മുട്ടിന് തേയ്മാനം, കഠിനമായ വേദന, ശസ്ത്രക്രിയ അല്ലാതെ വേറെ ഓപ്ഷനുണ്ടോ?

പ്രധാനമായും അഞ്ച് ഘട്ടങ്ങളിലാണ് മുട്ട് തേയ്മാനം സംഭവിക്കുന്നത്.
Dr. Anoob RC
Knee Pain .
Updated on
2 min read

വാഹനം തുടര്‍ച്ചയായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവയുടെ ടയര്‍ തേഞ്ഞു പോകുന്ന അതേ അവസ്ഥയാണ് മനുഷ്യരുടെ ശരീരത്തിലെ എല്ലുകളുടേതും. എല്ലുകള്‍ക്കും കാല്‍ മുട്ടുകള്‍ക്കും ഉണ്ടാകുന്ന തേയ്മാനം ഇന്ന് വളരെ സാധാരണമായി കേള്‍ക്കുന്ന ഒന്നായി മാറിയിരിക്കുന്നു. എന്നാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് സംഭവിക്കുന്നതല്ല ഈ പ്രക്രിയ, മുട്ടിന്‍റെ തേയ്മാനം തുടക്കത്തിലേ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയിലൂടെ വേദന കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് കൊച്ചി, സ്പ്രിംഗ്ഫീൽഡ് കെഎംസി ആശുപത്രിയിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് ആൻഡ് ജോയിന്‍റ് റീപ്ലേസ്‌മെന്റ് സർജൻ ഡോ. അനൂബ് ആര്‍സി സമകാലിക മലയാളത്തോട് വിശദീകരിക്കുന്നു.

നമ്മുടെ കാല്‍ മുട്ട് എന്ന് പറയുന്നത് നാല് ജോയിന്‍റുകള്‍ കൂടിച്ചേരുന്നതാണ്. പ്രധാനമായും മൂന്ന് കംപാര്‍ട്ട്മെന്‍റുകളാണ് മുട്ടിന് ഉള്ളത്. തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ് ആണ് നടക്കുമ്പോള്‍ അസ്ഥികള്‍ക്ക് ഫ്രിക്ഷന്‍ ഉണ്ടാകാതെ സഹായിക്കുന്നത്. എന്നാല്‍ കാലക്രമേണ ഇവ തേഞ്ഞു പോകുന്ന അവസ്ഥയാണ് മുട്ടിലെ തേയ്മാനം.

പ്രധാനമായും അഞ്ച് ഘട്ടങ്ങളിലാണ് മുട്ട് തേയ്മാനം സംഭവിക്കുന്നത്. ഒരോ ഘട്ടങ്ങള്‍ കഴിയുന്തോറും ലക്ഷണങ്ങളും പുരോഗമിക്കും. ഇതിനു ചികിത്സ പ്രധാനമായും നാല് ഘട്ടങ്ങളിലാണ് നടത്തുന്നത്. എ, ബി, സി, ഡി എന്നിങ്ങനെ ചികിത്സയുടെ ഘട്ടങ്ങളെ തരം തിരിക്കാം.

അഞ്ച് ഘട്ടങ്ങളും ലക്ഷണങ്ങളും ചികിത്സയും

ആദ്യ ഒന്ന്-രണ്ട് ഘട്ടങ്ങളില്‍ രാവിലെ എഴുന്നേറ്റ് കഴിയുമ്പോള്‍ അത്ര വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെങ്കിലും ദൈനംദിന ജോലികള്‍ ചെയ്യുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടും. ഉദാ: സ്റ്റെപ്പ് കയറുമ്പോള്‍ ബുദ്ധിമുട്ടില്ല, ഇറങ്ങുമ്പോള്‍ വേദന തോന്നാം. കുറച്ചു നേരം ഇരുന്ന ശേഷം എഴുന്നേല്‍ക്കാന്‍ ഉള്ള ബുദ്ധിമുട്ട്.

ഈ ഘട്ടത്തില്‍ എ, ബി ചികിത്സ രീതികള്‍ സഹായകരമായിരിക്കും. ആന്റി-ഇഫ്‌ലമേറ്ററി മരുന്നുകളും സപ്ലിമെന്‍റുകളമാണ് ചികിത്സയുടെ ആദ്യ ഘട്ടം. രണ്ടാം ഘട്ടം ജീവിതശൈലി മാറ്റമാണ്. അമിതവണ്ണം മുട്ട് വേദനയ്ക്ക് ഒരു പ്രധാന ഘടകമാണ്. ചിലര്‍ക്ക് അമിതവണ്ണം കുറച്ചാല്‍ തന്നെ തേയ്മാനവും വേദനയും ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

മൂട്ട് വേദന മൂന്ന്-നാല് ഘട്ടങ്ങളിലേക്ക് എത്തുമ്പോള്‍ 100 മീറ്റര്‍ നടക്കുമ്പോള്‍ തന്നെ വേദന അനുഭവപ്പെടാം. ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുക. ഈ ഘട്ടത്തില്‍ ഫിസിയോ തെറാപ്പി ചികിത്സ (ചികിത്സയുടെ സി വിഭാഗം) വേദന കുറയ്ക്കാന്‍ സഹായകരമായിരിക്കും. ഫിസിയോ തെറാപ്പിയിലൂടെ മുട്ടിന് ചുറ്റുമുള്ള മസിലുകള്‍ ബലപ്പെടുത്തിയെടുക്കാന്‍ സാധിക്കും.

മുട്ട് തേയ്മാനത്തിന്‍റെ അഞ്ചാം ഘട്ടമെന്നാല്‍ കാലുകള്‍ വളഞ്ഞു തുടങ്ങുന്നതാണ്. അതിവേദന തുടര്‍ച്ചയായി ഉണ്ടാവുകയും ചെയ്യുന്നു. ഇത് തേയ്മാനത്തിന്‍റെ ഏറ്റവും അഡ്വാന്‍സ്ഡ് ഘട്ടമാണ്. ഈ സാഹചര്യത്തില്‍ രണ്ട് തരത്തിലുള്ള ചികിത്സകളാണ് പ്രധാനമായും ചെയ്യുന്നത്. മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അല്ലെങ്കില്‍ റീജെനറേറ്റിവ് മെഡിസിന്‍.

എന്താണ് റീജെനറേറ്റിവ് മെഡിസിന്‍

മുട്ട് തേയ്മാനത്തില്‍ ഏറ്റവും മികച്ച ചികിത്സ രീതിയാണ് ഇത്. നമ്മുടെ ശരീരത്തിന് തന്നെ ഒരു റീ ജെനറേറ്റീവ് കഴിവുണ്ട്. എന്നാല്‍ പ്രായമാകുന്തോറും ശരീരത്തിന്റെ പ്രധാന അവയവങ്ങളിലേക്ക് ഈ റീ ജെനറേറ്റീവ് കഴിവും ചുരുങ്ങും. രക്തത്തില്‍ അടങ്ങിയ ഗ്രോത്ത് ഫാക്ടേഴ്‌സ് ആണ് ശരീരത്തെ ഹീല്‍ ആക്കാന്‍ സഹായിക്കുന്നത്. ഇതിന് പാര്‍ശ്വഫലങ്ങള്‍ അപൂര്‍വമായിരിക്കും. നശിച്ചു പോയ ഒരു ഭാഗത്തെ മാറ്റിവെയ്ക്കുന്നതിന് പകരം എങ്ങനെ റീ-ജെനറേറ്റ് ചെയ്യാമെന്നതില്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

മുട്ട് വേദനയ്ക്ക് മൂന്ന് റീജെനറേറ്റീവ് ചികിത്സകളാണ് ചെയ്യുന്നത്.

പിആര്‍പി ചികിത്സ (പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മ)

രോഗിയുടെ തന്നെ രക്തം ശേഖരിച്ച് അതില്‍ നിന്ന് ഗ്രോത്ത് ഫാക്ടേഴ്സ് വേര്‍തിരിച്ചെടുത്ത് മുട്ടിലേക്ക് നേരിട്ടു കുത്തിവെയ്ക്കുന്ന രീതിയാണിത്. ആശുപത്രിയില്‍ വന്ന് വെറും 45 മിനിറ്റില്‍ ചെയ്തു വീട്ടില്‍ പോകാവുന്ന ഒരു ചികിത്സയാണ് പിആര്‍പി ചികിത്സ. പാര്‍ശ്വഫലങ്ങളില്ലെന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത.

ഒറ്റ ഇഞ്ചക്ഷനില്‍ തന്നെ 90 ശതമാനം മുട്ട് വേദനയും കുറയാറുണ്ട്. വളരെ അപൂര്‍വമായാണ് രണ്ട് തവണ കുത്തിവെയ്പ്പ് വേണ്ടിവരുന്നത്.

എന്നാല്‍ പിആര്‍പി ചെയ്യുമ്പോള്‍ വേദന സംഹാരികള്‍ കഴിക്കാന്‍ പാടില്ല. അത്തരം സാഹചര്യം വരുമ്പോള്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ നേരില്‍ കണ്ട് പരിഹാരം തേടേണ്ടതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചിലയിടങ്ങളില്‍ അശാസ്ത്രിയമായി പിആര്‍പി ചെയ്യുന്നത് അണുബാധയ്ക്കും ആരോഗ്യ സങ്കീര്‍ണതകള്‍ക്കും കാരണമാകും. ഇതിലൂടെ കാല്‍മുട്ട് ശസ്ത്രക്രിയ എന്ന പ്രക്രിയ കൂടുതല്‍ തള്ളിനീക്കാനും സാധിക്കും. ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. നമ്മുടെ സാധാരണ മുട്ട് കൊണ്ട് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാന്‍ സാധിക്കും.

ബോൺമാരോ സ്റ്റെം സെൽ തെറാപ്പി

എല്ലില്‍ നിന്ന് ബോണ്‍മാരോ എടുത്ത ശേഷം അതില്‍ നിന്ന് സ്റ്റെം സെൽ വേരിതിരിച്ചെടുത്ത്, പിആര്‍പി ചികിത്സയ്ക്ക് സമാനമായ രീതിയില്‍ മുട്ടിലേക്ക് നേരിട്ട് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്.

സ്റ്റെം സെല്ലില്‍ നിന്നാണ് ശരീരത്തിലെ എല്ലാ കോശങ്ങളും വളരുന്നത്. മുട്ട് തേയ്മാനത്തിന്‍റെ അഞ്ചാമത്തെ ഘട്ടത്തിലും ഇത് മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

അഡിപ്പോസ് ടിഷ്യു തെറാപ്പി

ശരീരത്തിലെ കൊഴുപ്പ് കോശങ്ങൾ ഉപയോഗിച്ച് ചികിത്സ നൽകുന്ന രീതിയാണിത്. ഇതിൽ അഡിപ്പോസ് ടിഷ്യുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കോശങ്ങളെയും, വളർച്ചാ ഘടകങ്ങളെയും മുട്ടില്‍ നേരിട്ടു കുത്തിവെച്ച് ചികിത്സ നടത്തുന്നതാണ് ഈ രീതി.

മുട്ട് തേയ്മാനം സംഭവിക്കുമ്പോള്‍ ഏറ്റവും ഒടുവില്‍ ചെയ്യേണ്ടതാണ് യഥാര്‍ഥത്തില്‍ ശസ്ത്രക്രിയ. ആദ്യമേ ശസ്ത്രക്രിയ എന്ന പരിഹാരത്തിലേക്ക് എടുത്തു ചാടുന്നതിലും നല്ലത് റീജെനറേറ്റീവ് ചികിത്സ ശ്രമിക്കുന്നതായിരിക്കുമെന്നും ഡോ. അനൂബ് പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയയല്ലാതെ മറ്റ് വഴികള്‍ ഇല്ലാതെയും വരാം.

Summary

How to reduce Knee pain. what is Regenerative medicin.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com