
വേനലവധി തുടങ്ങിയതോടെ കുട്ടികളുള്ള വീടുകളിൽ നല്ല അരങ്ങാണ്. കുസൃതി കുറുമ്പുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണം. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അൽപം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങൾ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളിൽ പെട്ടെന്ന് ഊർജ്ജ നിലകളിൽ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരിൽ ഇത് മാനസികാലസ്ഥയിൽ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികൾക്ക് ഹെൽത്തിയായ ഭക്ഷണം നൽകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണൽ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നൽകാം. എനൽജി ഡ്രിങ്കുകൾക്ക് പകരം നാരങ്ങ വെള്ളമോ, കരിക്ക് അല്ലെങ്കിൽ തേങ്ങ വെള്ളമോ കുട്ടികൾക്ക് കൊടുത്ത് ശീലിക്കാം. ഐസ്ക്രീമിന് പകരം യോഗർട്ട്, പേസ്ട്രികൾക്കും ഡോനട്ടുകൾക്കും പകരം ഫ്രൂട്ട് കസ്റ്റാർഡ് പോലുള്ള വീട്ടിൽ ഉണ്ടാക്കുന്ന പുഡ്ഡിംഗുകൾ കുട്ടികൾക്ക് നൽകാം. ഉണക്കമുന്തിരി, ഈത്തപ്പഴം, നട്ട് ബട്ടർ, വാഴപ്പഴം തുടങ്ങിയവ കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇത് കുട്ടികൾക്ക് ജങ്ക് ഫുഡിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.
കുട്ടികളുടെ വാശിക്ക് വഴങ്ങി ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിന് പകരം കൃത്യമായി ലേബൽ വായിച്ചു പരിശോധിച്ച ശേഷം മാത്രം ഭക്ഷ്യ ഉൽപ്പന്നങ്ങൾ വാങ്ങുക. പലപ്പോഴും കുട്ടികളെ കബിളിപ്പിക്കുന്നതിന് പാക്കേജുകൾ ആകർഷകമായി കമ്പനികൾ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്താറുണ്ട്. അതിൽ പെട്ടു പോകാതെ നോക്കാം.
മധുരം പൂർണമായും ഒഴിവാക്കുന്നതിന് പകരം ഒരു പരിധി നിശ്ചയിക്കുക എന്നതാണ് പ്രധാനം. കുട്ടികളുടെ പഞ്ചസാര അടങ്ങിയ പ്രിയപ്പെട്ട ഭക്ഷണങ്ങൾ എല്ലാ ദിവസവും നൽകുന്നതിന് പകരം പ്രത്യേകം അവസരങ്ങളിൽ മാത്രമാക്കി ചുരുക്കുക. പേസ്ട്രികൾ, ഡോനട്ടുകൾ പോലുള്ള ഭക്ഷണങ്ങൾ ഇത്തരത്തിൽ നൽകാം.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുട്ടികൾക്ക് നൽകുന്നത് പരിമിതപ്പെടുത്തണം. അനാവശ്യ പഞ്ചസാര ഉപഭോഗം കുറയ്ക്കുന്നതിന് വീട്ടിൽ തന്നെ ഷേയ്ക്ക്, സ്മൂത്തി പോലുള്ളത് തയ്യാറാക്കി കുട്ടികൾക്ക് നൽകാവുന്നതാണ്.
അമിതമായി പഞ്ചസാര കഴിക്കുന്നതു കൊണ്ടുള്ള ദോഷവശങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞു മനസിലാക്കുക. ഇത് പഞ്ചസാരയുടെ അമിത ഉപഭോഗം കുറയ്ക്കാൻ വളരെയധികം സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങൾക്ക് പകരം ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates