

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായ നഴ്സുമാർക്ക് ആദരമർപ്പിക്കുകയാണ് ഈ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ. രോഗിയുടെ ചികിത്സയിലും പരിചരണത്തിലും ഡോക്ടർമാരോടൊപ്പം തുല്യപ്രാധാന്യമുള്ള സേവനമാണ് നഴ്‌സുമാർ നൽകുന്നത്.
എല്ലാ വർഷവും മെയ് 12-ന് ലോകമെമ്പാടും അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിങ്‌ഗേലിന്റെ ജന്മവാർഷിക ദിനമാണ് രാജ്യാന്തര നഴ്സസ് ദിനമായി ആചരിക്കുന്നത്.
ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്സുമാരെ സമൂഹം വിശേഷിപ്പിക്കാറ്. ലോകമെങ്ങുമുള്ള നഴ്‌സുമാരുടെ അക്ഷീണമായ സേവനത്തെയും പ്രതിജ്ഞാബദ്ധതയെയും കൊണ്ടാടാനുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ നഴ്‌സസ് ദിനവും. 1974 മുതൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) ആണ് ലോകമെമ്പാടും നഴ്‌സസ് ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. നഴ്സിങ് മേഖലയിലെ സംഭാവനകളെ അംഗീകരിക്കാനും, സമൂഹത്തിൽ നഴ്‌സുമാരുടെ പ്രാധാന്യം ഉയർത്തിക്കാണിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.
ഫ്‌ളോറൻസ് നൈറ്റിങ്‌ഗേൽ ക്രിമിയൻ യുദ്ധകാലത്ത് പരിക്കേറ്റ സൈനികരെ പരിചരിച്ചുകൊണ്ട് നഴ്സിങ് സേവനത്തെ ഒരു പ്രൊഫഷനായി ഉയർത്തിപ്പിടിച്ചു. രാത്രി വിളക്കിന്റെ പ്രകാശത്തിലും രോഗികളെ പരിചരിക്കാൻ അവർ കരുതലായി നിന്നു, അതുകൊണ്ട് തന്നെ ‘വിളക്കേന്തിയ വനിത (The Lady with the Lamp) എന്നും ഫ്ലോറൻസ് നൈറ്റിൻഗേൽ അറിയപ്പെട്ടിരുന്നു.
ഓരോ വർഷവും വ്യത്യസ്ത പ്രമേയങ്ങളോടെയാണ് നഴ്‌സസ് ദിനം ആചരിക്കുന്നത്. നഴ്‌സുമാരുടെ ക്ഷേമം, സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തൽ എന്നിവയാണ് പൊതുവേ പ്രമേയങ്ങളിൽ ഉൾപ്പെടുന്നത്. നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി എന്നതാണ് ഈ വർഷത്തെ രാജ്യാന്തര നഴ്‌സസ് ദിന പ്രമേയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates