പാർക്കിൻസൺസ്, ലക്ഷണങ്ങൾ വർഷങ്ങൾക്ക് മുമ്പെ അറിയാം
തലച്ചോറിലെ ഡോപാമൈൻ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങളുടെ നാശം മൂലം ഉണ്ടാകുന്ന, ചലനശേഷിയെ ബാധിക്കുന്ന മസ്തിഷ്ക രോഗമാണ് പാർക്കിൻസൺസ്. വിറയൽ, പേശികൾക്ക് കാഠിന്യം, ശരീര സന്തുലനക്കുറവ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾ മുൻപ് തന്നെ രോഗം ആരംഭിച്ചിട്ടുണ്ടാവാം. പാർക്കിൻസൺസ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് രോഗനിർണയം നേരത്തെ നടത്താനും രോഗനിയന്ത്രണത്തിനും ഫലപ്രദമാക്കാനും സഹായിക്കും.
ഗന്ധം അറിയാതെ പോവുക
പാർക്കിൻസൺസ് രോഗം തിരിച്ചറിഞ്ഞ 90 ശതമാനം ആളുകളിലും ഗന്ധം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞതായോ തീരെ ഇല്ലാത്ത അവസ്ഥയോ ഉണ്ടാകാറുണ്ട്. ചലനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് വളരെ വർഷങ്ങൾക്ക് മുൻപ് ഈ ലക്ഷണം ഉണ്ടാകാം.
എന്നാൽ പലപ്പോഴും ഇത് നിസാരമായി കണ്ട് തള്ളിക്കളയുകയാണ് പതിവ്. ഗന്ധത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഓൽഫാക്ടറി ബൾബിലാണ് രോഗം ആരംഭിക്കുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഉറക്കത്തിൽ ഒച്ചവയ്ക്കുക
ഉറക്കത്തിൽ ഒച്ചവയ്ക്കുക, ഇടിക്കുക, തൊഴിക്കുക തുടങ്ങിയവ പാർക്കിൻസൺസ് രോഗത്തിൻ്റെ പ്രാരംഭ ലക്ഷണമായി കണക്കാക്കാറുണ്ട്. ആർഇഎം സ്ലീപ്പ് ബിഹേവിയർ ഡിസോർഡർ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. പാർക്കിൻസൺസ് തിരിച്ചറിയുന്നതിന് വർഷങ്ങൾക്കു മുൻപേ ഇത്തരത്തിൽ ഉള്ള അവസ്ഥ ഉണ്ടാകും. ഏറെക്കാലം നീണ്ടു നിൽക്കുന്ന (insomnia) പകൽ സമയം ഉറക്കം തൂങ്ങുക തുടങ്ങിയവയും പ്രകടമാകും.
മലബന്ധം
പാർക്കിൻസൺസ് രോഗനിർണയം നടത്തുന്നതിന് വർഷങ്ങൾക്കു മുൻപെ ദീര്‍ഘകാലമായുള്ള മലബന്ധം ഉണ്ടാകാം. പല കാരണങ്ങൾക്കൊണ്ടും മലബന്ധം ഉണ്ടാകാം എന്നതിനാൽ കൂടുതൽ പരിശോധനകൾ ഡോക്ടറെ കണ്ട് നടത്തേണ്ടതാണ്. പാർക്കിൻസൺസ് രോഗം ദഹനത്തെ നിയന്ത്രിക്കുന്ന നാഡീവ്യവസ്ഥയെ ബാധിക്കുകയും മലമൂത്രവിസർജനം സാവധാനത്തിലാവുകയും ചെയ്യുമെന്ന് മയോക്ലിനിക് പറയുന്നു.
ക്ഷീണവും വേദനയും
തുടർച്ചയായ ക്ഷീണവും തളർച്ചയും പാർക്കിൻസൺസ് രോഗങ്ങളുടെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. ഇടയ്ക്കുള്ള തോളുവേദന, കഴുത്തിന് കാഠന്യം, ശരീരവേദന തുടങ്ങിയവയും ചിലർക്ക് ഉണ്ടാകാം. ഈ ലക്ഷണങ്ങളെല്ലാം പേശികളുടെ കാഠിന്യം കൊണ്ടോ നാഡികൾക്കുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടോ ഉണ്ടാവുന്നതാണ്.
എഴുന്നേറ്റു നിൽക്കുമ്പോൾ തലകറക്കം
ഇരുന്നിട്ട് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ രക്തസമ്മർദം കുറയുന്നതു മൂലം തലകറക്കം ഉണ്ടാകുന്ന അവസ്ഥ. ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
നേരത്തെയുള്ള രോഗനിർണയം പ്രധാനം
പാർക്കിൻസൺസ് രോഗം പൂർണമായി സുഖപ്പെടുത്താനാവില്ല. അതുകൊണ്ട് തന്നെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇത് രോഗത്തെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. അതിനൊപ്പം, ആരോഗ്യകരമായ ജീവിതശൈലി, ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുക്കുക എന്നതും രോഗം മൂർച്ഛിക്കുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും.
Parkinsons Diseases: Early symptoms
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

