ആസ്‌ത്മ ഉണ്ടെങ്കിൽ 'നോർമൽ ലൈഫ്' ഒക്കെ സ്വപ്നം മാത്രം! തെറ്റിദ്ധാരണകൾ ഒരുപാടുണ്ട്; 5 ഇല്ലാക്കഥകൾ  

എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. ആസ്‌ത്മയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ...  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒരു രോ​ഗമാണ് ആസ്ത്മ. ശ്വാസംമുട്ടൽ, കഫക്കെട്ട്, കുറുങ്ങൽ, വിട്ടുമാറാത്ത ചുമ, ശ്വാസകോശ അണുബാധകൾ എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഇന്ന് ലോക ആസ്ത്മ ദിനമാണ്. രോഗത്തെപ്പറ്റിയുള്ള  അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കാനും തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്‌ത്മ ദിനമായി ആചരിക്കുന്നത്. 

ഇന്ത്യയിൽ തന്നെ ഏകദേശം നാല് കോടിയിലധികം ആസ്തമ രോഗികൾ ഉണ്ടെന്നാണ് കണക്ക്. എങ്കിലും ആസ്ത്മയുമായി ബന്ധപ്പെട്ട് പല തെറ്റദ്ധാരണകളും വ്യാപകമാണ്. പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയുന്ന ഒരു രോഗമാണ് ആസ്ത്മയെന്നും ശരിയായി കൈകാര്യം ചെയ്താൽ ആസ്ത്മയുള്ളവർക്കും സാധാരണ ജീവിതം നയിക്കാനാകുമെന്നും പലർക്കും അറിയില്ല. ആസ്ത്മയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ...

'ഒരിക്കൽ ആസ്ത്മ സ്ഥിരീകരിച്ചാൽ പിന്നെ സാധാരണ ജീവിതമുണ്ടാകില്ല!'

ശരിയായി രോഗനിർണ്ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്താൽ ആസ്ത്മ നിയന്ത്രിക്കാൻ കഴിയുന്ന ഒരു അസുഖമാണ്. ആസ്തമയുള്ള ആളുകൾക്ക് ആസ്തമയില്ലാത്തവരെപ്പോലെതന്നെ ജീവിക്കാൻ കഴിയും. എങ്കിലും ഈ രോഗവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഇപ്പോഴും ആശങ്കയും പേടിയുമൊക്കെ നിലനിൽക്കുന്നുണ്ട്. ആസ്ത്മ, ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന ഒരു അസുഖമല്ല. മാത്രവുമല്ല, രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഫലപ്രദമായ മരുന്നുകളും ഇന്ന് ലഭ്യമാണ്. 

'എല്ലാക്കാലവും മരുന്ന് കഴിക്കേണ്ടിവരും!'

ആസ്ത്മ സ്ഥിരീകരിക്കുന്ന രോഗികൾക്ക്, അവർ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്ന് നൽകുന്നത്. എല്ലാ ആസ്ത്മ രോഗികൾക്കും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരില്ല. ചിലർ പ്രത്യേക കാലാവസ്ഥകളിൽ മാത്രമായിരിക്കും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. ഇവർക്ക് ഈ സമയത്തേക്ക് മാത്രമായിരിക്കും മരുന്നിന്റെ ആവശ്യം. ചിലർക്കാകട്ടെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ മാത്രം മരുന്ന് ഉപയോഗിച്ചാലും മതിയാകും. അതേസമയം, വളരെ തീവ്രമായ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് സ്ഥിരമായി നീണ്ട കാലത്തേക്ക് മരുന്ന് ഉപയോഗിക്കേണ്ടിവരും. 

'ശ്വാസംമുട്ടൽ മാത്രമാണ് ലക്ഷണം'

ഓരോ രോഗിയിലും ആസ്തമയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ചുമ, കഫക്കെട്ട്, ശ്വാസതടസ്സം, നെഞ്ചിൽ ഭാരം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് പൊതുവിൽ കാണുന്ന ലക്ഷണങ്ങൾ. രോഗികൾക്ക് ഇവയിൽ ഒന്നോ അതിലധികമോ ലക്ഷണങ്ങൾ ഉണ്ടാകാം. എല്ലാ ലക്ഷണങ്ങളും ഉണ്ടാകണമെന്നും ഇല്ല. ലക്ഷണങ്ങളിൽ ഒന്നുമാത്രമാണ് ശ്വാസംമുട്ടൽ, എന്നാൽ എല്ലാ ആസ്ത്മ രോഗികൾക്കും ഈ ലക്ഷണം ഉണ്ടാകണമെന്നും ഇല്ല. 

'ഇൻഹേലറുകൾ അഡിക്ഷൻ ഉണ്ടാക്കും, പാർശ്വഫലവുമുണ്ട്!'

ആസ്ത്മ രോഗികളുടെ ശ്വാസനാളികളിലേക്ക് നേരിട്ട് മരുന്നെത്തിക്കാൻ സഹായിക്കുന്ന ഫലപ്രദമായ ഒന്നാണ് ഇൻഹേലർ. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഗുളികകളെയും സിറപ്പിനേക്കാളും ആസ്ത്മ രോഗികൾക്ക് നല്ലത് ഇൻഹേലർ ആണ്. കാരണം, ഗുളികയായോ സിറപ്പായോ കഴിക്കുമ്പോൾ മരുന്ന് ആദ്യം രക്തത്തിലാണ് കലരുന്നത്. രക്തത്തിൽ നിന്നാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മരുന്നെത്തുന്നത്. അങ്ങനെവരുമ്പോൾ ശ്വാസകോശത്തിലേക്ക് മരുന്നിന്റെ ചെറിയ ശതമാനം മാത്രമേ എത്തുകയുള്ളു. എന്നാൽ ആവശ്യമില്ലാത്ത അവയവങ്ങളിലേക്കും മരുന്നെത്തുമെന്നതിനാൽ ഇത് പാർശ്വഫലമുണ്ടാക്കുകയും ചെയ്യും. മറിച്ച്, ഇൻഹേലർ ഉപയോഗിക്കുമ്പോൾ 50ശതമാനം മരുന്നു നേരിട്ട് ശ്വാസനാളിയിലേക്കാണ് എത്തുന്നത്. ഇൻഹേലറുകളിൽ ആസക്തി ഉണ്ടാക്കുന്ന ഒന്നുമില്ലെന്നും ആളുകൾ മനസ്സിലാക്കണം. 

'സപ്ലിമെന്റുകളും അലോപ്പതി അല്ലാത്ത മറ്റ് മരുന്നുകളും ആസ്ത്മയെ സുഖപ്പെടുത്തും'

ആസ്ത്മ എന്നത് പൂർണ്ണമായും മാറ്റാൻ കഴിയില്ലെങ്കിലും പല രോഗികളിലും നിയന്ത്രിക്കാൻ കഴിയുന്ന ഒരു അസുഖമാണ്. സപ്ലിമെന്റുകൾക്കും അലോപ്പതി അല്ലാത്ത മറ്റ് മരുന്നുകൾക്കുമൊന്നും രോഗം പൂർണ്ണമായി തുടച്ചുമാറ്റാൻ കഴിയില്ല. എന്നാൽ, എന്നന്നേക്കുമായി സുഖപ്പെടാൻ വേണ്ടിയുള്ള അന്വേഷണം പലപ്പോഴും രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മരുന്നുകളെ ഉപേക്ഷിച്ച് മറ്റ് ചികിത്സാ രീതികളുടെ പിന്നാലെ പോകാൻ കാരണമാകും. മെച്ചപ്പെട്ട ജീവിതരീതിയും മരുന്നുകളുമെല്ലാം ആസ്ത്മയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഉപാദികളാണ്. യോ​ഗ, മെഡിറ്റേഷൻ, വ്യായാമം, ശരീരഭാരം കുറയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആസ്ത്മയുടെ ലക്ഷണങ്ങളെ കുറച്ചുകൊണ്ടുവരാൻ സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com