

നമ്മുടെ തലച്ചോറ് വല്ലാത്തൊരു പ്രഹേളികയാണ്. അത് നമ്മെ ആവശ്യാനുസരണം കബളിപ്പിക്കാറുണ്ട്. നമ്മള്‍ എന്ത് കാണണം, കേള്‍ക്കണം എന്ന് തീരുമാനിക്കുന്നത് തലയിലിരിക്കുന്ന ഏതാണ്ട് 1,380 g ഭാരമുള്ള തലച്ചോറാണെന്ന് പ്രമുഖ ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ രാജശേഖരന്‍ നായര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായി അദ്ദേഹം.
'സെമിര്‍ സെക്കി എഴുതിയ 'എ വിഷന്‍ ഓഫ് ദി ബ്രെയിന്‍' എന്നൊരു പുസ്തകമുണ്ട്. അദ്ദേഹം 50 വര്‍ഷത്തോളം കാഴ്ചയെക്കുറിച്ച് മാത്രം ഗവേഷണ നടത്തിയ ശേഷം പ്രസിദ്ധീകരിച്ചതാണത്. പുസ്‌കതത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹം വളരെ സത്യസന്ധമായി കുറിക്കുന്നുണ്ട്- 'ഞാന്‍ കാണുന്നത് എന്തുകൊണ്ട് കാണുന്നുവെന്ന് എനിക്കറിയില്ല' ചുരുക്കം പറഞ്ഞാല്‍, നിങ്ങളുടെ മസ്തിഷ്‌കം അഥവ തലച്ചോറ് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത്, നിങ്ങളെ കാണാന്‍ പ്രേരിപ്പിക്കുന്നു'.
'ഒരു ബുക്ക് ശ്രദ്ധയോടെ വായിക്കുന്നതിനിടെ അതിന് മുകളിലൂടെ പോകുന്ന ഉറുമ്പിനെ ഒരുപക്ഷെ നിങ്ങള്‍ കണ്ടുവെന്ന് വരില്ല. കാരണം തലച്ചോര്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നതിനാലാണ്. മസ്തിഷ്‌കം കബളിപ്പിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍, അതെ എന്നാണ് ഉത്തരം.'
'സിമുള്‍ട്ടനാഗ്നോസിയ' എന്നൊരു മസ്തിഷ്‌ക രോഗമുണ്ട്. ഈ അവസ്ഥയുള്ള ഒരു രോഗിക്ക് കൃഷ്ണനും ഗോപികമാരും കന്നുകാലികളുമുള്ള ഒരു ചിത്രം കാണിക്കുകയാണെന്ന് വിചാരിക്കുക, ഒരു സാധാരണ വ്യക്തിക്ക് ആ ചിത്രത്തിലെ കൃഷ്ണനെയും ഗോപികമാരെയും പശുവിനെയും എല്ലാം ഒരുമിച്ച് കാണാന്‍ സാധിക്കും. എന്നാല്‍ സിമുള്‍ട്ടനാഗ്നോസിയയുള്ള രോഗിക്ക് ഒന്നികിൽ കൃഷ്ണനെ മാത്രം അല്ലെങ്കിൽ കന്നുകാലികളെ മാത്രം. ഏതാണ് കാണണം എന്ന് ആവശ്യപ്പെടുന്നത് അത് മാത്രമായിരിക്കും ആ രോഗി ആ ചിത്രത്തിൽ കാണുക. അതായത്, കാഴ്ചയുടെ പൂര്‍ണത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഇതൊരു അത്ഭുതമൊന്നുമല്ലെന്ന് അദ്ദേഹം പറയുന്നു.
'ലൂയിസ് കരോള്‍ എഴുതിയ 'ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ്' എന്ന മനോഹര രചനയില്‍ വിവരിക്കുന്ന വിചിത്രമായ ദൃശ്യാനുഭവങ്ങള്‍ മൈഗ്രെയിനുകള്‍ക്കിടയില്‍ അദ്ദേഹം അനുഭവിച്ച അസാധാരണത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ഇവയെ മൈക്രോപ്‌സിയ, മാക്രോപ്‌സിയ എന്നാണ് വിശേഷിപ്പിക്കുന്നത്. മാക്രോപ്‌സിയ എന്നത് ഒരു ദൃശ്യവികലമാണ്, അവിടെ വസ്തുക്കള്‍ യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ വലുതായി കാണപ്പെടുന്നു. അതേസമയം മൈക്രോപ്‌സിയ എന്നത് വസ്തുക്കള്‍ ചെറുതായി കാണപ്പെടുന്ന അവസ്ഥയുമാണ്'.
'ഒരു സൗരയൂഥത്തെ മനസിലാക്കുന്നതിനേക്കാള്‍ പ്രയാസമാണ് മനുഷ്യന്റെ തലച്ചോറിനെ മനസിലാക്കുക എന്നത്. അതിനുള്ളിലെ കണക്കുകൂട്ടലുകള്‍ വളരെ സങ്കീര്‍ണമാണ്. തലച്ചോറിനുള്ളില്‍ ഏകദേശം 100 ബില്യണ്‍ കോശങ്ങളുണ്ട്. ഓരോ ന്യൂറോണിനും മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനങ്ങളായ സിനാപ്റ്റിക് കണക്ഷനുകളുണ്ട്. ഏകദേശം 500 ട്രില്യണ്‍ സിനാപ്‌സുകളുണ്ട്. ഈ സിനാപ്‌സുകളെല്ലാം ഓരേസമയം പ്രവര്‍ത്തിക്കുന്നവയല്ല. ഒരിക്കലും കംപ്യൂര്‍ സംവിധാനം പോലെയല്ല മനുഷ്യൻ്റെ തലച്ചോറ് പ്രവർത്തിക്കുന്നത്'.
'തലച്ചോറില്‍ രണ്ട് തരം രാസവസ്തുക്കളാണ് ഉള്ളത്- ഏഞ്ചല്‍സ് കോക്ക്‌ടെയില്‍, ഡെവിള്‍സ് കോക്ക്‌ടെയില്‍. ഏഞ്ചല്‍സ് കോക്ക്‌ടെയിലില്‍ പ്രധാനപ്പെട്ടത് ഡോപാമൈന്‍ ആണ്. അത് ഒരാളെ സന്തോഷിപ്പിക്കുകയും സംതൃപ്തനാക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് സെറോടോണിൻ ആണ്, അത് ഒരാളെ സന്തോഷിപ്പിക്കാൻ നിർബന്ധിതരാക്കുന്നു. മൂന്നാമത്തേത് ഓക്സിടോസിൻ ആണ്, അത് ഒരാളെ മറ്റുള്ളവരെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു'.
'നേരെമറിച്ച് ഡെവിള്‍സ് കോക്ക്‌ടെയില്‍, അഡ്രിനാലിൻ പോലുള്ള ഹോർമോണുകൾ ഒരാളെ പ്രകോപിപ്പിക്കുന്നു. സെറോടോണിൻ കൃത്രിമമായി ഉപയോഗിച്ചാൽ, വിഷാദം ലഘൂകരിക്കാം. സെറോടോണിൻ റിസപ്റ്റർ ഇൻഹിബിറ്റർ (SSRI) ഉപയോഗിച്ച് സെറോടോണിൻ ഉൽപാദനം വർധിപ്പിക്കാനും വിഷാദലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു'.
സൈക്യാട്രി ഭാവിയിൽ ന്യൂറോ സൈക്യാട്രി എന്ന ഒരു വലിയ ശാസ്ത്ര ശാഖയുടെ ഭാഗമായി വളരും. സ്കീസോഫ്രീനിയ, വിഷാദം മുതലായവയുടെ ജൈവിക പശ്ചാത്തലത്തെക്കുറിച്ച് അപ്പോൾ മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates