

ഓരോ വർഷവും ആരംഭിക്കുമ്പോൾ ആഘോഷപൂർവം പല തീരുമാനങ്ങളും എടുത്തു കൊണ്ടാണ് നമ്മൾ തുടങ്ങുക. അതിൽ ആരോഗ്യം ഒരു ലക്ഷ്യമാണ്. എന്നാൽ പലപ്പോഴും ശ്രമങ്ങളൊക്കെ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പലരുടെയും രീതി. എന്നാൽ ചെറിയ ചുവടുവെയ്പ്പുകളാണ് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചില ശീലങ്ങൾക്ക് ഈ 2026-ൽ തുടക്കം കുറിക്കാം.
ആരോഗ്യകരമായ ഹൃദയത്തിന് ഏറ്റവും പ്രധാനം വ്യായാമമാണ്. ഇത് ഹൃദയപേശികളെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗതത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. എന്നാൽ ഒരു ദിവസം പെട്ടെന്ന് കഠിനമായ വ്യായാമത്തിലേക്ക് കടക്കരുത്. വ്യായാമ ദിനചര്യ ക്രമേണ ആരംഭിക്കുകയും പിന്നീട് ദൈർഘ്യം, തീവ്രത, ആവൃത്തി എന്നിവ വർധിപ്പിക്കുകയും ചെയ്യുക.
കർശന ഡയറ്റിനെക്കാൾ അനബോധത്തോടെ ഭക്ഷണം കഴിക്കുന്നതിനാണ് ഹൃദയാരോഗ്യത്തിന് നല്ലത്. സമീകൃതവും പോഷകപ്രദവുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, സംസ്‌കരിക്കാത്ത ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക.
കൂടാതെ മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങളുടെ കാര്യത്തിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ ട്രാൻസ് ഫാറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ, സംസ്കരിച്ച റെഡ് മീറ്റിന്റെ അമിത ഉപയോഗം, ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങളും പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണവും ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ കഫീൻ ഉപയോഗവും നല്ലതല്ല.
ഉറക്കം രക്തസമ്മർദം, മെറ്റബോളിസം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഒരു പ്രധാന കാരണം ഉറക്കക്കുറവാണ്. ഉറക്കക്കുറവ് ശരീരത്തിൽ സമ്മർദ ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളെ ചുരുക്കുകയും രക്തസമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നു. രാത്രി കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് മനസും ശരീരവും റീചാർജ് ആകാൻ സഹായിക്കുന്നു.
ജോലി സമ്മർദവും ഉത്തരവാദിത്വങ്ങളും കാരണമുണ്ടാകുന്ന വിട്ടുമാറാത്ത മാനസികസമ്മർദത്തിന് കാരണമാകാം. ഇതെല്ലാം പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ, രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയ ഗുരുതരമായ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് അകാലത്തിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ ഹൃദയത്തെ സംരക്ഷിക്കുന്നതിന് വിശ്രമവും സമ്മർദത്തെ നിയന്ത്രിക്കാനുള്ള ടെക്നിക്കുകളും പരിശീലിക്കുക. ആഴത്തിലുള്ള ശ്വസനം, മെഡിറ്റേഷൻ, ശാന്തമായ സംഗീതം കേൾക്കാൻ ശ്രമിക്കുക- ഇതൊക്കെ സമ്മർദം കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ കണ്ടെത്തുന്നതിന് പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ട്. കാരണം ഇവ ശ്രദ്ധിക്കപ്പെടാതെ പോകുകയും കാലക്രമേണ വഷളാവുകയും ചെയ്യുന്ന അവസ്ഥകളാണ്. ചികിത്സയ്ക്കു വേണ്ടി മാത്രമല്ല, പരിശോധനകൾ നടത്തുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിന് വേണ്ടിക്കൂടിയാണ്. ഇത് ഹൃദയാരോഗ്യം നിരീക്ഷിക്കാനും പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും നിങ്ങളുടെ ഹൃദയത്തെയും ജീവിതത്തെയും സംരക്ഷിക്കാൻ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates