

കടയില്‍ പോയാൽ നമ്മുടെ കളറിനും ലുക്കിനും ചേരുന്ന വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുക. എന്നാൽ അത് നമ്മുടെ ചർമത്തിന് പ്രശ്നമുണ്ടാക്കുമോ എന്ന് ചിന്തിക്കുന്നവർ ചുരുക്കമായിരിക്കും. ചില തുണിത്തരങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കാം. ഇപ്പോൾ മുൻപ് അപൂർവമായിരുന്ന ടെക്‌സ്‌റ്റൈല്‍ ഡെര്‍മറ്റൈറ്റിസ് ബാധിതരുടെ എണ്ണം ഇന്ന് വർധിച്ചിരിക്കുകയാണെന്ന് ത്വക്ക് രോഗ വിദഗ്ധർ പറയുന്നു.
സിന്തറ്റിക് ഫൈബർ മറ്റീരിയലുകളിൽ നിർമിക്കുന്ന തുണിത്തരങ്ങളാണ് കൂടുതൽ പ്രശ്നക്കാർ. ഇവയുടെ പ്രത്യേകത, ഇവ പെട്ടെന്ന് ചൂടുപിടിക്കുകയും വിയർപ്പ് ആഗിരണം ചെയ്യാനുള്ള കഴിവില്ലെന്നതുമാണ്. ഇത് ചർമത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാം. ചൊറിച്ചിൽ, ഉരസിയുള്ള മുറിവുകൾ എന്നിവയിലേക്ക് നയിക്കാം. ഇതിന് പകരം, കോട്ടണോ, ബാംബൂവോ, ലിനനോ തിരഞ്ഞെടുക്കാവുന്നതാണ്.
വായുസഞ്ചാരം ഉറപ്പുവരുത്തുന്നവയാണിത്. ഇതിന് വിയര്‍പ്പ് ആഗിരണം ചെയ്യാന്‍ കഴിയും. മാത്രമല്ല കെമിക്കലുകള്‍ കുറവാണ്. പോക്കറ്റ് ഫ്രണ്ട്ലി ആയ പോളിസ്റ്റർ, നൈലോൺ, സ്പാൻഡെക്സ്, വസ്ത്രങ്ങൾ, ചർമത്തിന് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.
തുണിത്തരങ്ങളില്‍ പ്രൊസസിങ്ങിനായി ഉപയോഗിക്കുന്ന ഡൈ, റെസിന്‍, കെമിക്കല്‍ ഫിനിഷ് എന്നിവയും പ്രശ്നമാകാറുണ്ട്. അത് ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കാം. തുണി ചുളിയുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് റെസിന്‍, അസോ, ഡിസ്‌പേഴ്‌സ് ഡൈ, ഇലാസ്റ്റിക് സ്പാന്‍ഡെക്‌സ് എന്നിവയെല്ലാം ചിലർക്ക് അസ്വസ്ഥകൾ ഉണ്ടാക്കാം.
മാത്രമല്ല, ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ദേഹത്തുരഞ്ഞ് റാഷസ് വരുത്താം. ചൊറിച്ചിൽ, ചർമം ചുവന്ന് തടിക്കുക, കുമിളകൾ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ പലരും അണുബാധയെന്ന് തെറ്റിദ്ധരിക്കാറുണ്ട്. കൂടാതെ കടയിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങൾ നല്ല രീതിയിൽ അലക്കി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. കഴുകാൻ കെമിക്കൽ അധികം അടങ്ങിയ വാഷിങ് പൗഡറുകൾ ഒഴിവാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
