

ഇന്ത്യയിൽ സ്കൂൾ തലത്തിലുള്ള വിദ്യാർഥികളിൽ 74 ശതമാനം അക്കാദമിക ആവശ്യങ്ങൾക്കല്ലാതെ ദിവസവും രണ്ടു മണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് എൻസിസിഎസ് റിപ്പോർട്ട്. ഇതിൽ 21 ശതമാനം കുട്ടികൾ നാലു മണിക്കൂറിൽ കൂടുതൽ മൊബൈൽ- ഗെയിമിങ്, പ്ലാറ്റ്ഫോമുകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിൽ ചെലവഴിക്കുന്നതായും കണ്ടെത്തി.
എൻസിസിഎസ് (നാഷണൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ്) നടത്തിയ സർവേയിൽ അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ അധികൃതർ എന്നിങ്ങനെ 6,30,000 പേരാണ് പങ്കെടുത്തത്. വിദ്യാർഥികൾക്കിടയിൽ ഏകാഗ്രതയും ശ്രദ്ധയും കുറയുന്നതായി സർവെയിൽ പങ്കെടുത്ത 69 ശതമാനം ആളുകളും അറിയിച്ചു.
63 ശതമാനം വിദ്യാർഥികളിൽ അസഹിഷ്ണുത, ആശങ്ക, മാനസിക സമ്മർദം, സാമൂഹിക പിന്മാറ്റം തുടങ്ങിയ പെരുമാറ്റപ്രശ്നങ്ങൾ കൂടിയതായും റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്കിടയിൽ പുറത്തിറങ്ങിയുള്ള കായികപ്രവർത്തനങ്ങളും നേരിട്ടുള്ള സാമൂഹിക ഇടപെടലുകളും കുറയുന്നതായി 66 ശതമാനം ആളുകൾ ആശങ്ക പ്രകടിപ്പിച്ചു.
18 വയസ്സിൽ താഴെയുള്ളവരുടെ നിയന്ത്രണമില്ലാത്ത ഡിജിറ്റൽ ഉപയോഗം പരിമിതപ്പെടുത്താൻ ദേശീയ മാർഗനിർദേശങ്ങൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ദേശീയ ബാല ഡിജിറ്റൽ സുരക്ഷാ ചട്ടക്കൂട് രൂപവത്കരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, മുഖ്യമന്ത്രിമാർ, സിബിഎസ്ഇ ചെയർമാൻ തുടങ്ങിയവർക്ക് റിപ്പോർട്ട് കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates