

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇരട്ടത്താടി. എത്ര ശ്രമിച്ചാലും ഇരട്ടത്താടി മാറ്റിയെടുക്കുക ചിലരെ സംബന്ധിച്ചിടത്തോളം ബാലികയറാ മലയാണ്. അതിനായി ശസ്ത്രക്രിയ ചെയ്യാൻ വരെ മുതിരുന്നവരുണ്ട്. എന്നാൽ ശസ്ത്രക്രിയയുടെ സഹായമില്ലാതെ ഇരട്ടത്താടി ഒഴിവാക്കാൻ ചില വ്യായാമങ്ങൾ പരീക്ഷിച്ചാലോ? അൽപം സമയവും മെനക്കെടാനുള്ള മനസും സ്ഥിരതയുമുണ്ടെങ്കിൽ ഇരട്ടത്താടി അഥവാ ഡബിൾ ചിൻ ഒഴിവാക്കാൻ സാധിക്കും.
കിസ് ദി സീലിങ്ങ്
തല പുറകിലേക്കാക്കി സീലിങ്ങിലേക്കു നോക്കുക. എന്നിട്ട് സീലിങ്ങിന് മുത്തം കൊടുക്കുന്ന പോലെ ചുണ്ടുകൾ കൂട്ടിപ്പിടിക്കാം. ഇങ്ങനെ 5–10 നിമിഷം നിന്നതിനു ശേഷം പൂർവ്വസ്ഥിതിയിലേക്കു വരാം. ഇങ്ങനെ 10–15 തവണ ചെയ്യാം.
ടങ്ങ് ട്രെച്ച്
നേരേ നോക്കിക്കൊണ്ട് പറ്റുന്നത്ര നീളത്തിൽ നാവ് പുറത്തേക്ക് നീട്ടുക. എന്നിട്ട് നാക്ക് സാവകാശം മൂക്കിനെ തൊടുന്ന തരത്തിൽ പൊക്കാം. ഇങ്ങനെ 10 സെക്കൻ്റ് നിൽക്കുക. ശേഷം പഴയപടി വരാം. ഇങ്ങനെ 10–15 ആവർത്തി ചെയ്യാം.
ബോൾ എക്സർസൈസ്
ഒരു ടെന്നിസ് പന്തെടുത്ത് താടികൊണ്ട് അമർത്തി കഴുത്തിലേക്ക് വയ്ക്കുക. എന്നിട്ട് റിലാക്സ് ചെയ്യുക. വീണ്ടും വ്യായാമം തുടരാം. 10–20 തവണ ചെയ്യുക.
വവൽ വ്യായാമം
വായ നന്നായി തുറന്ന് ഇംഗ്ലീഷ് അക്ഷരം ‘ഒ’ എന്ന ആകൃതി വരുത്തുക. ശേഷം സാവകാശം ‘ഇ’ എന്ന് പറഞ്ഞ് ചുണ്ടും കവിളും വശങ്ങളിലേക്കു സ്ട്രെച്ച് ചെയ്യാം. ഇത് 10–15 തവണ ചെയ്യുക.
ഫിഷ് ഫെയ്സ്
കവിളുകൾ വായ്ക്കകത്തേക്ക് വലിച്ച് ഒട്ടിച്ച് ചുണ്ടു കൂട്ടി മീനിന്റെ മുഖം പോലെയാക്കുക. അങ്ങനെ അഞ്ച് സെക്കൻ്റ് നിന്ന ശേഷം ചിരിക്കാം. എന്നിട്ട് മുഖം സാധാരണ പോലെ വയ്ക്കാം. ഈ വ്യായാമം 10–15 തവണ ആവർത്തിക്കാം.
സ്ട്രെയിറ്റ് ജോ ജട്ട്
തല പുറകിലേക്കാക്കി ഉത്തരത്തിലേക്ക് നോക്കുക. എന്നിട്ട് താഴത്തെ താടി മുന്നോട്ട് നീക്കുക. താടിയിൽ നല്ല സ്ട്രെച്ച് കിട്ടും വരെ ഇത് ചെയ്യാം. ഇങ്ങനെ 10 നിമിഷം നിന്നിട്ട് റിലാക്സ് ചെയ്യുക. ഇതും 10–15 തവണ ചെയ്യാം.
ബോട്ടം ജോ ജട്ട്
തല പുറകോട്ടാക്കി വലത്തേക്കു തല തിരിക്കുക. എന്നിട്ട് കീഴ്ത്താടി മുന്നിലേക്ക് ഉന്തുക. 5–10 നിമിഷം അങ്ങനെ വച്ചിട്ട് റിലാക്സ് ചെയ്യാം. ഇതേപോലെ ഇടത്തേക്കും ചെയ്യുക. ഇത് 10 തവണ ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates