പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

പല പ്രണയങ്ങളും ഒരു 'പ്രോപ്പർ ക്ലോഷർ' കിട്ടാതെയാണ് അവസാനിക്കുന്നത്.
Ziegarnik effect, 96 movie scene
Ziegarnik effect, 96 movie sceneScreenshort
Updated on
4 min read

ജീവിതത്തിൽ പ്രണയിക്കാത്തവർ ചുരുക്കമായിരിക്കും. പല സാഹചര്യങ്ങൾ കൊണ്ട് പ്രണയം പരാജയപ്പെടുന്നവരുണ്ട്. ഒരു പക്ഷെ പഴയ കാമുകിയെ അല്ലെങ്കിൽ കാമുകനെ വീണ്ടും കാണേണ്ടി വരുന്ന സാഹചര്യത്തിൽ അവർ ആഗ്രഹിക്കാതെ തന്നെ പലരും പാനിക് ആകാറുമുണ്ട്. അതിന് പിന്നിൽ മനഃശാസ്ത്രപരമായ ഒരു കാരണമുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.

പല പ്രണയങ്ങളും ഒരു 'പ്രോപ്പർ ക്ലോഷർ' കിട്ടാതെയാണ് അവസാനിക്കുന്നത്. ഇത് ഉപബോധമനസ്സിൽ തങ്ങിനിൽക്കുകയും പഴയ കാമുകിയെ കാണുമ്പോൾ, ഉപബോധമനസ്സ് ആ പഴയ 'അപൂർണ്ണമായ' ബന്ധത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ തുടങ്ങുകയും ചെയ്യും. മനഃശാസ്ത്രത്തിൽ ഇതിനെ സെഗാർണിക് ഇഫക്റ്റ് (Ziegarnik effect) എന്നാണ് വിശേഷിപ്പിക്കുന്നത്.

അതേസമയം പ്രോപ്പറായി ക്ലോഷർ കിട്ടിയ പ്രണയം പിന്നീട് ആളുകൾ മറന്നേ പോകുമെന്നും മനഃശാസ്ത്രത്തിൽ പറയുന്നുവെന്ന് അദ്ദേഹം പറയുന്നു. സമീപകാലത്ത് ഇറങ്ങിയ 'ഇത്തരി നേരം' എന്ന ചിത്രം അതിന് ഉദ്ദാഹരണമായി അദ്ദേ​ഹം സൂചിപ്പിക്കുന്നു. ഇത് പ്രണയത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തിലെ ദൈനംദിന കാര്യങ്ങളിൽ സെഗാർണിക് ഇഫക്റ്റ് നമ്മെ ബാധിക്കുന്നുവെന്നും ഫേയ്സ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെ അ​ദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഡോ. മനോജ് വെള്ളനാടിൻ്റെ ഫേയ്സുബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

പഴയ കാമുകിയെ അല്ലെങ്കിൽ കാമുകനെ വീണ്ടും കാണുമ്പോൾ നിങ്ങൾ വല്ലാതെ പാനിക്ക് ആവാറുണ്ടോ? നാളുകൾക്ക് ശേഷം ഒരുമിച്ച് ഒരു സ്ഥലത്ത് ജോലി ചെയ്യേണ്ടി വന്നാൽ നിങ്ങൾക്ക് വല്ലാത്ത അസ്വസ്‌ഥത തോന്നാറുണ്ടോ? ഉണ്ടെങ്കിൽ ആ ബന്ധത്തിൽ നിങ്ങൾക്ക് ഒരു പ്രോപ്പർ ക്ലോഷർ കിട്ടിയിട്ടില്ല എന്നാണ് അർത്ഥം. ഇതിനെ മനഃശാസ്ത്രത്തിൽ Ziegarnik effect (സെഗാർണിക് പ്രതിഭാസം) എന്നാണ് പറയുന്നത്. എന്താണീ പ്രതിഭാസമെന്ന് എളുപ്പത്തിൽ മനസിലാക്കാൻ ഒന്ന് രണ്ട് ഉദാഹരണങ്ങൾ പറഞ്ഞിട്ട് അതെന്താണെന്ന് പറയാം.

സെഗാർണിക് ഇഫക്റ്റ് ഞാനോർത്തിരിക്കാൻ കാരണം മറ്റൊരു അനുഭവമാണ്. MBBS പഠിക്കാൻ പോകുന്നതിന് മുമ്പ് ഞാനൊരു പലവ്യജ്ഞനക്കടയിൽ അഞ്ചാറു വർഷം ജോലിക്ക് നിന്നിരുന്നു. പത്തിരുപത്തഞ്ച് വർഷം മുമ്പത്തെ ഒരു ഗ്രാമപ്രദേശമാണ് ലൊക്കേഷൻ. ആൾക്കാർ സാധനം വാങ്ങാൻ വന്നിട്ട് അവർക്ക് വേണ്ട സാധനങ്ങൾ ഓരോന്നായിട്ട് പറയും, ഒരു കിലോ അരി, അരക്കിലോ ആട്ടമാവ്, ഒരു കിലോ കടലപ്പിണ്ണാക്ക്, ഒരു കിലോ തേങ്ങാപ്പിണ്ണാക്ക്, അരക്കിലോ തീറ്റ, 50 ഗ്രാം തേയില, 250 പഞ്ചസാര, ഒരു തീപ്പെട്ടി, 250 വെളിച്ചെണ്ണ ഇങ്ങനെ. ഞാൻ ഓരോ സാധനങ്ങളായി അളന്ന് തൂക്കി പേപ്പറിൽ പൊതിഞ്ഞ് ചണനൂല് കൊണ്ട് കെട്ടി കൊടുക്കും. അവർ തീർന്നു എന്ന് പറയുമ്പോൾ തന്നെ ആകെ എത്രരൂപയായി എന്ന് ഞാനും പറയും. 248 രൂപ 50 പൈസ.

അപൂർവ്വമായി ചില ആൾക്കാർക്കോ കട മുതലാളിക്കോ സംശയം തോന്നിയാൽ മാത്രം ഇതെല്ലാം ഒരു പേപ്പറിൽ എഴുതിക്കൂട്ടും. ഇങ്ങനെ സംശയം തോന്നി നോക്കിയപ്പോൾ ഒന്നും ആ കണക്ക് തെറ്റിയിട്ടില്ല. എന്നാൽ അവർക്ക് സാധനം പൊതിഞ്ഞ് നൽകി കാശ് വാങ്ങി പെട്ടിയിലിട്ടാൽ അവർ വാങ്ങിയ സാധനങ്ങൾ എന്തെന്ന് എനിക്ക് ഓർമ്മയുണ്ടാവില്ല. എന്തെങ്കിലും മറന്നു വച്ചെന്നൊക്കെ പറഞ്ഞു ആരെങ്കിലും തിരികെ വരുമ്പോഴാണ് ഓർമ്മയില്ല എന്ന കാര്യം ഞാനറിയുന്നത്.

എനിക്ക് അപാരമായ ബുദ്ധി ഉള്ളതുകൊണ്ടാണ് അന്നങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞത് എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാലതങ്ങനെയല്ലായിരുന്നു. അത് മനസിലാക്കിയത് സെഗാർണിക് ഇഫക്റ്റ് വായിച്ചതിന് ശേഷമാണ്. ഉസ്താദ് ഹോട്ടൽ സിനിമയിൽ മാമുക്കോയയും സമാനമായ ഒരു കഴിവ് പ്രദർശിപ്പിക്കുന്നത് പലർക്കും ഓർമ്മ കാണും. അതും ഏതാണ്ടിത് തന്നെ. റഷ്യൻ മനഃശാസ്ത്രജ്ഞയായ ബ്ലൂമ സെഗാർണിക് (Bluma Zeigarnik) ആണ് 1920-കളിൽ ഈ പ്രതിഭാസം കണ്ടെത്തിയത്. ഇത് കണ്ടെത്തിയതിന് പിന്നിലെ കഥ ഇങ്ങനെയാണ്.

1920-കളുടെ മധ്യത്തിൽ, പ്രശസ്ത മനഃശാസ്ത്രജ്ഞനായ കുർട്ട് ലെവിനും അദ്ദേഹത്തിന്റെ വിദ്യാർത്ഥിനിയായ ബ്ലൂമ സെഗാർണിക്കും മറ്റ് ചില ഗവേഷകരും ബർലിനിലെ ഒരു തിരക്കുള്ള റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയി. അവിടെയുണ്ടായിരുന്ന വെയ്റ്റർമാരുടെ അസാധാരണമായ ഒരു കഴിവ് അവരുടെ ശ്രദ്ധയിൽ പെട്ടു, വെയ്റ്റർമാർ കസ്റ്റമേഴ്സിന്റെ ഓർഡറുകൾ ഒന്നും തന്നെ പേപ്പറിൽ കുറിച്ചെടുക്കുന്നുണ്ടായിരുന്നില്ല. ഒരേസമയം നിരവധി മേശകളിൽ നിന്നുള്ള സങ്കീർണ്ണമായ ഓർഡറുകൾ പോലും അവർ കേവലം ഓർമ്മശക്തി കൊണ്ട് മാത്രം കൃത്യമായി അടുക്കളയിൽ എത്തിക്കുകയും ഡെലിവറി ചെയ്യുകയും ചെയ്തു.

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം, തങ്ങളുടെ ബില്ലിൽ എന്തോ ഒരു തിരുത്ത് വരുത്താനായി അവർ വെയ്റ്റർമാരിൽ ഒരാളെ തിരികെ വിളിച്ചു. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, തൊട്ടുമുമ്പ് തങ്ങൾക്ക് ഭക്ഷണം വിളമ്പിയ വെയ്റ്ററോട് ഓർഡറിനെക്കുറിച്ച് ചോദിച്ചപ്പോൾ, അവർക്ക് എന്താണ് നൽകിയതെന്ന് അയാൾക്ക് യാതൊരു ഓർമ്മയും ഉണ്ടായിരുന്നില്ല! ബില്ല് കൊടുത്ത് ആ ഇടപാട് തീർന്ന് സെക്കൻഡുകൾക്കുള്ളിൽ അയാൾ ആ ഓർമ്മകൾ മനസ്സിൽ നിന്ന് പൂർണ്ണമായി മായ്ച്ചു കളഞ്ഞിരിക്കുന്നു. പെട്ടെന്നെങ്ങനെ അയാൾ എല്ലാം മറന്നുപോയി?! ഈ നിരീക്ഷണം കുർട്ട് ലെവിനെയും ബ്ലൂമ സെഗാർണിക്കിനെയും അത്ഭുതപ്പെടുത്തി എന്ന് പറയേണ്ടല്ലോ.

റെസ്റ്റോറന്റിൽ കണ്ട ഈ പ്രതിഭാസം യാദൃശ്ചികമാണോ അതോ മനുഷ്യസഹജമാണോ എന്ന് ഉറപ്പിക്കാൻ ബ്ലൂമ സെഗാർണിക് ഒരു പരീക്ഷണം നടത്തി. അവർ ഏതാണ്ട് 138 കുട്ടികളെയും മുതിർന്നവരെയും പരീക്ഷണത്തിനായി തിരഞ്ഞെടുത്തു. പങ്കെടുത്തവർക്ക് ചെയ്യാനായി 18 മുതൽ 22 വരെ ചെറിയ ചെറിയ ടാസ്കുകൾ നൽകി. മൺപാത്രങ്ങൾ ഉണ്ടാക്കുക, പസിലുകൾ പൂരിപ്പിക്കുക, മുത്തുകൾ കോർക്കുക, കണക്കുകൾ ചെയ്യുക തുടങ്ങിയവ. പരീക്ഷണത്തിന്റെ രീതി ഇതായിരുന്നു: പങ്കെടുത്തവരിൽ ചിലരെ ചില ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അത് പൂർത്തിയാക്കാൻ അനുവദിക്കും. എന്നാൽ മറ്റ് ചിലരെ ചില ജോലികൾ ചെയ്യുമ്പോൾ, അവരെ മനപ്പൂർവ്വം പകുതിക്കുവെച്ച് തടസ്സപ്പെടുത്തുകയും അടുത്ത ജോലിയിലേക്ക് മാറ്റുകയും ചെയ്യും.

എല്ലാ ടാസ്കുകളും കഴിഞ്ഞതിന് ശേഷം, സെഗാർണിക് പരീക്ഷണത്തിൽ പങ്കെടുത്തവരോട് അവർ ചെയ്ത ജോലികൾ ഏതൊക്കെയായിരുന്നു എന്ന് ഓർത്തെടുക്കാൻ ആവശ്യപ്പെട്ടു. അവർക്ക് പകുതിക്കുവെച്ച് തടസ്സപ്പെട്ടുപോയ ജോലികളാണ്, വിജയകരമായി പൂർത്തിയാക്കിയ ജോലികളേക്കാൾ 90%ത്തിൽ കൂടുതൽ ഓർമ്മയുണ്ടായിരുന്നത്. കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഈ നിരക്ക് ഇതിലും കൂടുതലായിരുന്നു. ഇതിന് പിന്നിലെ കാരണം എന്താണ്?

നമ്മുടെ മസ്തിഷ്കം ഒരു ജോലി ചെയ്യാൻ തുടങ്ങുമ്പോൾ ഒരു തരത്തിലുള്ള 'മാനസിക സമ്മർദ്ദം' (Psychic tension) അവിടെ രൂപപ്പെടുന്നു. ആ ജോലി വിജയകരമായി പൂർത്തിയാകുമ്പോൾ മാത്രമേ ഈ സമ്മർദ്ദം അവസാനിക്കുകയുള്ളൂ (Closure ലഭിക്കുകയുള്ളൂ). എന്നാൽ ജോലി പൂർത്തിയാകാതെ വരുമ്പോൾ ആ സമ്മർദ്ദം തലച്ചോറിൽ നിലനിൽക്കുകയും, ആ വിവരങ്ങൾ ഓർമ്മയുടെ മുൻപന്തിയിൽ തന്നെ സൂക്ഷിക്കാൻ തലച്ചോറ് ശ്രമിക്കുകയും ചെയ്യുന്നു. ജോലി കഴിഞ്ഞുവെന്ന് തലച്ചോറിന് ഉറപ്പാകുമ്പോൾ അത് ആ വിവരങ്ങളെ 'Archive' ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നു.

ലളിതമായി പറഞ്ഞാൽ, പൂർത്തിയാക്കാൻ കഴിഞ്ഞ കാര്യങ്ങളെക്കാൾ, പൂർത്തിയാക്കാത്തതോ പകുതിക്കുവെച്ച് തടസ്സപ്പെട്ടതോ ആയ കാര്യങ്ങൾ മനുഷ്യർ കൂടുതൽ ആഴത്തിൽ, കൂടുതൽ കാലം ഓർത്തു വെക്കുന്നു എന്നതാണ് സെഗാർണിക് എഫക്റ്റ്. നിത്യജീവിതത്തിലെ ചില ഉദാഹരണങ്ങൾകൂടി പറയുമ്പോൾ ഇത് ഇനിയും ക്ലിയറാവും.

1.മനോരമ ആഴ്ചപതിപ്പിലെ നോവലുകൾ ഓരോ അധ്യായവും തീരുന്നത് എങ്ങനെയെന്ന് ഓർമ്മയുണ്ടോ? അതുപോലെ മെഗാസീരിയലുകളും വെബ് സീരീസുകളും ഒരു എപ്പിസോഡ് അവസാനിപ്പിക്കുന്നത് കഥയിലെ ഏറ്റവും ആകാംഷ നിറഞ്ഞ ഒരു ഘട്ടത്തിലായിരിക്കും. കഥ അവിടെ അപൂർണ്ണമായി നിൽക്കുന്നതുകൊണ്ട്, പ്രേക്ഷകന്റെ തലച്ചോറ് അടുത്ത എപ്പിസോഡ് വരുന്നത് വരെ അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും.

2. ചില പരസ്യങ്ങൾ പകുതി ചോദ്യങ്ങൾ ചോദിച്ചോ, അല്ലെങ്കിൽ ഒരു സസ്പെൻസ് നിലനിർത്തിയോ അവസാനിപ്പിക്കും. ഇത് ഉപഭോക്താക്കളുടെ മനസ്സിൽ ആ ബ്രാൻഡ് കൂടുതൽ കാലം നിൽക്കാൻ സഹായിക്കുന്നു.

Ziegarnik effect, 96 movie scene
മനസ്സിനും ശരീരത്തിനും ഒരു 'റീസെറ്റ്'; വീക്കൻഡ് പാഴാക്കരുത്, ആരോഗ്യകരമായി സമയം ചെലവഴിക്കാൻ 10 വഴി

3. പഴയ പ്രണയങ്ങളെയും കാമുകിയെയും ഒക്കെ വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുമ്പോൾ മനസ്സിലുണ്ടാവുന്ന ആ ഒരു പെട്ടെന്നുള്ള 'Panic' അല്ലെങ്കിൽ അസ്വസ്ഥതയ്ക്ക് പിന്നിലും ഇതാണ് കാരണം. റിലേഷൻഷിപ്പിലെ ‘പ്രോപ്പർ ക്ലോഷർ’ ഈയടുത്ത് ചർച്ച ചെയ്ത നല്ലൊരു സിനിമയാണ് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ഇത്തിരി നേരം. അതുപോലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ കാമുകിയുടെ കല്യാണം കാണാൻ ഇന്നസെൻ്റ് ജയറാമിനെ നിർബന്ധിച്ച് പറഞ്ഞയക്കുന്നതും ഒരു പ്രോപ്പർ ക്ലോഷർ കിട്ടട്ടെ എന്ന് കരുതിയാണ്.

Ziegarnik effect, 96 movie scene
'ഞാൻ മെഡിറ്റേഷൻ ചെയ്യാറില്ല, പഞ്ചസാര ഒഴിവാക്കിയുള്ള ഡയറ്റ് ആണ് ഇപ്പോൾ'

സെഗാർണിക് എഫക്റ്റിന്റെ കൂടെത്തന്നെ പറയേണ്ട മറ്റൊന്നാണ് ഓവ്സ്യാങ്കിന എഫക്റ്റ് (Ovsiankina Effect). ഇതനുസരിച്ച്, തടസ്സപ്പെട്ടുപോയ ഒരു ജോലി എങ്ങനെയും പൂർത്തിയാക്കാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കും. പഴയ കാമുകിയെ കാണുമ്പോൾ, ഉപബോധമനസ്സ് ആ പഴയ 'അപൂർണ്ണമായ' ബന്ധത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ തുടങ്ങും. ‘അന്ന് അത് തകർന്നിരുന്നില്ലെങ്കിൽ ഇന്ന് ഞങ്ങൾ എങ്ങനെയാവുമായിരുന്നു?’ എന്ന ചിന്തകൾ പെട്ടെന്ന് വരുന്നത് മനസ്സിനെ അസ്വസ്ഥമാക്കും. പണ്ട് നിർത്തിയ ഇടത്തു നിന്നും ചിലപ്പോൾ വീണ്ടും തുടങ്ങും. അല്ലെങ്കിൽ രണ്ടാൾക്കും മനസമാധാനത്തോടെ ജോലി ചെയ്യാൻ പറ്റാതാവും. അതുകൊണ്ട് പരസ്പരം സംസാരിച്ച് ആ ചാപ്റ്റർ ക്ലോസ് ചെയ്യുകയാണ് ബുദ്ധി.

ഞാനെൻ്റെ ചില കാമുകിമാരുടെ കല്യാണത്തിന് ഒക്കെ പോകുകയും സദ്യയും കഴിച്ച് ഫോട്ടോയും എടുത്ത് പിരിയുകയും ചെയ്തിട്ടുണ്ട്. ചിലർ കല്യാണം വിളിക്കാത്തത് കൊണ്ട് പോയില്ല. ഇതൊക്കെ അന്ന് അറിയാമായിരുന്നെങ്കിൽ വിളിച്ചില്ലെങ്കിലും പോയേനെ.

മനോജ് വെള്ളനാട്

Summary

Seeing ex girl friend or boy friend makes panic, What is Ziegarnik effect?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com