വെള്ളിക്കെട്ടൻ കടിച്ചാൽ വേദന അറിയില്ല, മൂർഖന്റെ വിഷം ബാധിക്കുക നാഡീവ്യൂഹത്തെ; പാമ്പുകടിയും പ്രഥമശുശ്രൂഷയും, തിരുത്തേണ്ട ചില തെറ്റിദ്ധാരണകളും

മൂർഖന്റെയും വെള്ളിക്കെട്ടന്റെയും വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്.
Snake
snake biteഫയൽ
Updated on
3 min read

തിരുവനന്തപുരം ചിറയിൻകീഴിലും തൃശൂരിലുമായി രണ്ട് കുരുന്നുകളുടെയും, കണ്ണൂരിൽ ഒരു വയോധികയുടെയും ജീവൻ പാമ്പുകടിയേറ്റ് നഷ്ടപ്പെട്ടുവെന്ന വാർത്ത വലിയ വേദനയോടെയാണ് നാം കേട്ടത്. സംസ്ഥാനത്ത് അടുത്തടുത്ത ദിവസങ്ങളിലായി പത്തോളം പേർക്കാണ് പാമ്പുകടിയേറ്റത്.

കേരളത്തിൻ്റെ കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ജനവാസമേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം മുൻപത്തേക്കാൾ വർധിപ്പിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

പാമ്പുകടിയേറ്റാൽ സംഭവിക്കുന്ന മരണങ്ങളിൽ ഭൂരിഭാഗവും കൃത്യസമയത്ത് ആധുനിക വൈദ്യസഹായം ലഭിക്കാത്തതു കൊണ്ടോ, അശാസ്ത്രീയമായ പ്രഥമശുശ്രൂഷകൾ കൊണ്ടോ ആണ് സംഭവിക്കുന്നത്. അന്ധവിശ്വാസങ്ങൾ മാറ്റിവെച്ച്, ശാസ്ത്രീയമായ അറിവിലൂടെയും ജാഗ്രതയിലൂടെയും ഇത്തരം ദുരന്തങ്ങളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും.

കേരളത്തിലെ പ്രധാന വില്ലന്മാർ: 'ദി ബിഗ് ഫോർ'

കേരളത്തിൽ കണ്ടുവരുന്ന പാമ്പുകളിൽ മനുഷ്യജീവന് ഭീഷണിയാകുന്ന പ്രധാന ഇനങ്ങൾ നാലെണ്ണമാണ്: മൂർഖൻ, വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ, അണലി, ചേനത്തണ്ടൻ അഥവാ രക്ത അണലി. ഇവയുടെ വിഷം മനുഷ്യ ശരീരത്തെ പ്രധാനമായും രണ്ട് രീതിയിലാണ് ബാധിക്കുന്നത്. മൂർഖന്റെയും വെള്ളിക്കെട്ടന്റെയും വിഷം നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്.

ഇത് ശ്വാസകോശ പേശികളുടെ പ്രവർത്തനത്തെ സ്തംഭിപ്പിക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യും. എന്നാൽ അണലി വർഗ്ഗങ്ങളുടെ വിഷം രക്തചംക്രമണ വ്യവസ്ഥയെയാണ് ബാധിക്കുന്നത്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുകയും ആന്തരിക രക്തസ്രാവത്തിനും വൃക്കകളുടെ തകരാറിനും കാരണമാവുകയും ചെയ്യുന്നു.

ഒട്ടും നോവിക്കാത്ത കൊലയാളിയാണ് വെള്ളിക്കെട്ടൻ

ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. വെള്ളിക്കെട്ടൻ കടിച്ചാൽ വേദന തീരെ അനുഭവപ്പെടാറില്ല, കടിയേറ്റ ഭാഗത്ത് നീറോ വീക്കമോ മറ്റ് അടയാളങ്ങളോ ഉണ്ടാകില്ല. ഇതുകൊണ്ട് പലരും പാമ്പുകടിയേറ്റത് അറിയാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു.

വളരെ വൈകിയാണ് ഇവർ ആശുപത്രിയിലെത്തുന്നത്. ഇത് അങ്ങേയറ്റം അപകടകരമാണ്. സാധാരണയായി രാത്രിയിൽ ഉറക്കത്തിൽ കടിക്കാറുള്ള ഈ പാമ്പിന്റെ വിഷം നാഡീവ്യൂഹത്തെ വളരെ വേഗം സ്തംഭിപ്പിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത വയറുവേദനയോ സന്ധിവേദനയോ ആയിട്ടാകും ഇതിന്റെ ലക്ഷണങ്ങൾ ആദ്യം പ്രകടമാകുക.

പാമ്പുകടിയുടെ പ്രധാന ലക്ഷണങ്ങൾ

വിഷം ശരീരത്തിൽ പ്രവേശിച്ചാൽ പലവിധ ലക്ഷണങ്ങളും പ്രകടമായേക്കാം. കടിയേറ്റ ഭാഗത്ത് കഠിനമായ വേദന, നീർവീക്കം, നിറവ്യത്യാസം എന്നിവയാണ് പ്രാഥമികമായി അനുഭവപ്പെടുന്നത്. ഇതിനുപുറമെ അമിതമായ ക്ഷീണം, തലകറക്കം, തുടർച്ചയായ ഛർദ്ദി എന്നിവയും ഉണ്ടാകാം.

വിഷബാധയുടെ തീവ്രതയനുസരിച്ച് കൺപോളകൾ തൂങ്ങുക (Ptosis), ശ്വാസതടസ്സം അനുഭവപ്പെടുക, കാഴ്ച മങ്ങുക എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. കൂടാതെ, മുറിവിൽ നിന്നോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നോ (പ്രത്യേകിച്ച് മൂത്രത്തിലൂടെയോ മോണകളിൽ നിന്നോ) നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.

ശാസ്ത്രീയ പ്രഥമശുശ്രൂഷ: പാലിക്കാം 'R.I.G.H.T' പ്രോട്ടോക്കോൾ

പാമ്പുകടിയേറ്റാൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രഥമശുശ്രൂഷാ രീതിയാണിത്.

  • R - Reassurance (ആശ്വാസം നൽകുക): രോഗി ഭയപ്പെടുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും അതുവഴി വിഷം രക്തത്തിലൂടെ വേഗത്തിൽ ശരീരമാകെ പടരാൻ കാരണമാവുകയും ചെയ്യും. അതിനാൽ രോഗിയെ ശാന്തനാക്കുക എന്നത് ഏറ്റവും പ്രധാനമാണ്.

  • I - Immobilize (ചലനം നിയന്ത്രിക്കുക): കടിയേറ്റ ഭാഗം ഒടിവുകൾക്ക് നൽകുന്നതുപോലെ സ്പ്ലിന്റുകൾ (കമ്പോ കാർഡബോർഡോ) ഉപയോഗിച്ച് അനക്കാതെ വയ്ക്കുക. പേശികളുടെ ചലനം വിഷം പടരുന്നത് വേഗത്തിലാക്കും. രോഗിയെ നടത്തിക്കരുത്.

  • G.H - Get to Hospital (ഉടൻ ആശുപത്രിയിലെത്തിക്കുക): ആന്റി സ്നേക്ക് വെനം (ASV) സൗകര്യമുള്ള, വെന്റിലേറ്റർ സജ്ജീകരണമുള്ള ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്രയും വേഗം രോഗിയെ എത്തിക്കുക.

  • T - Tell the Doctor (വിവരങ്ങൾ കൃത്യമായി നൽകുക): പാമ്പിനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറോട് പറയുക. ഇല്ലെങ്കിൽ ലക്ഷണങ്ങൾ കൃത്യമായി വിവരിക്കുക.

ജീവനെടുക്കുന്ന അശാസ്ത്രീയ രീതികൾ

പാമ്പുകടിയേറ്റാൽ ജീവനെടുക്കുന്ന ചില അശാസ്ത്രീയ രീതികൾ കർശനമായും ഒഴിവാക്കേണ്ടതുണ്ട്. കടിയേറ്റ ഭാഗത്തിന് മുകളിൽ ചരടോ തുണിയോ ഉപയോഗിച്ച് മുറുക്കിക്കെട്ടരുത്. ഇത് രക്തയോട്ടം പൂർണ്ണമായും തടയുകയും ആ അവയവം അഴുകിപ്പോകാനും പിന്നീട് അത് മുറിച്ചു മാറ്റേണ്ടി വരാനും കാരണമാകും.

അതുപോലെ തന്നെ സിനിമകളിൽ കാണുന്നതുപോലെ ബ്ലേഡ് കൊണ്ടോ മറ്റോ മുറിവുണ്ടാക്കി രക്തം ഒഴുക്കിക്കളയാനോ, വായ് കൊണ്ട് വിഷം വലിച്ചെടുക്കാനോ ശ്രമിക്കാൻ പാടില്ല. ഇത്തരം പ്രവൃത്തികൾ മുറിവ് പഴുക്കാനും വലിച്ചെടുക്കുന്ന ആളുടെ ശരീരത്തിലേക്ക് കൂടി വിഷം പ്രവേശിക്കാനും കാരണമാകും.

ഇതിനെല്ലാം പുറമെ, മന്ത്രവാദം, പച്ചമരുന്ന്, വിഷക്കല്ല് തുടങ്ങിയ നാട്ടുചികിത്സകൾക്ക് പുറകെ പോയി ജീവൻ രക്ഷിക്കാൻ ലഭ്യമായ വിലപ്പെട്ട സമയം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ആന്റി സ്നേക്ക് വെനം (ASV) അല്ലാതെ മറ്റൊരു മരുന്നും പാമ്പിൻ വിഷത്തിന് ശാസ്ത്രീയമായ പ്രതിവിധിയല്ല എന്ന് എപ്പോഴും ഓർക്കുക.

ചത്ത പാമ്പും അപകടകാരി!

പാമ്പിനെ പിടിക്കാനോ കൊല്ലാനോ സമയം കളയാതെ രോഗിയെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പാമ്പിനെ കൈകൊണ്ട് തൊടുകയോ പിടിക്കുകയോ ചെയ്യരുത്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ചത്ത പാമ്പും അപകടകരമാണ് എന്നതാണ്; വെട്ടിമുറിച്ച തലപോലും റിഫ്ലക്സ് ആക്ഷൻ മൂലം മണിക്കൂറുകളോളം കടിക്കാൻ ശേഷിയുള്ളതാണ്. പാമ്പിനെ തിരിച്ചറിയണമെങ്കിൽ സുരക്ഷിതമായ അകലത്തിൽ നിന്ന് നിരീക്ഷിക്കുകയോ മൊബൈലിൽ ഫോട്ടോ എടുക്കുകയോ മാത്രം ചെയ്യുക.

സുവർണ്ണ മണിക്കൂറും നമ്മുടെ ഉത്തരവാദിത്തവും

പാമ്പുകടിയേറ്റാൽ ആദ്യത്തെ ഒരു മണിക്കൂർ വളരെ നിർണ്ണായകമാണ്. ഈ സുവർണ്ണ മണിക്കൂറിനുള്ളിൽ ആധുനിക ചികിത്സ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാനുള്ള സാധ്യത നൂറ് ശതമാനത്തിനടുത്താണ്. നമ്മുടെ നാട്ടിലെ സർക്കാർ താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള മിക്കവാറും എല്ലാ ആശുപത്രികളിലും പാമ്പിൻ വിഷത്തിനെതിരെയുള്ള ആന്റി സ്നേക് വെനം സൗജന്യമായി ലഭ്യമാണ്.

പരിഭ്രാന്തിയല്ല, ശാസ്ത്രീയമായ അവബോധവും സമയോചിതമായ ഇടപെടലുമാണ് പാമ്പുകടി മരണങ്ങൾ ഒഴിവാക്കാൻ നമുക്കാവശ്യം. ശരിയായ അറിവ് പങ്കുവെക്കാം, ജീവനുകൾ രക്ഷിക്കാം.

Dr. Rinoy Chandran
Dr. Rinoy Chandran.

തയ്യാറാക്കിയത്: ഡോ. റിനോയ് ചന്ദ്രൻ, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി, ആസ്റ്റർ മിംസ് കണ്ണൂർ

Summary

Snake bite first aid and some myths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com