രക്തക്കുഴലുകള്‍ പൊട്ടും, 88 ശതമാനം മരണനിരക്ക്; എന്താണ് റുവാണ്ടയിൽ പടർന്ന് പിടിക്കുന്ന മാബര്‍ഗ്‌ വൈറസ്‌?

വൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്
marburg virus
എന്താണ് മാബര്‍ഗ്‌ വൈറസ്‌?
Updated on
2 min read

ഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാബര്‍ഗ്‌ വൈറസ്‌ പടരുന്നു. രക്തക്കുഴലുകളിൽ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും പിന്നീട് മരണത്തിലേക്കും നയിക്കുന്ന മാബര്‍ഗ്‌ വൈറസ്‌ കഴിഞ്ഞ മാസമാണ് റുവാണ്ടയില്‍ സ്ഥിരീകരിക്കുന്നത്. ഇതിനോടകം കുറഞ്ഞത് 46 പേരെ വൈറസ് ബാധിച്ചതായും 12 പേർ മരണപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആന്തരിക രക്തസ്രാവം, അവയവ സ്തംഭനം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഈ മാരക വൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്.

എബോള വൈറസിന്റെ കുടുംബത്തിൽപ്പെട്ട ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ടതാണ് മാർബര്‍ഗ്‌ വൈറസ്. എന്നാൽ ഇവ എബോളയേക്കാള്‍ ഭീകരനാണ്‌. 1967-ൽ ജർമ്മനിയിലെ മാർബർഗിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുഗാണ്ടയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളെ ഉപയോഗിച്ചുള്ള ലാബ്‌ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്ന്‌ വൈറസ്‌ റിപ്പോർട്ട് ചെയ്തത്.

പിന്നീട്‌ അംഗോള, കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, യുഗാണ്ട എന്നിവിടങ്ങളില്‍ വൈറസ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. 2008ല്‍ യുഗാണ്ടയിലെ രണ്ട്‌ സഞ്ചാരികള്‍ക്കും വൈറസ്‌ സ്ഥിരീകരിച്ചിരുന്നു. റുവാണ്ടയില്‍ 41 പേര്‍ക്കാണ്‌ മാർബര്‍ഗ്‌ വൈറസ്‌ മൂലമുള്ള മാർബര്‍ഗ്‌ വൈറസ്‌ ഡിസീസ്‌(എംവിഡി) സ്ഥിരീകരിക്കപ്പെട്ടത്‌. മാർബർഗ് വൈറസ് കേസുകളുടെ മരണനിരക്ക് 24% മുതൽ 88% വരെയാണ്.

മാബര്‍ഗ്‌ വൈറസ് പകരുന്ന വഴി

പഴം തീനി വവ്വാലുകളായ റോസെറ്റസില്‍ നിന്നാണ്‌ ഈ വൈറസ്‌ മനുഷ്യരിലേക്ക്‌ എത്തിയത്‌. മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ രക്തം, ശരീര സ്രവങ്ങള്‍, അവയവങ്ങള്‍, മുറിവുകള്‍ എന്നിവ വഴി വൈറസ്‌ പകരാം. രോഗി ഉപയോഗിച്ച വസ്‌ത്രങ്ങള്‍, ബെഡ്‌ ഷീറ്റുകള്‍ എന്നിവയും വൈറസ്‌ വ്യാപനത്തിന്‌ കാരണമാകാം.

മാബര്‍ഗ്‌ വൈറസ്‌ ലക്ഷണങ്ങൾ

‌ഉയർന്ന പനിയും കടുത്ത തലവേദനയുമാണ് രോ​ഗത്തിന്റെ പ്രാരംഭ ലക്ഷണം. വൈറസ് ബാധയുണ്ടായി രണ്ട് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പേശി വേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. അഞ്ച്‌ മുതല്‍ ഏഴ്‌ ദിവസങ്ങള്‍ക്കുള്ളില്‍ മൂക്ക്, മോണ, സ്വകാര്യഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരെ രക്തസ്രാവം ഉണ്ടാകും. ലക്ഷണങ്ങള്‍ ആരംഭിച്ച്‌ എട്ട്‌ മുതല്‍ ഒന്‍പത്‌ ദിവസത്തിനുള്ളില്‍ രോഗിയുടെ നില വഷളാകാനും മരണം വരെ സംഭവിക്കാനും ഇടയുണ്ട്.

രോ​ഗനിർണയം

മറ്റ്‌ വൈറല്‍ പനികളിൽ നിന്ന്‌ എം.വി.ഡിയെ തിരിച്ചറിയുക എളുപ്പമല്ല. എലീസ ടെസ്റ്റ്‌, ആന്റിജന്‍ ക്യാപ്‌ച്ചര്‍ ഡിറ്റക്ഷന്‍ ടെസ്റ്റ്‌, സെറം ന്യൂട്രലൈസേഷന്‍ ടെസ്റ്റ്‌, ആര്‍.ടി-പി.സി.ആര്‍ പരിശോധന, ഇലക്ട്രോണ്‍ മൈക്രോസ്‌കോപി, കോശ സംസ്‌കരണത്തിലൂടെയുളള വൈറസ്‌ ഐസൊലേഷന്‍ എന്നിവ വഴിയെല്ലാം രോഗനിർണയം നടത്താം.

നിലവില്‍ വാക്‌സീനുകളോ ആന്റി വൈറല്‍ ചികിത്സകളോ മാബര്‍ഗ്‌ വൈറസ്‌ മൂലമുള്ള രോഗത്തിന്‌ ലഭ്യമല്ല. വവ്വാലുകളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ ഈ വൈറസ്‌ പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് മാസ്‌ക്‌, ഗ്ലൗ തുടങ്ങിയവ ഉപയോ​ഗിക്കുക. വ്യക്തിശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനമാണ്. രോ​ഗബാധിതരുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കണം. രോഗികള്‍ ഉപയോഗിച്ച ബെഡ്‌ ഷീറ്റ്‌, പാത്രങ്ങള്‍ എന്നിവ അണുമുക്തമാക്കണം. അവ മറ്റാരും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. മാസ്‌ക്‌ ഉപയോഗിക്കുന്നതും കൈകള്‍ സോപ്പിട്ട്‌ ഇടയ്‌ക്കിടെ കഴുകുന്നതും നല്ലതാണ്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com