

നമ്മുടെ ദൈനംദിന ഡയറ്റിൻ്റെ ഒരു പ്രധാനഭാഗമാണ് മുട്ട. പ്രോട്ടീൻ റിച്ച് ആയ മുട്ടയെന്ന് കേൾക്കുമ്പോൾ മിക്കവാറും ആളുകൾ ചിന്തിക്കുക കോഴി മുട്ടയെ കുറിച്ചാണ്. എന്നാൽ കോഴിമുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മുട്ടയാണ് താറാവിൻ്റേത്. താറാവു മുട്ടയെക്കാൾ രുചി കോഴി മുട്ടക്കാണെന്നതാണ് പലരും കോഴി മുട്ട തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ താറാവു മുട്ടയുടെ മറ്റ് ഗുണങ്ങൾ അറിഞ്ഞാൽ ഒരുപക്ഷെ ആ തീരുമാനം മാറാം.
കാഴ്ചയിൽ തന്നെ ഇവ രണ്ടും തിരിച്ചറിയാൻ സാധിക്കും. സാധാരണ കോഴിമുട്ടയെക്കാൾ ഇരട്ടി വലിപ്പം താറാവു മുട്ടയ്ക്ക് ഉണ്ടാകും. അവയുടെ പുറം തോടിനും കട്ടി കൂടുതലായിരിക്കും. താറാവു മുട്ടകൾ വെള്ള നിറത്തിലാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഗ്രേ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലും അപൂർവമായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.
താറാവു മുട്ടയുടെ മഞ്ഞക്കരു, കോഴിമുട്ടയുടെതിനെ അപേക്ഷിച്ച് കുറച്ചു കൂടി ഗോൾഡൻ ഓറഞ്ച് നിറമായിരിക്കും. രുചിയിലേക്ക് വരുമ്പോൾ കോഴിമുട്ടയിലേക്ക് അധികമായി ഒരു മഞ്ഞക്കരു കൂടി ചേർത്ത രുചിയായിരിക്കും താറാവു മുട്ടയ്ക്ക്.
ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിയ്ക്കുമെന്നതാണ് പ്രത്യേകത. കൂടാതെ താറാവു മുട്ടയിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തിക്കും ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിനും മികച്ചതാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും താറാവു മുട്ട സഹായിക്കും.
വിറ്റാമിന്‍ എ തിമിരം, നിശാന്ധത തുടങ്ങിയ പല ആരോഗ്യ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കും. കൂടാതെ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. പ്രത്യേകിച്ച് കുട്ടികളിൽ, ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും.
എന്നാൽ കോഴിമുട്ടയിൽ ഉള്ളതിനെക്കാൾ മൂന്ന് മടങ്ങ് കോളസ്ട്രോളും കൊഴുപ്പും താറാവുമുട്ടയിൽ അടങ്ങിയിട്ടുണ്ട്. അമിതമായാൽ ഇത് ഹൃദ്രോഗസാധ്യത വർധിപ്പിക്കാം.
ഒരു താറാവു മുട്ടയെന്നാൽ രണ്ട് കോഴിമുട്ടയ്ക്ക് സമമാണ്. അതുകൊണ്ട് ദിവസവും ഒരു താറാവു മുട്ട തന്നെ ധാരാളം. താറാവു മുട്ട പാകം ചെയ്യുമ്പോൾ കോഴിമുട്ടയെക്കാൾ സ്വാഭാവികമായും സമയമെടുക്കാറുണ്ട്. ഓംലെറ്റ് അടിച്ചും പുഴുങ്ങിയും താറാവു മുട്ട ഡയറ്റിൽ ചേർക്കാം.
How Duck Eggs vs. Chicken Eggs Compare in Nutrition, Taste
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates