

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് പലരെയും അലട്ടുന്ന പ്രശ്നമാണ്. ശുചിത്വക്കുറവു മുതൽ രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ ഇതിന് കാരണമാകാറുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടുന്നതുപോലും കഴുത്തിലെ കറുപ്പിന് കാരണമാകാം. ഇതിന് പിന്നിലെ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് പ്രധാനം. കഴുത്തിലെ കറുപ്പ് മറയ്ക്കാൻ പൊടിക്കൈകൾ അടുക്കളയിൽ തന്നെയുണ്ട്.
ചർമത്തിലെ കറിവാളിപ്പ് മാറാൻ തൈര് വളരെ ഫലപ്രദമാണ്. രണ്ട് ടേബിൾ സ്പൂൺ തൈര് കഴുത്തിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.
ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബദാം എണ്ണ ചർമകാന്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നു രണ്ടു തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. ചർമത്തിന് ആ എണ്ണമയം ആഗിരണം ചെയ്യാനുള്ള സമയം കൊടുക്കുക. ശേഷം ശുദ്ധജലമുപയോഗിച്ച് കഴുത്ത് വൃത്തിയാക്കാം.
ഉരുളക്കിഴങ്ങിൽ ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളമുപയോഗിച്ച് കഴുകിക്കളയുക.
കഴുത്തിലെ കറുപ്പു നിറമകറ്റാൻ ഉത്തമമാണ് കറ്റാർവാഴ ജെൽ. അതിലടങ്ങിയിരിക്കുന്ന വിറ്റമിനുകളും ധാതുക്കളും ചർമത്തിലെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ ഇല പറിച്ച് അതിലെ ജെൽ വേർതിരിച്ചെടുക്കുക. ആ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates