കൈ കൊടുക്കാൻ മടിയാണോ? അമിത വിയർപ്പ് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം

ഹൈപ്പർഹൈഡ്രോസിസ് ഉള്ളവരിൽ വിയർപ്പുഗ്രന്ഥികൾ അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ആവശ്യത്തിലധികം വിയർപ്പ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
Hyperhidrosis
HyperhidrosisMeta AI Image
Updated on
2 min read

ചൂടുള്ള കാലാവസ്ഥയിലോ കഠിനമായ വ്യായാമത്തിന് ശേഷമോ വിയർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ യാതൊരു കാരണവുമില്ലാതെ, സാധാരണ നിലയിലുള്ള തണുപ്പിലും വിശ്രമവേളകളിലും അമിതമായി വിയർക്കുന്ന അവസ്ഥയെയാണ് ഹൈപ്പർഹൈഡ്രോസിസ് എന്ന് പറയുന്നത്. ഹൈപ്പർഹൈഡ്രോസിസ് ഒരു രോഗാവസ്ഥ മാത്രമല്ല, പലപ്പോഴും വ്യക്തിയുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും പോലും ബാധിക്കുന്ന ഒരു പ്രശ്നമായി മാറുന്നു.

എന്താണ് ഹൈപ്പർഹൈഡ്രോസിസ്?

ശരീരതാപനില നിയന്ത്രിക്കാനാണ് നമ്മുടെ ശരീരം വിയർക്കുന്നത്. എന്നാൽ ഹൈപ്പർഹൈഡ്രോസിസ് ഉള്ളവരിൽ വിയർപ്പുഗ്രന്ഥികൾ അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ആവശ്യത്തിലധികം വിയർപ്പ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രധാനമായും കൈപ്പത്തികൾ, കാൽപത്തികൾ, കക്ഷങ്ങൾ, മുഖം, തലയിലെ ച‌ർമ്മം എന്നിവയെയാണ് ബാധിക്കുക.

അമിതമായി വിയർക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം സാമൂഹികമായ ഇടപെടലുകളിലെ പേടിയാണ് (Social Anxiety). മറ്റുള്ളവർക്ക് ഹസ്തദാനം (Handshake) നൽകാനുള്ള മടി, എഴുതുമ്പോൾ പേപ്പർ നനയുന്നത്, ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്, വസ്ത്രങ്ങളിലുണ്ടാകുന്ന വിയർപ്പ് പാടുകൾ, ആത്മവിശ്വാസക്കുറവ്, മാനസിക സമ്മർദ്ദം എന്നിവയാണ്. ഏകദേശം ജനസംഖ്യയിലെ 3 മുതൽ 5% ആളുകളെ ഈ പ്രശ്നം ബാധിക്കുന്നുണ്ട്.

ഇത് പ്രധാനമായും രണ്ടുതരത്തിലുണ്ട്:

  • പ്രൈമറി ഫോക്കൽ ഹൈപ്പർഹൈഡ്രോസിസ്: ഇത് ജനിതകപരമായ കാരണങ്ങളാൽ ഉണ്ടാകുന്നതാണ്. സാധാരണയായി കൈപ്പത്തികൾ, ഉള്ളംകാൽ, കക്ഷം, മുഖം എന്നിവിടങ്ങളിലാണ് ഇത് ബാധിക്കുന്നത്.

  • സെക്കൻഡറി ഹൈപ്പർഹൈഡ്രോസിസ്: പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ, അണുബാധകൾ, അല്ലെങ്കിൽ ചില മരുന്നുകളുടെ പാർശ്വഫലം എന്നിവ മൂലം ശരീരത്തിലുടനീളം വിയർക്കുന്ന അവസ്ഥയാണിത്.

രോഗനിർണ്ണയത്തിനായി ഡോക്ടർമാർ രക്തപരിശോധനകൾ, ചെസ്റ്റ് എക്സ്-റേ എന്നിവ നിർദ്ദേശിക്കാറുണ്ട്. കൃത്യമായ ചികിത്സയിലൂടെ ഹൈപ്പർഹൈഡ്രോസിസിനെ നിയന്ത്രിക്കാൻ സാധിക്കും.

പ്രതിരോധ മാർഗ്ഗങ്ങളും ചികിത്സയും

  • അലുമിനിയം ക്ലോറൈഡ് അടങ്ങിയ ആന്റിപെർസ്പിറന്റുകൾ: ഡോക്ടറുടെ നിർദ്ദേശപ്രകാരം രാത്രി ഉറങ്ങുന്നതിന് മുൻപ് ഇവ ഉപയോഗിക്കുന്നത് വിയർപ്പ് കുറയ്ക്കാൻ സഹായിക്കും.

  • അയോണ്ടോഫോറെസിസ് (Iontophoresis): ചെറിയ തോതിലുള്ള വൈദ്യുത പ്രവാഹം ഉപയോഗിച്ച് വിയർപ്പ് കുറയ്ക്കുന്ന രീതി.

  • ബോട്ടുലിനം ടോക്സിൻ (Botox): വിയർപ്പ് തടയാൻ കുത്തിവെപ്പുകൾ നൽകുന്ന രീതിയാണിത്. ഇതിന്റെ ഫലം 6 മുതൽ 24 മാസം വരെ നീണ്ടുനിൽക്കും.

വീഡിയോ അസിസ്റ്റഡ് തൊറാക്കോസ്കോപ്പിക് സിമ്പതിക്കോട്ടമി (VATS Sympathicotomy )

മറ്റ് ചികിത്സകൾ ഫലിക്കാത്ത സാഹചര്യത്തിൽ ഈ നൂതന താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഹൈപ്പ‍ർഹൈഡ്രോസിസിനെ ചികിത്സിക്കാൻ സാധിക്കും. ഒരു ചെറിയ ക്യാമറയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. കക്ഷത്തിന് താഴെയായി ഒന്നോ രണ്ടോ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുന്നു.

ഈ ദ്വാരത്തിലൂടെ സർജൻ ഒരു ക്യാമറ ഉള്ളിലേക്ക് കടത്തിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഉള്ളിലെ ദൃശ്യങ്ങൾ വലിയ മോണിറ്ററിൽ വ്യക്തമായി കാണാൻ സാധിക്കും. ഹൈ-ഡെഫനിഷൻ കാമറകൾ ഉപയോഗിക്കുന്നതിനാൽ സിമ്പതറ്റിക് നാഡികൾ വളരെ കൃത്യമായി കണ്ടെത്താനും ചുറ്റുമുള്ള മറ്റ് ടിഷ്യൂകൾക്ക് പരിക്കേൽക്കാതെ ശസ്ത്രക്രിയ നടത്താനും സാധിക്കുന്നു.

മുറിവുകൾ ചെറുതായതു കൊണ്ട് തന്നെ രക്തനഷ്ടം വളരെ കുറവാണ്. പേശികൾ മുറിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വേദന ഉണ്ടാകില്ല. രോഗിക്ക് വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. മുറിവുകൾ ചെറുതായതിനാൽ പാടുകൾ അധികം ഉണ്ടാകില്ല. മിക്ക കേസുകളിലും രോഗിക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേ ദിവസം തന്നെ വീട്ടിലേക്ക് മടങ്ങാനും സാധിക്കും. കൂടാതെ ആത്മവിശ്വാസം വ‌ർധിപ്പിക്കാനും സഹായിക്കുന്നു.

കോമ്പൻസേറ്ററി ഹൈപ്പ‍ർഹൈഡ്രോസിസ് ആണ് ഈ ശസ്ത്രക്രിയയിലുണ്ടാകുന്ന ഒരു സങ്കീർണത. ശസ്ത്രക്രിയ ചെയ്ത ഭാഗത്തിന് പകരം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ (പുറം, വയർ) കൂടുതൽ വിയർപ്പ് വരാനുള്ള സാധ്യത. ഇത് കൂടാതെ ശസ്ത്രക്രിയ സംബന്ധിച്ച മറ്റ് അപൂ‌‌ർവ്വ സങ്കീർണതകൾ നിങ്ങളുടെ ശസ്ത്രക്രിയയ്ക്ക് മുമ്പുതന്നെ സർജൻ വിവരിച്ചു തരും.

ഹൈപ്പർഹൈഡ്രോസിസ് ഒരു അപൂർവ രോഗമല്ല, മറിച്ച് ചികിത്സിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ശരിയായ പരിശോധനയും വിദഗ്ധ ചികിത്സയും ലഭിച്ചാൽ അമിതവിയർപ്പിനെ ഫലപ്രദമായി നിയന്ത്രിക്കാം. വിയർപ്പ് മൂലം നിങ്ങളുടെ ആത്മവിശ്വാസവും ജീവിതഗുണനിലവാരവും കുറയുകയാണെങ്കിൽ, അതിനു വേണ്ടി ചികിത്സ തേടുന്നതിൽ ഒരിക്കലും മടിക്കരുത്.

Dr. Don Jose K
Dr. Don Jose K.

തയ്യാറാക്കിയത്: ഡോ. ഡോൺ ജോസ് കെ, കൺസൾട്ടന്റ്, മിനിമൽ ആക്‌സസ് സർജറി, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ, അങ്കമാലി

Summary

Hyperhidrosis (excessive, unpredictable sweating) can be solve by surgery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com