

മനസു നിറഞ്ഞ് ഒന്ന് ചിരിച്ചിട്ട് എത്ര നാളായി? തിരക്കുപിടിച്ച് ഓടുന്നതിനിടെ നമ്മള്‍ ഏറ്റവും ആദ്യം ഉപേക്ഷിക്കുക നമ്മളെ തന്നെയാണ്. സ്വയം സ്നേഹിക്കാന്‍ സമയം കിട്ടാതെ വരുന്നത് സ്വന്തം മാനസികാരോഗ്യത്തെ വലിച്ചൊറിയുന്നതിന് തുല്യമാണ്. യഥാർത്ഥത്തിൽ സ്വയം പരിപാലനം എന്നത് എല്ലാവർക്കും അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്.
സ്വന്തം ശാരീരികവും മാനസികവും വൈകാരികവുമായ ആര്യോഗത്തിനുവേണ്ടി, അല്ലെങ്കിൽ സുഖമായിരിക്കാനായി തനിക്കു ചുറ്റും ലഭ്യമായ അറിവുപയോഗിച്ച് സജീവമായി ചെയ്യുന്ന കാര്യങ്ങളെയാണ് സെൽഫ് കെയർ അല്ലെങ്കിൽ സ്വയം പരിപാലനം എന്നുപറയുന്നത്. ആളുകൾ അവരുടെ സ്വന്തം ക്ഷേമത്തേക്കാൾ, ജോലി, കുടുംബം അല്ലെങ്കിൽ സാമൂഹിക ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നു. ഈ അവഗണന പിന്നീട് സമ്മർദത്തിലേയ്ക്കും ആരോഗ്യപ്രശ്നങ്ങളിലേയ്ക്കുമൊക്കെ നയിച്ചേക്കാം.
പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് സ്വയം പരിപാലനം ആവശ്യം. പ്രൊഫഷണല്‍ ജീവിതത്തില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഏതാണ്ട് തുല്യ ദൂരം എത്തിയെങ്കിലും വ്യക്തഗത ജീവിതത്തില്‍ പുരുഷന്മാരെക്കാള്‍ മാനസിക തകര്‍ച്ച നേരിടുന്നത് സ്ത്രീകളാണ്. സ്വയം പരിപാലനം ആരോഗ്യകരമായ വര്‍ക്ക് ലൈഫ് നിലനിര്‍ത്താനും ഉത്കണ്ഠ, വിഷാദം പോലുള്ള മാനസികപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.
നടക്കുക, ഏതെങ്കിലും ഹോബിയിൽ മുഴുകുക, അല്ലെങ്കിൽ സുഹൃത്തിനോടു സംസാരിക്കുക തുടങ്ങിയ ലളിതമായ പ്രവൃത്തികൾ പോലും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ചിലരെ സംബന്ധിച്ചിടത്തോളം, സ്വയം പരിപാലനം എന്നത് ജോലിയിൽ നിന്ന് ഇടവേള എടുക്കുന്നതായിരിക്കാം. മറ്റു ചിലർക്ക് മാനസിക ബുദ്ധിമുട്ടുകൾക്ക് പ്രൊഫഷണൽ സഹായം തേടുന്നതാകാം. ഇതോരോരുത്തർക്കും വ്യക്തിഗതമായിരിക്കും.
സ്വയം പരിപാലനം
മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ: മൈൻഡ്ഫുൾനെസ്സ് പരിശീലിക്കുന്നത് സമ്മർദം കുറയ്ക്കാനും മാനസിക വ്യക്തത മെച്ചപ്പെടുത്താനും സഹായിക്കുന്നു. മെഡിറ്റിഷേൻ വിശ്രമവും വൈകാരിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നു.
ശാരീരികമായി സജീവമായിരിക്കുക: വ്യായാമം, വർക്ക്ഔട്ട് എന്നിവ ശാരീരികമായി മാത്രമല്ല മാനസികമായും ബലമുള്ളവരാക്കും. ഉത്കണ്ഠ, സമ്മർദം, പിരിമുറുക്കം എന്നിവ ഒഴിവാക്കാൻ ശാരീരികമായി സജീവമാകുക.
ഭക്ഷണക്രമവും ഉറക്കവും; സമീകൃതാഹാരം മാനസികാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തും. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസികാവസ്ഥയും ഊർജ്ജ നിലയും മെച്ചപ്പെടുത്തും. മാനസികാരോഗ്യത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് പ്രധാനമാണ്. ദിവസേനയുള്ള ഉറക്കസമയം പാലിക്കുന്നതും വിശ്രമകരമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുന്നതും മികച്ച ഉറക്കത്തെ പ്രോത്സാഹിപ്പിക്കും.
അതിര് നിശ്ചയിക്കാം: 'നോ' എന്ന് പറയാൻ പഠിക്കുന്നതും അതിരുകൾ നിശ്ചയിക്കുന്നതും തളർച്ച തടയാനും അമിതഭാരം കുറയ്ക്കാനും സഹായിക്കും.
ജേണലിങ്: ചിന്തകളും വികാരങ്ങളും എഴുതുന്നത് വികാരങ്ങളെ പ്രോസസ്സ് ചെയ്യാനും സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത നേടാനും സഹായിക്കും. സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നതും സുഹൃത്തുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ഒരു തെറാപ്പിസ്റ്റിൽ നിന്നോ പിന്തുണ തേടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും.
സോഷ്യൽ മീഡിയയ്ക്ക് ലിമിറ്റ്: സോഷ്യൽ മീഡിയയിൽ നിന്നും വാർത്തകളിൽ നിന്നും ഇടവേളകൾ എടുക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രൊഫഷണൽ സഹായം: നിങ്ങളുടെ വൈകാരികമോ മാനസികമോ ആയ ആരോഗ്യം അപകടത്തിലാണെന്ന് കണ്ടാൽ, ഒരു മാനസികാരോഗ്യ പ്രൊഫഷണലിന്റെ സഹായം തേടുന്നത് മുൻഗണന നൽകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates