12 ഓളം രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യങ്ങളെല്ലാം കർശന ജാഗ്രതയിലാണ്. വിമാനത്താവളങ്ങളിലടക്കം പരിശോധന ആരംഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം നൂറുകടന്നു. കാനഡയ്ക്ക് പിന്നാലെ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ, ഇറ്റലി, അമേരിക്ക, സ്വീഡൻ, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, തുടങ്ങിയ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.
വസൂരി പോലെ, പക്ഷെ തീവ്രത കുറവാണ്
കുരങ്ങുപനി വസൂരിക്ക് സമാനമാണെങ്കിലും ഓർത്തോപോക്സ് എന്നറിയപ്പെടുന്ന വൈറസുകളുടെ ഗണത്തിൽപ്പെടുന്ന മങ്കിപോക്സ് വൈറസിന് തീവ്രത കുറവാണ്. ഇത് സാധാരണയായി ആഫ്രിക്കയിലും ആഫ്രിക്കയിലെ മഴക്കാടുകളിലും ആണ് കാണുന്നത്. പനി, തലവേദന, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻപോക്‌സിലുണ്ടാകുന്നതു പോലെ കുമിളകൾ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. ടിഷ്യു സാമ്പിളുകൾ വഴിയാണ് രോഗനിർണ്ണയം നടത്തുന്നത്. രോഗം ബാധിച്ചാലും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ സ്വയം സുഖപ്പെടും.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരും
പനി പോലുള്ള രോഗലക്ഷണങ്ങൾക്ക് പുറമേ ലിംഫ് ഗ്രന്ഥികളിലെ വീക്കമാണ് കുരങ്ങ് പനിയും വസൂരിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇത് എലി, കുരങ്ങ്, അണ്ണാൻ എന്നീ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരും എന്നതാണ് മറ്റൊരു വ്യത്യാസം. മൃഗത്തിന്റെ രക്തവുമായോ ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ പനി പടരും.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെങ്കിലും അതത്ര സാധാരണമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന സമ്പർക്കത്തിലൂടെയാണ് ഇപ്രകാരം രോഗം പടരുക. മുഖാമുഖ സമ്പർക്കമുണ്ടാകുമ്പോഴാണ് ഒരാളിൽ നിന്ന് മറ്റൊരാൾക്ക് രോഗം കിട്ടുക. ശരീര ദ്രാവകങ്ങളിലൂടെയും രോഗം മറ്റൊരാളിലേക്ക് പടരാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴിയും വൈറസ് പടരാം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates