

നമ്മള് കഴിക്കുന്ന ഭക്ഷണം തലച്ചോറിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന ഓര്‍മക്കുറവും വൈജ്ഞാനിക തകര്‍ച്ചയും മികച്ച ഭക്ഷണക്രമത്തിലൂടെ ലഘൂകരിക്കാനാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അക്കാദമി ഓഫ് ന്യൂട്രിഷന്‍ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രെയിന്‍ ഫണ്ട്ലിയായ മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്‌സ്, ഒലിവ് ഓയിൽ, മത്സ്യം എന്നിവയുടെ സമീകൃത ഉപഭോഗം. കൂടാതെ ചുവന്ന മാംസവും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം എന്നിവയാണ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നത്. ഇത് പ്രായമായവരിൽ വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കുമെന്നും പഠനം പറയുന്നു.
എന്തുകൊണ്ട് മൈൻഡ് ഡയറ്റ് ?
മൈൻഡ് ഡയറ്റിൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നവയാണ്. ഇവ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതുമാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഓർമക്കുറവ് തടയുകയും ചെയ്യും. ബൗദ്ധികാരോഗ്യത്തിനു പുറമെ പോഷകഗുണങ്ങളും ഇതിനുണ്ട്. ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും മൈൻഡ് ഡയറ്റ് പിന്തുടരുന്നതിലൂടെ സാധിക്കും.
എന്താണ് ഡാഷ് ഡയറ്റ്?
ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പർടെൻഷൻ (ഡാഷ്) ഡയറ്റ് ശരീരത്തിലെ രക്തസമ്മർദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ സോഡിയം, പൂരിത കൊഴുപ്പുകൾ, അധിക പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates