

അമിതവണ്ണം നിയന്ത്രിക്കാൻ പൊതുവായി ഉപയോഗിക്കുന്ന ഒരു മാർഗമാണ് 'ഇന്റർമിറ്റന്റ് ഫാസ്റ്റിങ്'. എന്നാൽ ഇത് എല്ലാവർക്കും അനുയോജ്യമാണോ? ഉയർന്ന മാനസികസമ്മർദ്ദവും തിരക്കേറിയ ദിനചര്യയുമുള്ളവർക്ക് ഇത് തിരിച്ചടിയായേക്കാമെന്ന് തമന്ന ഭാട്ടിയ ഉൾപ്പെടെയുള്ള പ്രമുഖരുടെ ട്രെയിനറായ സിദ്ധാർത്ഥ് സിങ് പറയുന്നു.
ഭക്ഷണം കഴിക്കുന്നതിനും ഉപവസിക്കുന്നതിനും കൃത്യമായ സമയക്രമം പാലിക്കുക എന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന്റെ രീതി. ഉപവാസസമയത്ത് ശരീരത്തിലെ കൊഴുപ്പ് ഊർജ്ജത്തിനായി ഉപയോഗിക്കുന്നു. പലരും പ്രഭാതഭക്ഷണം ഒഴിവാക്കിക്കൊണ്ടാണ് ഇത് ചെയ്യാറുള്ളത്. എന്നാൽ ജോലിക്ക് പോകുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഈ രീതി ദോഷകരമാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഓഫീസിലെ തിരക്കുകൾക്കിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മാനസിക സമ്മർദ്ദം വർധിപ്പിക്കും. ഈ സമയത്ത് ഉന്മേഷത്തിനായി കഫീൻ (ചായ/കാപ്പി) അമിതമായി ആശ്രയിക്കുന്നത് ദേഷ്യം, മൂഡ് സ്വിങ്സ് എന്നിവയ്ക്ക് കാരണമാകും.
കൃത്യമായ തയ്യാറെടുപ്പില്ലാതെ ഫാസ്റ്റിങ് ചെയ്യുന്നത് ശാരീരികമായ തളർച്ചയ്ക്കും വൈകാരികമായ അസ്ഥിരതയ്ക്കും കാരണമാകും. ആരോഗ്യരംഗത്തെ ട്രെൻഡുകൾ കണ്ണടച്ച് അനുകരിക്കരുതെന്ന് അദ്ദേഹം പറയുന്നു. ഓരോരുത്തരുടെയും ജീവിതശൈലി, ജോലിഭാരം, ശരീരഘടന എന്നിവ മനസ്സിലാക്കി വേണം വ്യായാമവും ഭക്ഷണക്രമവും നിശ്ചയിക്കാൻ.
സമയം നോക്കി പട്ടിണി കിടക്കുന്നതിനേക്കാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നല്ലത്. ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകും. മറ്റൊരാൾക്ക് ഫലം കിട്ടി എന്ന് കരുതി ഒരു രീതിയും അതേപടി പകർത്തരുത്. നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഒരു കൃത്യമായ ഭക്ഷണരീതി ഉണ്ടാക്കിയെടുക്കുക.
‘ഫാസ്റ്റിങ് ഫലപ്രദമാണ്, പക്ഷേ ഉയർന്ന സമ്മർദ്ദമുള്ള ജീവിതശൈലി നയിക്കുന്നവർക്ക് അത് യോജിച്ചതല്ല. വൈറൽ ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ ദീർഘകാലം നിലനിൽക്കുന്ന ശീലങ്ങൾ വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും സിദ്ധാർത്ഥ് ഓർമിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates