കഠിന ചൂട്; ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം, സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ ചെയ്യേണ്ടത് 

ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുതെന്നും സൂര്യാതാപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്ക് യഥാസമയം ചികിത്സ തേടണമെന്നും മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും വലിയ ജാഗ്രത പുലർത്തണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുതെന്നും സൂര്യാതാപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്ക് യഥാസമയം ചികിത്സ തേടണമെന്നും വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു. ‌

‌ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കണം

ദിവസവും ധാരാളം വെ‌ള്ളം കുടിക്കുന്നതിൽ മടി കാണിക്കരുത്. ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വിയർക്കുന്നതനുസരിച്ച് വെള്ളം കുടിക്കണം. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്. യാത്രാ വേളയിൽ ഒരു കുപ്പി ശുദ്ധജലം കൈയിൽ കരുതണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. 

നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ മുൻകരുതലെടുക്കണം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് അനുയോജ്യം. 

12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകരുത്. ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടാൻ ശ്രദ്ധിക്കണം. 

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ

ക്ഷീണം തോന്നുകയോ സൂര്യാഘാതം ഏറ്റതായി സംശയിക്കുകയോ ചെയ്താൽ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം. ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ഫലങ്ങളും സാലഡുകളും കഴിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

അന്തരീക്ഷ താപം ക്രമാതീതമായി ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലായി ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായ അവബോധവും പരിചരണവും ചികിത്സയും കൊണ്ട് ഗുരുതരമാകാതെ സംരക്ഷിക്കാൻ കഴിയും. അതിനാൽ എല്ലാവരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഡി എം ഒ അഭ്യർത്ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com