

പല ആവശ്യങ്ങൾക്കായി യാത്രകൾ നടത്തുന്നവരാണ് മിക്കവരും. ട്രെയിൻ, ബസ്, വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സൗകര്യത്തോടെ ഇരിക്കാൻ പറ്റിയ സീറ്റ് അല്ലെങ്കിൽ വിൻഡോ സീറ്റ് കിട്ടുമോ എന്നോർത്ത് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ? ഇതൊരു അവസ്ഥയാണത്രേ, സീറ്റ് ആങ്സൈറ്റി അഥവാ ഇരിപ്പിടത്തെ കുറിച്ചുള്ള ആശങ്ക എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
യുകെയിൽ സമീപകാലത്ത് നടന്ന ഏറ്റവും പുതിയ പഠനം അനുസരിച്ച് ബ്രിട്ടനിലെ ഭൂരിഭാഗം ജനങ്ങളെയും അലട്ടുന്ന ഒരു മാനസികാവസ്ഥയായി സീറ്റ് ആങ്സൈറ്റി മാറിയെന്നാണ് നിഗമനം. യുകെയിലെ പ്രമുഖ ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമായ നൂമാൻ ഏതാണ്ട് 3000 ആളുകളിൽ നടത്തിയ സർവേയിൽ സീറ്റ് ആങ്സൈറ്റി ഇൻഡക്സ് വളരെ കൂടൂതലാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
കൂടുതൽ കംഫർട്ടബിൾ ആയ സീറ്റ് കിട്ടിലേ എന്ന ഭയത്തിൽ ഭൂരിഭാഗം ആളുകളും മുൻകൂട്ടി നിശ്ചിച്ച പ്ലാനുകളിൽ മാറ്റം വരുത്താറുണ്ടെന്നും വിലയിരുത്തി. വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മിഡിൽ സീറ്റുകളോടാണ് ഈ അമിത താൽപ്പര്യം ഉള്ളത്. അതിന് വേണ്ടി വലിയ തുക അധികം നൽകി മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാനും എക്സ്ട്രാ ലെഗ്‌റൂമുള്ള സീറ്റുകൾ വാങ്ങാനും ആളുകൾ തയാറാവുകയാണ്. ശരാശരി 154 പൗണ്ട് വരെ ഒരു വ്യക്തി ഇതിനായി ചിലവാക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ഇതിനെയാണ് കംഫർട്ട് ടാക്സ് എന്ന് പറയുന്നത്.
യുകെയിലാകെ കണക്കാക്കിയാൽ വർഷം തോറും 1.4 ബില്യൺ പൗണ്ടാണ് പലപ്പോഴും ഈ കംഫർട്ട് ടാക്സ് ഇനത്തിൽ ആളുകൾ നൽകുന്നത്. അതേസമയം, 1990-കളേക്കാൾ വിമാനങ്ങളിലെയും ബസുകളിലെയും സീറ്റുകളുടെ വീതി രണ്ട് ഇഞ്ചോളം കുറഞ്ഞതും ആളുകളുടെ ശരീരഭാരവും വണ്ണവും കൂടിയതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്തായാലും കേവലം ഒരു യാത്രാ പ്രശ്നം എന്നതിനേക്കാൾ ജനങ്ങളുടെ മാനസികാരോഗ്യത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്ന ഒരു പ്രതിസന്ധിയായി മാറുകയാണ് ഈ സീറ്റ് ആൻക്സൈറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates