

ഇസ്ലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ നാളുകളാണ് ഇനിയുള്ള ഒരു മാസം. റംസാൻ മാസം തുടങ്ങുമ്പോൾ ഇഫ്താർ ഒരുക്കങ്ങളാണ് പലരുടെയും മനസ്സിൽ നിറയുന്നത്. പക്ഷെ ആഘോഷങ്ങൾക്കിടയിലും പ്രമേഹരോഗികൾ സ്വന്തം ആരോഗ്യം മറക്കരുത്. പതിവ് ശീലങ്ങളിൽ നിന്ന് ഭക്ഷണരീതിയിലടക്കം മാറ്റമുണ്ടാകുമ്പോൾ ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിലനിർത്തുക ശ്രമകരമായിരിക്കും.
പ്രമേഹ രോഗിയാണെങ്കിൽ നോമ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ ഡോക്ടറെ സമീപിച്ച് ഉപദേശം തേടുന്നത് നല്ലതാണ്. വെല്ലുവിളികൾ മുൻകൂട്ടി മനസ്സിലാക്കാനും നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിരിക്കാനും ഇത് സഹായിക്കും. മരുന്നുകളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നും ഡോക്ടർക്ക് നിർദേശിക്കാനാകും.
റംസാൻ നോമ്പെടുക്കുന്നവർ പ്രമേഹം നിയന്ത്രിക്കാൻ ചെയ്യേണ്ടത്
സുഹൂർ- പച്ചക്കറികൾക്കും പയർ വർഗ്ഗങ്ങൾക്കുമൊപ്പം ഓട്‌സ്, മൾട്ടിഗ്രെയിൻ ബ്രെഡ്, ബ്രൗൺ അല്ലെങ്കിൽ ബസുമതി അരി തുടങ്ങിയ നാരുകളാൽ സമ്പുഷ്ടമായ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് ശരീരത്തിലേക്ക് സാവധാനം ഊർജ്ജം പകരാൻ സഹായിക്കും. മീൻ, നട്ട്സ് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവിഭവങ്ങളും ഉൾപ്പെടുത്താം. ജ്യൂസുകൾ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലു അമിതമായി പഞ്ചസാര അടങ്ങിയവയും കഫീൻ ഉള്ളവയും ഒഴിവാക്കുന്നതാണ് നല്ലത്.
പഞ്ചസാരയുടെ അളവ് പരിശോധിക്കാം- സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ തവണ നോമ്പുദിനങ്ങളിൽ പ്രമേഹ നില പരിശോധിച്ചുകൊണ്ടിരിക്കണം. ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) ഉപകരണം ഇതിനായി ഉപയോഗിക്കാം. വീട്ടിലിരുന്നും യാത്രയിലായിരിക്കുമ്പോഴുമെല്ലാം ഇത് ചെയ്യാവുന്നതാണ്.
ഇഫ്താർ കൃത്യമായി- പരമ്പരാഗതമായി പാലും ഈന്തപ്പഴവും കഴിച്ചാണ് നോമ്പ് മുറിക്കുന്നത്. ഇതിന് പുറകെയാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത്. നന്നായി വെള്ളം കുടിക്കാനും മറക്കരുത്. മധുരപലഹാരങ്ങളും എണ്ണയിൽ വറുത്ത വിഭവങ്ങളും കുറച്ചുമാത്രം കഴിക്കാൻ ശ്രദ്ധിക്കണം. കിടക്കുന്നതിന് മുമ്പ് പഴങ്ങൾ കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
വ്യായാമം - ശാരീരിക പ്രവർത്തികൾ മിതമായി തുടരുന്നത് നല്ലതാണ്, എന്നാൽ ഇവയിൽ അമിതമായി ഏർപ്പെടരുത്. നടത്തം, യോഗ പോലുള്ള വ്യായാമരീതികൾ ആണ് നല്ലത്.
നല്ല ഉറക്കം - നല്ല നിലവാരമുള്ള മതിയായ ഉറക്കം ആരോഗ്യത്തിന്റെ പ്രധാന ഘടകമാണ്. പ്രത്യേകിച്ച് അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിക്കേണ്ടതുകൊണ്ടും അതിൽ നിന്നുള്ള ഊർജ്ജം ദീർഘനേരം സംഭരിക്കേണ്ടതുകൊണ്ടും ഉറക്കം പ്രധാനമാണ്. ഉറക്കക്കുറവ് വിശപ്പിനെയും ബാധിക്കും. മതിയായ ഉറക്കം മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും, ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ പ്രധാനമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates