എലിപ്പനി: മഴ മാറിയാലും സൂക്ഷിക്കണം!

മഴക്കാലത്ത് മാത്രമല്ല, വെള്ളം കെട്ടിക്കിടക്കുന്ന ഏത് സാഹചര്യത്തിലും എലിപ്പനി വരാം.
Leptospirosis
LeptospirosisFile
Updated on
2 min read

കേരളത്തിൽ മഴക്കാലം വരുമ്പോൾ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട ഒരു രോഗമാണ് എലിപ്പനി. എന്നാല്‍ മഴയൊന്ന് തോർന്നാൽ പോലും നമ്മൾ ഒട്ടും ഇതിനെ നിസാരമായി കാണാൻ പാടില്ല. കാരണം, ഈ സമയത്തും എലിപ്പനി എന്ന നിശബ്ദ കൊലയാളി നമ്മളുടെ ഇടയിൽ പതിയിരിക്കുന്നുണ്ട്. മഴക്കാലത്ത് മാത്രമല്ല, വെള്ളം കെട്ടിക്കിടക്കുന്ന ഏത് സാഹചര്യത്തിലും എലിപ്പനി വരാം. അപ്പോൾ എന്താണ് ഈ എലിപ്പനി? എന്തുകൊണ്ടാണ് നമ്മൾ ഇതിനെ ഭയപ്പെടേണ്ടത്? എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കാൻ കഴിയുക?

എന്താണ് എലിപ്പനി?

ലെപ്‌റ്റോസ്‌പൈറ എന്ന ഒരുതരം ബാക്ടീരിയയാണ് എലിപ്പനിയുടെ വില്ലൻ. എലികൾ, നായകൾ, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് ഈ ബാക്ടീരിയ പുറത്തുവരുന്നത്. ഇവ കെട്ടിക്കിടക്കുന്ന വെള്ളത്തിലും നനഞ്ഞ മണ്ണിലും മാസങ്ങളോളം ജീവനോടെയിരിക്കും. ഈ മലിനജലവുമായി നമ്മുടെ ശരീരം സമ്പർക്കത്തിലാകുമ്പോഴാണ് രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. കാലിലെ ചെറിയ മുറിവുകളോ, കൈയിലെ പോറലുകളോ മതി ഈ അണുക്കൾക്ക് അകത്തേക്ക് കയറാൻ.

അപകടസാധ്യത കൂടുതലുള്ളവര്‍

  • ഓട വൃത്തിയാക്കുന്നവർ.

  • കൃഷിപ്പണി ചെയ്യുന്നവർ.

  • വെള്ളപ്പൊക്കത്തിന് ശേഷം വീട് വൃത്തിയാക്കുന്നവർ.

  • മലിനജലവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നവർ.

സാധാരണ പനിയെന്ന് കരുതി തള്ളിക്കളയരുത്!

പലപ്പോഴും എലിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ പനിയുടേതിന് സമാനമായിരിക്കും. അതുകൊണ്ട് തന്നെ പലരും ഇത് തിരിച്ചറിയാൻ വൈകുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

  • കഠിനമായ പനി: സാധാരണ പനിയേക്കാൾ ശക്തമായിരിക്കും എലിപ്പനിയുടെ പനി. വിറയലും ഉണ്ടാകാം.

  • പേശിവേദന: പ്രത്യേകിച്ച് കാൽമുട്ടിന് താഴെയുള്ള പേശികളിലും നടുവിനും കഠിനമായ വേദന അനുഭവപ്പെടും. പലരും ഇതിനെ 'ബോഡി പെയിൻ' എന്ന് പറഞ്ഞ് നിസ്സാരമായി കാണാറുണ്ട്.

  • കണ്ണുകൾ ചുവക്കുക: കണ്ണുകൾ ചുവന്ന് കലങ്ങി, രക്തം കലർന്ന പോലെ കാണുന്നത് എലിപ്പനിയുടെ ഒരു പ്രധാന ലക്ഷണമാണ്.

  • വയറുവേദനയും ഛർദ്ദിയും: വിശപ്പില്ലായ്മയും ഓക്കാനവും ഉണ്ടാകാം.

  • തലവേദന: ശക്തമായ തലവേദന എലിപ്പനിയുടെ ലക്ഷണമാണ്.

ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും മടിക്കാതെ ഉടൻതന്നെ ഒരു ഡോക്ടറെ കാണണം. സ്വയംചികിത്സ ഒരിക്കലും ചെയ്യരുത്. കാരണം, ചികിത്സ വൈകിയാൽ എലിപ്പനി ഗുരുതരമായി വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുകയും ജീവഹാനി വരെ സംഭവിക്കുകയും ചെയ്യാം.

എലിപ്പനി എങ്ങനെ പ്രതിരോധിക്കാം?

രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.

  • പ്രതിരോധ ഗുളിക: വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും, വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡോക്സിസൈക്ലിൻ (Doxycycline) പോലുള്ള പ്രതിരോധ ഗുളികകൾ കഴിക്കുന്നത് വളരെ നല്ലതാണ്.

  • സുരക്ഷാ ഉപകരണങ്ങൾ: മലിനജലവുമായി ഇടപെഴകുമ്പോൾ ഗംബൂട്ടുകളും, കൈയുറകളും ധരിക്കുക. ഇത് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയും.

  • ശുചിത്വം: വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. എലികളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.

  • തിളപ്പിച്ച വെള്ളം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണസാധനങ്ങൾ എലികൾക്ക് എത്താത്ത രീതിയിൽ അടച്ചുവെക്കുക.

ഓർക്കുക, എലിപ്പനി ഒരു ഭീഷണിയാണ്. പക്ഷേ, അത് തടയാൻ നമുക്ക് കഴിയും. ചെറിയൊരു ശ്രദ്ധ മതിയാകും വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ. ആരോഗ്യപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്താതിരിക്കുക.

തയ്യാറാക്കിയത്: ഡോ. ലിജോ ജോർജ് കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ, അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി.

Summary

Causion against Leptospirosis, symptoms and prevention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com