
ചര്‍മം പ്രായമാകുന്നതിന്റെ സൂചന നല്‍കി തുടങ്ങിയോ? എങ്കില്‍ പ്രായത്തിന് റിവേഴ്‌സ് ഗിയറിടാന്‍ ചില ടെക്‌നിക്കുകളുണ്ട്. വിറ്റാമിന്‍ സി, ഇ, ബീറ്റ കരോറ്റീനി, പോളിഫിനോളുകള്‍, ഫിനോലിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കുന്നതിനൊപ്പം ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തി ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
കൊളാജൻ ഉല്‍പാദനത്തിലും ചര്‍മത്തിന്‍റെ കേടുപാടുകള്‍ പരിഹരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ചര്‍മം പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിക്കും.
തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. സൂര്യതാപം, മലിനീകരണം എന്നിവയുൾപ്പെടെയുള്ള പാരിസ്ഥിതിക സമ്മർദങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ തക്കാളി ദിവസവും ഡയറ്റില്‍ ചേര്‍ക്കാം.
മോണോസാച്ചുറേറ്റഡ് ഫാറ്റ് (MUFA), വിറ്റാമിൻ ഇ, പോളിഫെനോൾസ് എന്നിവയാൽ സമ്പന്നമായ ബദാം ചർമ സംരക്ഷണത്തിന് മികച്ച ഓപ്ഷനാണ്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാന്‍ ദിവസവും ഒരുപിടി ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കാം.
സോയാബീനിൽ ഐസോഫ്ലേവോൺസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ഈസ്ട്രജനുമായി സമാനമായ ഘടനയാണുള്ളത്. കൂടാതെ ഈസ്ട്രജൻ റിസപ്റ്ററുകളുമായി ഇടപഴകാനും കഴിയും. ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ ചർമത്തില്‍ വരൾച്ച, ചുളിവുകൾ, മുറിവ് ഉണങ്ങാന്‍ കാലതാമസം എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. സോയാബീൻ ഡയറ്റില്‍ ചേര്‍ക്കുന്നതു കൊണ്ട് ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടാനും ജലാംശം വർധിപ്പിക്കാനും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.
കൊക്കോയിൽ ഫ്ലേവനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നതിലൂടെയും ചർമത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കൊക്കോ ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates