

വലിയ മെനക്കേടൊന്നുമില്ലാതെ വിശപ്പടക്കാനുള്ള ഒരു ഈസി ഓപ്ഷനായി ഇന്‍സ്റ്റന്റ് നൂഡില്‍സുകളെ കരുതുന്ന നിരവധി ആളുകളുണ്ട്. അതില്‍ ഏറെയും കൗമാരക്കാരും യുവാക്കളുമാണെന്നതാണ് ശ്രദ്ധേയം. വിലക്കുറവും സമയലാഭവുമാണ് ഇത്തരം ഭക്ഷണങ്ങള്‍ക്ക് ആരാധകരെ കൂട്ടുന്നത്. ഒരു ദിവസം തന്നെ രണ്ടും മൂന്നും നേരം ഇന്‍സ്റ്റന്റ് നൂഡില്‍സിനെ ആശ്രയിക്കുന്നവരും ഏറെയാണ്.
പ്രീ-കുക്ക് ചെയത് ഡ്രൈ ആക്കിയ നൂഡില്‍സും മസാലയുമായാണ് ഇവ പാക്കറ്റുകളില്‍ കിട്ടുന്നത്. ചൂടുവെള്ളത്തില്‍ മസാല പൊട്ടിച്ചിട്ട് നൂഡില്‍സ് കൂടി ചേര്‍ന്ന് രണ്ട് മിനിറ്റ് വേവിച്ചാല്‍ സംഭവം റെഡി. ഈ സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഇവ പതിവായി കഴിക്കുന്നതു കൊണ്ട് ചില ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഓരോ ഉല്‍പന്നങ്ങള്‍ക്ക് അനുസരിച്ച് അതിന്റെ പോഷകമൂല്യത്തിലും വ്യത്യാസം വരും, എന്നാലും പൊതുവെ ഇന്‍സ്റ്റന്റ് നൂഡില്‍സുകള്‍ കലോറി കുറഞ്ഞതായിരിക്കും. കൂടാതെ പല പ്രധാന പോഷകങ്ങളും ഇതില്‍ ഉണ്ടാകില്ല. ഗോതമ്പു മാവ് കൊണ്ടാണ് നൂഡില്‍സ് ഉണ്ടാക്കുന്നതെങ്കിലും അവയുടെ പോഷകമൂല്യം കൂട്ടാന്‍ അയണ്‍, ബി വിറ്റാമിനുകള്‍ എന്നിവ അധിതമായി ചേര്‍ക്കാറുണ്ട്. എന്നാല്‍ പ്രധാന പോഷകങ്ങളായ പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിന്‍ എ, സി, ബി12, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തീരേ ഉണ്ടാവില്ല.
ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഡിയം ആവശ്യമാണെങ്കിലും കൂടിപ്പോയാല്‍ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും. പാക്കറ്റുകളില്‍ കിട്ടുന്ന ഇന്‍സ്റ്റന്റ് നൂഡില്‍സുകളില്‍ സോഡിയത്തിന്റെ അളവു കൂടുതലായിരിക്കും. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, കാന്‍സര്‍ വരെയുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമാകും.
ഇന്സ്റ്റന്റ് നൂഡില്‍സുകളിലെ രണ്ട് പ്രധാന ചേരുവകളാണ് എംഎസ്ജി, ടിബിഎച്ച്ക്യൂ എന്നിവ. സംസ്കരിച്ച ഭക്ഷണങ്ങളുടെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിനും കേടാകുന്നത് തടയുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രിസർവേറ്റീവാണ് ടെർഷ്യറി ബ്യൂട്ടൈൽഹൈഡ്രോക്വിനോൺ (ടിബിഎച്ച്ക്യൂ). വളരെ ചെറിയ അളവിൽ ഇത് സുരക്ഷിതമാണെങ്കിലും പാതിവായി ദീര്‍ഘകാലം ഉപയോഗിക്കുന്നത് നാഡീവ്യവസ്ഥ തകരാറിലാകാനും, ലിംഫോമയുടെ സാധ്യത വർധിപ്പിക്കാനും, കരളിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) ഇന്‍സ്റ്റന്‍റ് നൂഡില്‍സിലെ രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു അഡിറ്റീവാണ്. ചില ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് സെന്‍സിറ്റീവ് ആയിരിക്കും. ഇത് തലവേദന, ഓക്കാനം, ഉയർന്ന രക്തസമ്മർദം, ബലഹീനത, പേശികളുടെ മുറുക്കം, ചർമത്തില്‍ തിണര്‍പ്പ് എന്നിവയിലേക്ക് നയിക്കുന്നു.
മാത്രമല്ല, പതിവായി ഇന്‍സ്റ്റന്‍റ് നൂഡില്‍സ് കഴിക്കുന്നത് മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ്, ഉയർന്ന രക്തസമ്മർദം, ഉയർന്ന രക്തത്തിലെ പഞ്ചസാര, അസാധാരണമായ രക്തത്തിലെ ലിപിഡ് അളവ് എന്നിവയുൾപ്പെടെയുള്ള ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
എന്ന് കരുതി ഇന്‍സ്റ്റന്‍റ് നൂഡില്‍സ് പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. വല്ലപ്പോഴും കഴിക്കുന്നതില്‍ ദോഷമില്ല മാത്രമല്ല, ഇന്‍സ്റ്റന്‍റ നൂഡില്‍സ് ഉണ്ടാക്കുമ്പോള്‍ അധികമായി പോഷകങ്ങള്‍ ചേര്‍ത്താല്‍ ഈ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കുകയും ചെയ്യാം.
പച്ചക്കറികൾ ചേർക്കുക: കാരറ്റ്, ബ്രോക്കോളി, ഉള്ളി അല്ലെങ്കിൽ കൂൺ പോലുള്ള പച്ചക്കറികൾ ഇൻസ്റ്റന്റ് നൂഡിൽസിൽ ചേർക്കുന്നത് അവയുടെ പോഷകമൂല്യം കൂട്ടാന്‍ സഹായിക്കും.
പ്രോട്ടീൻ: ഇന്‍സ്റ്റന്‍റ് നൂഡിൽസിൽ പ്രോട്ടീൻ കുറവായതിനാൽ, മുട്ട, ചിക്കൻ, മീന്‍ പോലുള്ളവ ചേർത്ത് കഴിക്കുന്നത് നൂഡില്‍സിനെ പ്രോട്ടീന്‍ സമൃദ്ധമാക്കും.
കുറഞ്ഞ സോഡിയം: ഇന്‍സ്റ്റന്‍റ് നൂഡില്‍സില്‍ സോഡിയം കുറഞ്ഞ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇത് ഉപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കും.
മസാല പാക്കറ്റ് ഒഴിവാക്കുക: ഇന്‍സ്റ്റന്‍റ് നൂഡില്‍സിനൊപ്പം കിട്ടുന്ന മാസാല പാക്കുറ്റുകള്‍ക്ക് പകരം, സോഡിയം കുറഞ്ഞ മസാല സ്വന്തമായി ഉണ്ടാക്കി ചേര്‍ക്കാവുന്നതാണ്. ഇത് നൂഡില്‍സ് കൂടുതല്‍ ആരോഗ്യപ്രദമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates