വൃത്തിയാക്കാൻ പ്രത്യേക ക്ലീനിങ് സാമഗ്രികൾ ഉപയോഗിക്കാം. വാഷ്‌ബേസിൻ, ടാപ്പുകൾ, ഷവർ ഏരിയ, ടൈലുകൾ, ടോയ്‌ലറ്റ് എന്നിവ ഓരോന്നായി വൃത്തിയാക്കുക. സോപ്പിന്റെ അംശങ്ങളും വെള്ളക്കറകളും നീക്കം ചെയ്യണം.
വൃത്തിയാക്കിയ ശേഷം വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കിക്കളയുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുക. ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബ്രഷും തുണികളും മറ്റ് ഭാഗങ്ങളിൽ ഉപയോഗിക്കരുത്.
ജനൽച്ചില്ലുകൾ, വാതിലുകൾ, ജനൽപ്പാളികൾ എന്നിവയിൽ പൊടിയും കറയും എളുപ്പത്തിൽ അടിഞ്ഞുകൂടും. ആദ്യം ഉണങ്ങിയ തുണി ഉപയോഗിച്ച് പൊടി നീക്കം ചെയ്തശേഷം അനുയോജ്യമായ ക്ലീനിങ് ലായനി ഉപയോഗിച്ച് തുടയ്ക്കാം. ജനൽച്ചില്ലുകൾ വൃത്തിയാക്കുമ്പോൾ പാടുകൾ അവശേഷിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ക്ലീനിങ്ങിൻ്റെ അവസാന ഘട്ടമായിരിക്കണം നിലം വൃത്തിയാക്കൽ. ആദ്യം ചൂലോ വാക്വം ക്ലീനറോ ഉപയോഗിച്ച് പൊടിയും മുടിയും മറ്റ് അഴുക്കുകളും നീക്കം ചെയ്യുക. അതിനുശേഷം അനുയോജ്യമായ ഫ്ലോർ ക്ലീനർ ഉപയോഗിച്ച് നിലം തുടയ്ക്കാം. മുറികളുടെ അകത്തു നിന്ന് പുറത്തേക്കുള്ള രീതിയിൽ വൃത്തിയാക്കുന്നത് വീണ്ടും അഴുക്കുള്ള ഭാഗങ്ങളിലൂടെ നടക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. നിലം പൂർണമായി ഉണങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം സാധനങ്ങൾ പഴയ സ്ഥാനങ്ങളിൽ ക്രമീകരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates