

സെർവിക്കൽ കാൻസറിനെ (ഗര്‍ഭാശയഗള അര്‍ബുദം) തുടർന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചതിന് പിന്നാലെയാണ് സെർവിക്കൽ കാൻസറിനെ കുറിച്ച് വീണ്ടും ചർച്ചകൾ ഉയരുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ സ്ത്രീകൾക്ക് സാധാരണമായി വരുന്ന കാൻസറുകളിൽ നാലാം സ്ഥാനത്താണ് സെർവിക്കൽ കാൻസർ.
ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് 90 ശതമാനം സെർവിക്കൽ കാൻസർ കേസുകൾക്കും കാരണം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഈ വൈറസ് തൊണ്ട, ജനനേന്ദ്രിയം, ചർമ്മം എന്നിവയെയാണ് ബാധിക്കുന്നത്. ചില സന്ദർഭങ്ങളിൽ ഇതിന് രോഗ ലക്ഷണങ്ങൾ ഉണ്ടാകില്ല. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ വ്യക്തികളിലും ഈ വൈറസ് ഉണ്ടാകും.
പൊതുവെ രോഗപ്രതിരോധ സംവിധാനത്തിലൂടെ വൈറസ് ശരീരത്തിൽ നിന്നും വിട്ടുപോകാറുണ്ട്. എന്നാൽ അപൂർവം ചിലരുടെ ശരീരത്തിൽ വൈറസ് നിലനിൽക്കുകയും അത് അസാധാരണ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് കാൻസറിലേക്ക് നയിക്കുന്നു. കോശങ്ങൾ വളർന്ന് കാൻസർ ആകാൻ 15 മുതൽ 20 വർഷമെടുക്കും. എന്നാൽ ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള സ്ത്രീകളിൽ കോശങ്ങൾ വളരാൻ അഞ്ച് മുതൽ 10 വർഷം മാത്രം മതി.
2020ലെ ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് 6,04,000 സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പകുതിയാളുകളും മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചെറുപ്രായത്തിൽ തന്നെ ലൈംഗികബന്ധത്തില്‍ ഏർപ്പെടുക എന്നതും ഈ അർബുദത്തിനു കാരണമാകാം. അതേസമയം, മറ്റു കാൻസറുകളെ അപേക്ഷിച്ച് ജനിതകമായ ഘടകങ്ങൾ സെർവിക്കൽ കാൻസറിൽ ബാധകമായി കണ്ടിട്ടില്ല. പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗമാണ് സെർവിക്കൽ കാൻസർ.
2024ൽ കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ സെർവിക്കൽ കാൻസർ പ്രതിരോധിക്കുന്നതിന് ഒൻപതു മുതൽ 14 വരെ പ്രായമായ പെൺകുട്ടികളിൽ പ്രതിരോധ കുത്തിവെയ്പ് എടുക്കാൻ സർക്കാർ പദ്ധതി സ്വീകരിക്കുന്നതായി അറിയിച്ചു.
സെവിക്കൽ കാൻസർ ലക്ഷണങ്ങൾ
ആർത്തവവിരാമത്തിന് ശേഷമോ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷമോ അസാധാരണമായ രക്തസ്രാവം ഉണ്ടാവുക
യോനിയിൽ നിന്ന് ദുർഗന്ധത്തോടു കൂടിയ വൈറ്റ് ഡിസ്ചാര്‍ജ്
മുതുകിലും കാലുകളിലും പെൽവിസിലും സ്ഥിരമായ വേദന
ശരീരഭാരം, ക്ഷീണം, വിശപ്പില്ലായ്മ
യോനിയിൽ അസ്വസ്ഥത
കാലുകളിൽ വീക്കം അനുഭവപ്പെടുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates