

ന്യൂഡല്‍ഹി: ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങള്‍, ആശുപത്രികള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓയില്‍, ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുക.
പഞ്ചസാരയുടേയും എണ്ണയുടേയും അളവിന്റെ ദോഷകരമായ ഫലങ്ങള്‍ വ്യക്തമാകുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക. സമോസ, കച്ചോരി, പിസ, ചിപ്‌സ്, ബര്‍ഗര്‍, സോഫ്റ്റ് ഡ്രിങ്ക്, ചോക്ലേറ്റ് പേസ്ട്രി എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടേയും എണ്ണയുടേയും ദോഷകരമായ വിവരങ്ങളാണ് ഈ ബോര്‍ഡിലുണ്ടാവുക. നേരത്തെ ഇത് സിബിഎസ്ഇ സ്‌കൂളില്‍ സ്ഥാപിച്ചിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഓഫീസുകളിലും മറ്റിടങ്ങളിലേയ്ക്കും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എണ്ണയും പഞ്ചസാരയും ചേര്‍ന്ന ലഘുഭക്ഷണങ്ങള്‍ക്ക് പകരം നല്‍കാന്‍ കഴിയുന്ന ആരോഗ്യകരമായ ഭക്ഷണം ഏതാണെന്ന് നിര്‍ദേശിക്കാന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് -നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ എന്നിവയോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിദിനം 27-30 ഗ്രാം കൊഴുപ്പ് മാത്രമേ കഴിക്കാവൂ എന്നും മുതിര്‍ന്നവര്‍ക്ക് ഒരാള്‍ക്ക് പ്രതിദിനം 25 ഗ്രാമിലും കുട്ടികള്‍ക്ക് 20 ഗ്രാമിലും പഞ്ചസാരയുടെ അളവ് കൂടരുതെന്നും ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അമിതമായ പഞ്ചസാര ഉപയോഗത്തെക്കുറിച്ച് അപകടങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി മെയ് മാസത്തില്‍ എല്ലാ സ്‌കൂളുകളിലും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യൂക്കേഷന്റെ നിര്‍ദേശം. ഉയര്‍ന്ന പഞ്ചസാര ഉപഭോഗവുമായി ബന്ധപ്പെട്ട കുട്ടിക്കാലത്തെ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കുന്നതിനാണ് സിബിഎസ്ഇ ഈ സംരംഭം ആരംഭിച്ചത്.
ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഇത്തരം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മെമ്മോറാണ്ടം പുറത്തിറക്കി. ജൂണ്‍ 21 ന് എല്ലാ വകുപ്പുകള്‍ക്കും ആരോഗ്യ മന്ത്രാലയം അയച്ച കത്ത് അനുസരിച്ച്, അവരുടെ പരിസരത്ത് 'എണ്ണ, പഞ്ചസാര ബോര്‍ഡുകള്‍' പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നു. നിരവധി മന്ത്രാലയങ്ങളും വകുപ്പുകളും സ്ഥാപനങ്ങളും ഈ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ചണ്ഡീഗഡ് വിമാനത്താവളം ഇതിനകം ഈ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 7 ന്, ലോക ഭക്ഷ്യസുരക്ഷാ വാരത്തോടനുബന്ധിച്ച്, ഇത്തരം ബോര്‍ഡുകള്‍ സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും പൊതു സ്ഥാപനങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
