

ഇന്ത്യയിൽ മൂന്നിലൊന്ന് ആളുകളിൽ ഫാറ്റിലിവർ/നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് എയിംസ് സമീപകാലത്ത് നടത്തിയൊരു പഠനത്തിൽ പറയുന്നത്. ഇതിൽ 35 ശതമാനം കുട്ടികളാണ്. മുൻപ് പുകവലിയും മദ്യപാനവുമായിരുന്നു ഫാറ്റിലിവർ സംഭവിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരുന്നതെങ്കിൽ ഇന്ന് നമ്മൾ 'ആരോഗ്യകരം' എന്ന് വിശ്വസിക്കുന്ന പല ഭക്ഷണങ്ങളും ആ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പാല്‍
പാലിനെ ആരും അവിശ്വസിക്കില്ല. പ്രോട്ടീൻ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ പാലും പാൽ ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ കരളിന് അങ്ങനെയല്ല, 2025ല്‍ ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കൊഴുപ്പോട് കൂടി പാൽ സ്ഥിരമാക്കുന്നത് കരൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് വിശദീകരിക്കുന്നു. കൊഴുപ്പ് കുറഞ്ഞ പാൽ താരതമ്യേന സുരക്ഷിതമാണെന്നും വിദഗ്ധർ പറയുന്നു.
ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍
ബേക്ക് ചെയ്തെടുക്കുന്ന ബ്രെഡും മഫിനുകൾക്കും ആരാധകർ ഏറെയാണ്. എന്നാൽ ഇതിൽ പല ഉൽപ്പന്നങ്ങളും ശുദ്ധീകരിച്ച മാവുകൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കുന്നതാണ്. പുറമെ അവ നട്‌സും ഫ്രൂട്‌സും കൊണ്ട് അലങ്കരിച്ചു വച്ചാലും ബ്രെഡ്, പേസ്ട്രി, മഫിന്‍സ് പോലുള്ള ബേക്കറി പലഹാരങ്ങള്‍ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, ലിവര്‍ ഫൈബ്രോസിസ്, ലിവര്‍ സിറോസിസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2017ല്‍ ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അരി, ബ്രെഡ്, ന്യൂഡില്‍സ് പോലുള്ളവ പതിവായി കഴിച്ച ജാപ്പനീസ് സ്ത്രീകളില്‍ നോൺ-ആല്‍ക്കഹോളിക് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
പ്രോട്ടീന്‍ ബാറുകള്‍
ബ്രേക്ക്ഫാസ്റ്റ് മുടക്കിയാൽ ഏറ്റവും എളുപ്പമുള്ള ഒന്നാണ് പ്രോട്ടീൻ ബാറുകൾ. ഫിറ്റ്നസ് ഫ്രീക്കുകളുടെ പ്രിയപ്പെട്ട സ്നാക് കൂടിയായ ഇവ കരൾ ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഗുണകരമല്ല. വൈറ്റ് പ്രോട്ടീന്‍ ബാറുകള്‍ വിത്തുകൾ, ഈത്തപ്പഴം, ധാന്യങ്ങൾ, ഉണക്കിയ പഴങ്ങൾ തുടങ്ങിയ ആരോഗ്യകരമായ ചേരുവകൾ കൊണ്ടാണ് പ്രോട്ടീൻ ബാറുകൾ നിർമിച്ചിരിക്കുന്നത്. എന്നാൽ ഇവയിൽ പഞ്ചസാര അല്ലെങ്കിൽ ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് പോലുള്ള അനാരോഗ്യകരമായതും ചേർക്കുന്നുണ്ട്. ഇവ ഉയർന്ന അളവിൽ കഴിക്കുമ്പോൾ ഫാറ്റി ലിവർ രോഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
നട്സ്
ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ വളരുന്ന ഒരു വിഷാംശമുള്ള ഫംഗസ് ആണ് അഫ്ലാടോക്സിൻ ഫംഗസ്. നിലക്കടല, ബദാം, പിസ്ത, വാൽനട്ട് തുടങ്ങിയ നട്സുകളിലും ക്വിനോവ പോലുള്ള ധാന്യങ്ങളിലും ഇത് ഉയർന്ന അളവിൽ കാണാറുണ്ട്. ഇവ കരളിന് അങ്ങേയറ്റം ദോഷകരമാണ്, ഹെപ്പറ്റൈറ്റിസ്-ബി ഉള്ളവരിൽ ഇത് കരൾ കാൻസറിനുള്ള സാധ്യത ശരാശരിയേക്കാൾ 60 മടങ്ങ് വർധിപ്പിക്കുമെന്ന് ഹെപ്പറ്റൈറ്റിസ് ബി ഫൗണ്ടേഷൻ പറയുന്നു. അതിനാൽ, അവ കുതിർത്ത ശേഷം നന്നതു പോലെ വൃത്തിയാക്കി കഴിക്കുക. മാത്രമല്ല അവ വാങ്ങുന്നതിന്റെ രണ്ട് മൂന്ന് മാസങ്ങൾക്കകം കഴിക്കുന്നതാണ് നല്ലത്.
നോ കലോറി പാനീയങ്ങൾ
ഹെൽത്തി ഡ്രിങ്ക് എല്ലവരും തിരഞ്ഞെടുക്കുന്നതാണ്. എന്നാൽ 2023-ൽ ന്യൂട്രീഷൻ & ഡയബറ്റിസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പഞ്ചസാര ചേർത്ത മധുരമുള്ള പാനീയങ്ങൾ, കുറഞ്ഞതോ കലോറിയില്ലാത്തതോ ആയ പാനീയങ്ങൾ, അല്ലെങ്കിൽ ജ്യൂസ് എന്നിവയുടെ ഉപയോഗം പതിവാക്കുന്നത് നോൺ-ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സ് ആരോഗ്യകരമെന്ന് തോന്നാമെങ്കിലും കരളിന് അത് അത്ര സേയ്ഫ് അല്ല. അവയിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കാമെന്നും ഇത് അമിതമായി കഴിക്കുന്നത് കരളിന് ദോഷകരമാകുമെന്നും ബെയ്‌ലർ കോളജ് ഓഫ് മെഡിസിൻ പറയുന്നു. ഉണക്കമുന്തിരി, ഈത്തപ്പഴം, ഉണക്കിയ ആപ്രിക്കോട്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
മാംസം
ബീഫ്, മട്ടൻ, ബേക്കൺ, സോസേജുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങളിൽ പൂരിത കൊഴുപ്പുകൾ, സോഡിയം, നൈട്രേറ്റുകൾ, മറ്റ് പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിത ഉപഭോഗം കരളിൽ കൊഴുപ്പ് വർധിക്കുന്നതിനും വീക്കം, ഫാറ്റി ലിവർ രോഗം എന്നിവയ്ക്കും കാരണമാകുമെന്ന് 2018 ലെ ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates