ജെല്‍ പേസ്റ്റ് ബാര്‍ സോപ്പിന് സമം, സോഫ്റ്റ് ടൂത്ത് ബ്രഷ് മോണരോ​ഗമുള്ളവർക്ക്

സോഫ്റ്റ് അല്ലെങ്കില്‍ അള്‍ട്ര സോഫ്റ്റ് ബ്രഷുകള്‍ മോണ രോഗങ്ങള്‍, ബ്ലീഡിങ് ഉള്ളവര്‍ക്ക് വേണ്ടി ഉള്ളതാണ്.
Dr.GR Manikandan healthy tooth paste
Oral Health.
Updated on
2 min read

കൃത്യമായ ദന്തസംരക്ഷണം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ്. ദിവസത്തില്‍ രണ്ട് നേരം പല്ലുകള്‍ വൃത്തിയാക്കണം, ഭക്ഷണ ശേഷം വായ കഴുകണം എന്നിങ്ങനെ ചില കാര്യങ്ങള്‍ അറിയാമെങ്കിലും ചില അടിസ്ഥാന ദന്തസംരക്ഷണ കാര്യങ്ങളില്‍ മിക്കയാളുകളും അജ്ഞരാണ്. ഇക്കാര്യങ്ങളെ കുറിച്ച് തിരുവനന്തപുരം, ഗവ. അര്‍ബന്‍ ദന്തല്‍ ക്ലിനിക്കിലെ മോണരോഗവിദഗ്ധന്‍ ഡോ. മണികണ്ഠന്‍ ജി ആര്‍ സമകാലിക മലയാളത്തോട് വിശദീകരിക്കുന്നു.

ബ്രഷില്‍ തന്നെ തുടങ്ങാം, കൈകള്‍ കൊണ്ട് പല്ലു വൃത്തിയാക്കിയ കാലം കഴിഞ്ഞു. ഇപ്പോള്‍ എല്ലാവരും ബ്രഷുകള്‍ ഉപയോഗിച്ചു പല്ലുകള്‍ വൃത്തിയാക്കുന്നവരാണ്. കടയില്‍ ചെന്നാല്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള ടൂത്ത് ബ്രഷുകള്‍ കാണാന്‍ സാധിക്കും.

  • ഹാര്‍ഡ്

  • മീഡിയം

  • സോഫ്റ്റ്

എന്തിനാണ് ഇങ്ങനെ മൂന്ന് തരം ബ്രഷുകളെന്നും അവയുടെ ഉപയോഗം എന്താണെന്നും അറിയാമോ?

ബ്രഷിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്- ഹാന്‍ഡില്‍, നെക്ക്, ബ്രിസില്‍. ഇതില്‍ ബ്രിസിലിന്റെ ഡയമീറ്റര്‍ അനുസരിച്ചാണ് അതിനെ സോഫ്റ്റ്, മീഡിയം, ഹാര്‍ഡ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു.

  • സോഫ്റ്റ് അല്ലെങ്കില്‍ അള്‍ട്ര സോഫ്റ്റ് ബ്രഷുകള്‍ മോണ രോഗങ്ങള്‍, ബ്ലീഡിങ് ഉള്ളവര്‍ക്ക് വേണ്ടി ഉള്ളതാണ്. പല്ലുകള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും സോഫ്റ്റ് അല്ലെങ്കില്‍ അള്‍ട്ര സോഫ്റ്റ് ബ്രിസിലുള്ള ബ്രഷുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട്.

  • വെപ്പു പല്ലുകള്‍ പോലുള്ള ഫേക്ക് പല്ലുകള്‍ വൃത്തിയാക്കാനാണ് ഹാര്‍ഡ് ടൂത്ത് ബ്രഷ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

  • ദൈംദിന ഉപയോഗത്തിന് എപ്പോഴും മീഡിയം ടൂത്ത് ബ്രഷ് ആണ് നല്ലത്. പല്ലുകള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നമില്ലാത്തവര്‍ മീഡിയം ടൂത്ത് ബ്രഷ് ആണ് ഉപയോഗിക്കേണ്ടത്.

നെക്ക് ടൈപ്പ് നോക്കിയാല്‍ ഫിക്സഡ് നെക്ക് ടൈപ്പിനെക്കാള്‍ ഫ്ലെക്‌സിബിള്‍ നെക്ക് ഉള്ള ബ്രഷുകള്‍ ഉപയോഗിക്കുന്നതാണ് മികച്ചത്. ഏറ്റവും അറ്റം വരെയുള്ള പല്ലുകള്‍ വരെ എത്തണമെങ്കില്‍ ഫ്ലെക്‌സിബിള്‍ നെക്ക് ഉള്ള ബ്രഷ് സഹായിക്കും.

എത്ര നേരം വരെ പല്ലുകള്‍ ബ്രഷ് ചെയ്യണം

  • മൂന്ന് മിനിറ്റ് മുതല്‍ നാല് മിനിറ്റ് വരെ ബ്രഷ് ചെയ്യാം.

  • ഒരു സമയം ഒന്ന് അല്ലെങ്കില്‍ മൂന്ന് പല്ലുകള്‍ക്ക് ശ്രദ്ധ കൊടുത്ത് ബ്രഷ് ചെയ്യുക. മേല്‍താടിക്ക് ശേഷം കീഴ്ത്താടി അതിന് ശേഷം ഉള്‍ഭാഗവും വൃത്തിയാക്കുക.

  • ഇടത്തുനിന്ന് വലത്തേക്ക് ശക്തിയായി ബ്രഷ് ചെയ്യുന്ന രീതിയാണ് സാധാരണ കാണുന്നത്. ഇത് പല്ലുകള്‍ക്ക് പെട്ടെന്ന് തേയ്മാനം സംഭവിക്കാന്‍ കാരണമാകും.

  • ഒരു സര്‍ക്കുലാര്‍ മോഷനില്‍ മോണയില്‍ നിന്ന് ചരിച്ച് വേണം ബ്രഷ് ചെയ്യാന്‍.

  • കീഴ്ത്താടിയിലെ മുന്‍നിര പല്ലുകളുടെ ഉള്‍ഭാഗത്തും മേല്‍ത്താടിയിലെ അണപ്പല്ലുകളുടെ പുറം ഭാഗത്തും അനുബന്ധിച്ചാണ് ഉമിനീര്‍ ഗ്രന്ഥികള്‍ ഉള്ളത്. ആ ഭാഗത്ത് ഉമിനീരിന്റെ പ്രവാഹം കൂടുതല്‍ ഉള്ളതിനാല്‍ അവിടെ പ്ലാക്ക് അധികമായി അടിഞ്ഞു കൂടാനുള്ള സാധ്യതയുണ്ട്. ആ ഭാഗം ബ്രഷ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ടൂത്ത് ബ്രഷ് മാറ്റേണ്ടത് എപ്പോള്‍

മൂന്ന് മാസം വരെയാണ് ഒരു ബ്രഷ് ഉപയോഗിക്കേണ്ട കാലാവധി. അതിന് മുന്‍പ് ആ ബ്രഷ് മോശമായാല്‍ അത് മാറ്റുകയും വേണം.

ബ്രഷ് സൂക്ഷിക്കേണ്ട രീതിയും ശ്രദ്ധക്കണം

  • ഇപ്പോള്‍ അടപ്പുകള്‍ ഉള്ള ടൂത്ത് ബ്രഷ് വിപണിയിലുണ്ട്. അവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈര്‍പ്പം ഉള്ള സമയം ബ്രഷ് ഇത്തരത്തില്‍ അടച്ചു സൂക്ഷിക്കുന്നത് പൂപ്പല്‍ ഉണ്ടാകാനും ഇത് അണുബാധയിലേക്കും നയിച്ചേക്കാം.

  • ശുചി മുറിയില്‍ നിന്ന് മാറി ഒരു ഗ്ലാസില്‍ കുത്തിനിര്‍ത്തുന്നതാണ് ബ്രഷ് ഡ്രൈ ആകാന്‍ നല്ലത്. ഇത് അണുബാധയുണ്ടാകാതിരിക്കാനും സഹായിക്കും.

  • ബ്രഷ് ചെയ്യുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ ഒന്ന് കഴുകുന്നതും നല്ലതാണ്.

പല്ലു വൃത്തിയാക്കുമ്പോള്‍ പുളിപ്പ്

പല്ലുകളില്‍ അടിഞ്ഞു കൂടുന്ന പ്ലാക്ക് ഖനീഭവിച്ച് അത് ഇത്തിള്‍ എന്ന അവസ്ഥയിലേക്ക് വരുന്നു. ബ്രഷ് ചെയ്യുമ്പോള്‍ പ്ലാക്ക് നീക്കം ചെയ്യാന്‍ കഴിയും. ബ്രഷ് ചെയ്യുന്നത് കൃത്യമല്ലാതെ ആകുമ്പോഴാണ് അവ ഖനീഭവിക്കുന്നത്. ഖനീഭവിച്ച പ്ലാക്ക് നീക്കം ചെയ്യുമ്പോള്‍ പല്ലുകള്‍ക്കിടയില്‍ അകലം വന്നതായൊക്കെ തോന്നാം. മോണ താഴോട്ട് ഇറങ്ങിയിട്ടുണ്ടാവും, മോണയെ ആവരണം ചെയ്യുന്ന സിമന്റം എന്ന കല പുറത്തേക്ക് കൂടുതല്‍ തള്ളി വന്നിട്ടുണ്ടാകാം.

സിമന്റം എന്ന കലകള്‍ വളരെ സെന്‍സിറ്റീവ് ആണ്. ചെറിയ തോതിലുള്ള കാറ്റോ തണുപ്പോ കൊണ്ടാല്‍ തന്നെ സെന്‍സിറ്റീവ് ആകും. അതുകൊണ്ടാണ് പല്ലു ക്ലീന്‍ ചെയ്യുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നത്. കൃത്യമായുള്ള ഇടവേളകളില്‍ പല്ലുകള്‍ ക്ലീന്‍ ചെയ്യുന്നവരാണെങ്കില്‍ (ആറ് മാസം കൂടുമ്പോള്‍ അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന തരത്തില്‍) ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.

Dr.GR Manikandan healthy tooth paste
'ആസ്ത്മ ഉള്ളയാളോട് അമര്‍ത്തി ശ്വാസമെടുക്കാന്‍ പറയുന്നതു പോലെയാണ് വിഷാദമുള്ളവരോട് പാട്ട് കേള്‍ക്കാന്‍ പറയുന്നത്'

ഏറ്റവും മികച്ച ടൂത്ത് പേസ്റ്റ്

വിപണിയില്‍ പ്രധാനമായും രണ്ട് തരം ടൂത്ത് പേസ്റ്റുകളാണ് ഉള്ളത്. ക്രീം രൂപത്തിലുള്ളതും ജെല്‍ രൂപത്തിലുള്ളതും. ഇതില്‍ ജെല്‍ രൂപത്തിലുള്ള പേസ്റ്റുകളോടാണ് ആളുകള്‍ക്ക് കൂടുതല്‍ താല്‍പര്യം. എന്നാല്‍ ബാര്‍ സോപ്പിട്ടു കുളിക്കുന്നതിന് സമാനമാണ് ജെല്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോള്‍. ബാര്‍ സോപ്പിലുള്ള പോലെ ജെല്‍ ടൂത്ത് പേസ്റ്റില്‍ ഉരസാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉണ്ട്. അത് ഉപയോഗിക്കുമ്പോള്‍ പല്ലുകള്‍ കൂടുതല്‍ വെളുക്കുന്നതായി തോന്നുമെങ്കിലും ദീര്‍ഘകാല ഉപയോഗത്തില്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കാം.

എന്നാല്‍ പിഎച്ച് ലെവല്‍ പരിശോധിക്കുമ്പോള്‍ ജെല്‍ ടൂത്ത് പേസ്റ്റിനെ അപേക്ഷിച്ച് ക്രീം ടൂത്ത് പേസ്റ്റില്‍ അടങ്ങിയ ഉരസല്‍ ഉണ്ടാക്കുന്ന ഘടകം കുറവാണ്. പല്ലുകളുടെ ആരോഗ്യത്തിന് മികച്ചത് ക്രീം ടൂത്ത് പേസ്റ്റ് ആണ്.

Dr.GR Manikandan healthy tooth paste
ഗ്രില്‍ഡ് ചിക്കനും വിഷാദവും; ഓറൽ കാൻസർ വരുന്ന വഴി!

വൈറ്റനിങ് ടൂത്ത് പേസ്റ്റ് ആവശ്യമില്ല

പുതിയ പഠനങ്ങള്‍ പ്രകാരം വൈറ്റനിങ് ടൂത്ത് പേസ്റ്റുകള്‍ പല്ലുകളെ പ്രത്യേകമായി വെളുപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല. അതേസമയം പല്ലുകള്‍ തൂവെള്ള നിറത്തില്‍ ഇരിക്കുന്നതാണ് ആരോഗ്യകരമെന്നത് തെറ്റിദ്ധാരണയാണെന്നും ഡോക്ടര്‍ പറയുന്നു. പാല്‍ പല്ലുകളാണ് 100 ശതമാനം വെളുത്ത നിറത്തിലുള്ളത്. പാല്‍ പല്ലുകള്‍ പൊഴിഞ്ഞു കഴിഞ്ഞു വരുന്ന പല്ലുകള്‍ അത്രമാത്രം വെളുത്തതാകണമെന്നില്ല. മോണയില്‍ നിന്ന് രക്തസ്രാവമോ ദന്തക്ഷയമോ വായ നാറ്റമോ ഇല്ലെന്നുണ്ടെങ്കില്‍ പല്ലുകള്‍ക്ക് ചെറിയ മഞ്ഞ നിറം വരുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

Summary

Oral Health: How to select best tooth paste and brush

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com