

മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. സാമൂഹിക സമ്പർക്കങ്ങൾ നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കുന്നത് മാനസികമായ ആരോഗ്യം പകരും. അതേസമയം, ഏകാന്ത ജീവിതം നയിക്കുന്നവരിൽ സമ്മർദം കൂടാനും പലതരത്തിലുള്ള ആരോഗ്യപ്രശ്ങ്ങൾ വർധിക്കാനും സാധ്യതയുള്ളതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ മാനസികാരോഗ്യത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഏകാന്തത വില്ലനാകുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്. ഏകാന്തത ഹൃദയ വാൽവിൽ തകരാറുകൾ ഉണ്ടാക്കുമെന്ന് ഗവേഷകർ പറയുന്നു. ഹൃദയത്തിന്റെ നാല് വാൽവുകളിൽ ഒന്ന് തകരാറിലാവുന്ന വാൽവുലാർ ഹാർട്ട് ഡിസീസ് ഇന്ന് വർധിച്ചു വരുന്നതായി വിദഗ്ധർ പറയുന്നു. ഏകാന്തത രോഗാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് ഗവേഷകർ വിലയിരുത്തിയത്.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ 2026-ലെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 1999 മുതൽ 2020 വരെയുള്ള കാലത്ത് 440,000 പേരാണ് വാൽവിന് തകരാർ വന്നുമരിച്ചത്. ബയോബാങ്കിൽ നിന്നുള്ള 463,000 പേരുടെ ആരോഗ്യവിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.
ഏകാന്തത കൂടുതലായി അനുഭവിക്കുന്നവരിൽ വാൽവുലാർ ഹാർട്ട് ഡിസീസിനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലി, പുകവലി തുടങ്ങിയവയ്ക്കൊപ്പം ഏകാന്തതയേയും ഹൃദ്രോഗങ്ങളുടെ അപകടസാധ്യതാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ഗവേഷകർ പറയുന്നു.
ഏകാന്തത കടുത്ത സമ്മർദത്തിലേക്ക് നയിക്കുകയും ശരീരത്തിൽ നീർവീക്കം ഉണ്ടാകാനും ഉയർന്ന രക്തസമ്മർദത്തിനും കാരണമാവും. ഇത് ക്രമേണ ഹൃദയവാൽവുകളുടെ തകരാറിലേക്കും നയിക്കുന്നു. ഏകാന്തത ഒരു നിശബ്ദ കൊലയാളിയെ പോലെ പ്രവർത്തിക്കുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഏകാന്തത മൂലമുള്ള മാനസികസമ്മർദത്തെ തുടർന്ന് പ്രതിവർഷം 8,71,000 ജീവനുകളാണ് നഷ്ടമാകുന്നതെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏകാന്തത ഹൃദ്രോഗം, പ്രമേഹം, അകാലമരണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ഒറ്റയ്ക്കിരിക്കാതെ സാമൂഹികബന്ധങ്ങളുണ്ടാക്കണം എന്നുമാണ് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates