ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തെ മുഴുവന്‍ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ച കോവിഡ് മഹാമാരിക്കാലം നമ്മള്‍ എല്ലാവരും അനുഭവിച്ചറിഞ്ഞതാണ്. കോവിഡിന്‍റെ അത്ര ഭീകരതയില്ലെങ്കിലും ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ചാണ് എംപോക്സ് വൈറസ് ബാധയുടെ വ്യാപനം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടിരുന്ന എംപോക്സ് വൈറസ് ബാധ ഇപ്പോള്‍ അവിടം വിട്ട് വിവിധരാജ്യങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ എംപോക്സ് വൈറസിന്‍റെ ആദ്യ കേസ് സ്ഥിരീകരിച്ചു. ഹരിയാനയിലെ 26 കാരനാണ് എംപോക്സിന്റെ ക്ലേഡ് II വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.
എംപോക്സ് വൈറസ്; ഒരു തിരിഞ്ഞു നോട്ടം
റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതപ്പെടുന്ന മങ്കിപോക്സ് അഥവാ എംപോക്സ് 1970-കളിലാണ് ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിക്കുന്നത്. ഓർത്തോപോക്സ് വൈറസ് വിഭാഗത്തിലെ ഒരു സ്പീഷീസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ഈ വൈറസ് ബാധ വസൂരിക്ക് (സ്മോൾപോക്സ്) സമാനമായ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. 1958-ൽ ഗവേഷണത്തിനായി സംരക്ഷിച്ചിരുന്ന കുരുങ്ങുകളിൽ രണ്ട് തവണ പോക്സിന് സമാനമായ രോഗം കണ്ടെത്തിയതാണ് വൈറസിന്‍റെ കണ്ടെത്തലിലേക്ക് നയിച്ചത്. അങ്ങനെയാണ് രോഗബാധയ്ക്ക് മങ്കിപോക്സ് എന്ന പേര് വരാൻ കാരണം. എന്നാൽ വൈറസിന്‍റെ യഥാർഥ ഉറവിടം ഇന്നും അജ്ഞാതമായി തുടരുന്നു.
അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പടരുന്ന രോഗം ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രാദേശികമായി ഇടയ്ക്കിടെ വ്യാപകമായിരുന്നു. 2022 മുതലാണ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്തേക്ക് രോഗം വ്യാപിച്ചു തുടങ്ങിയത്. 2022 നൈജീരിയൻ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ യുകെ സ്വദേശിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. 2022 മെയ് മാസത്തോടെ യുകെയിൽ കേസുകളുടെ എണ്ണം പെരുകി.
2022 ല്‍ ലോകത്തിലെ 116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകളെയാണ് രോഗം ബാധിച്ചത്. 200 ലധികം ആളുകള്‍ മരിച്ചുവെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് യുകെയിലാണ് (207), തുടർന്ന് സ്പെയിൻ (156), പോർച്ചുഗൽ (138), കാനഡ (58), ജർമനി (57) എന്നിങ്ങനെയാണ് രോഗബാധികരുടെ എണ്ണം.
അതിവേഗം രോഗബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ 2022 ജൂണില്‍ ലോകാരോഗ്യ സംഘടന എംപോക്സിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലക്ഷണങ്ങള്‍
പനി, തലവേദന, പേശിവേദന, വിറയൽ, നടുവേദന, കഠിനമായ ക്ഷീണം എന്നിവയാണ് മങ്കിപോക്സ് വൈറസ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ.
സാധാരണഗതിയിൽ, ചെവിക്ക് പുറകിലോ താടിയെല്ലിന് താഴെയോ കഴുത്തിലോ ഞരമ്പിലോ വീർത്ത ലിംഫ് നോഡുകൾ പ്രത്യക്ഷപ്പെടാം.
മുഖത്തും കൈകളിലും കാലുകളിലും ജനനേന്ദ്രിയങ്ങളിലും കണ്ണുകളിലും ഉൾപ്പെടെ വസൂരിക്ക് സമാനമായ കുമിളകൾ പൊങ്ങും.
അണുബാധയേറ്റാൽ ശരാശരി 12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. ഇത് 21 ദിവസം വരെ നീളാം. രോഗലക്ഷണങ്ങളുടെ ദൈർഘ്യം സാധാരണയായി രണ്ട് മുതൽ ആറ് ആഴ്ച വരെയാണ്. വസൂരിക്കെതിരായ വാക്സിനുകൾ തന്നെയാണ് എംപോക്സിനും ഉപയോഗിക്കുന്നത്. മൂന്ന് മുതൽ ആറ് ശതമാനം വരെയാണ് എംപോക്സ് മരണ നിരക്ക്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രോഗം എങ്ങനെ പടരാം
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
എംപോക്സിന് പ്രധാനമായും രണ്ട് വകഭേദങ്ങളാണ് ഉള്ളത്
ക്ലേഡ് I- മധ്യ-കിഴക്കൻ ആഫ്രിക്കയിലെ എംപോക്സ് കേസുകൾ ഗുരുതരമാകാൻ കാരണം ക്ലേഡ് വകഭേദമാണ്. ക്ലേഡ് II അപേക്ഷിച്ച് ക്ലേഡ് I കൂടുതൽ അപകടകാരിയാണ്. 10 ശതമാനം വരെയാണ് മരണനിരക്ക്.
ക്ലേഡ് II- 2022-ൽ ഉണ്ടായ എംപോക്സ് വ്യാപനത്തിന് പിന്നിൽ ഈ വകഭേദമാണ്. ക്ലേഡ് II എംപോക്സിൽ നിന്നുള്ള അണുബാധകൾ പൊതുവെ തീവ്രത കുറവാണ്. 99.9% ആളുകളും അതിജീവിക്കുന്നു. പശ്ചിമാഫ്രിക്കയിലാണ് ക്ലേഡ് II കാണപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates